രൺവീർ സിംഗ് ചിത്രത്തിന് കോടതിയുടെ പച്ചക്കൊടി; നിയമപ്രകാരമുള്ള മുന്നറിയിപ്പ് നൽകിയാൽ ചിത്രം പ്രദർശിപ്പിക്കാം

ചിത്രത്തിന്‍റെ ട്രൈലർ ഉൾപ്പെടെയുള്ള രംഗങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമ്പോഴും ഈ മുന്നറിയിപ്പ് നിർബന്ധമായും നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്

Written by - Ajay Sudha Biju | Edited by - Akshaya PM | Last Updated : May 10, 2022, 07:55 PM IST
  • ചിത്രം മേയ് 13 നാണ് തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്
  • വൈകാരികമായ രംഗങ്ങളോടൊപ്പം നിരവധി നർമ്മ രംഗങ്ങളും അടങ്ങിയതാകും ഈ ചിത്രമെന്നാണ് ട്രൈലർ നൽകുന്ന സൂചന
  • യാഷ് രാജ് ഫിലിംസിന്‍റെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തിൽ ശാലിനി പാണ്ഡെയാണ് നായികയായി അഭിനയിക്കുന്നത്
രൺവീർ സിംഗ് ചിത്രത്തിന് കോടതിയുടെ പച്ചക്കൊടി; നിയമപ്രകാരമുള്ള മുന്നറിയിപ്പ് നൽകിയാൽ ചിത്രം പ്രദർശിപ്പിക്കാം

ഗർഭസ്ഥ ശിശുവിന്‍റെ ലിംഗ നിർണ്ണയം നടത്തുന്ന രംഗം ഉള്ളതിനാൽ രൺവീർ സിംഗ് നായകനായി എത്തുന്ന 'ജയേഷ്ഭായി ജോർദാർ' ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന ഹർജിയിൽ ഇന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരം രംഗങ്ങൾ  പ്രദർശിപ്പിക്കുന്ന സമയത്ത് നിയമപരമായുള്ള മുന്ന‌റിയിപ്പ് കൂടി പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥയിലാണ് ചിത്രത്തിന് പ്രദർശനാനുമതി നല്‍കിയത്.

ആദ്യം ചീഫ് ജസ്റ്റിസ് വിപിൻ സിംഗ് അധ്യക്ഷനായ ബെഞ്ച്,  'ജയേഷ്ഭായി ജോർദാറിലെ' പ്രസ്തുത രംഗം കോടതി മുൻപാകെ പ്രദർശിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ചിത്രത്തിന്‍റെ പ്രദർശനം തടയണമെന്ന നിലപാടാണ് സ്വീകരിച്ചത്. ‌ എന്നാൽ പിന്നീട് ഡൽഹി ഹൈക്കോടതിയിലെ ബാർ ആന്‍റ് ബെഞ്ച് സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് ഇപ്പോൾ ചിത്രത്തിന്‍റെ പ്രദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്. 

ചിത്രത്തിലെ ട്രൈലറും പ്രസക്തമായ ദൃശ്യങ്ങളും പരിശോധിച്ചത് പ്രകാരം ഈ രംഗങ്ങൾ പ്രദർശിപ്പിക്കുന്ന ഭാഗങ്ങളിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പ് പ്രദർശിപ്പിക്കണമെന്ന തീരുമാനത്തിലേക്ക് കോടതി എത്തുകയായിരുന്നു.  ജസ്റ്റിസ് നവീൻ ചൗളയും ജസ്റ്റിസ് മനോജ് കുമാറും അധ്യക്ഷത വഹിച്ച സമിതിയാണ് പുതിയ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രത്തിന്‍റെ ട്രൈലർ ഉൾപ്പെടെയുള്ള രംഗങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമ്പോഴും ഈ മുന്നറിയിപ്പ് നിർബന്ധമായും നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

file

 'ജയേഷ്ഭായി ജോർദാർ' എന്ന രൺവീർ സിങ്ങിന്‍റെ ഏറ്റവും പുതിയ ചിത്രം മേയ് 13 നാണ് തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. യാഷ് രാജ് ഫിലിംസിന്‍റെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തിൽ ശാലിനി പാണ്ഡെയാണ് നായികയായി അഭിനയിക്കുന്നത്. ബൊമൻ ഇറാനി, രത്‌ന പഥക് ഷാ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. 

ഒരു ഗുജറാത്തി ഗ്രാമ പ്രമാണികൾ ആയ മാതാപിതാക്കൾ തന്‍റെ മകന് ഒരു ആൺകുട്ടി ജനിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ മകന്‍റെ ഭാര്യ രണ്ടാമത് ജന്മം നൽകാൻ പോകുന്നതും ഒരു പെൺകുഞ്ഞിനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അവർ ആ കുഞ്ഞിനെ ഗർഭച്ഛിദ്രം നടത്താൻ തീരുമാനിക്കുന്നു. ഇത് എന്ത് വിലകൊടുത്തും തടയാൻ മകനും ഭാര്യയും നടത്തുന്ന പോരാട്ടമാണ് 'ജയേഷ്ഭായി ജോർദാർ' എന്ന ചിത്രത്തിന്‍റെ പ്രമേയം. 

വൈകാരികമായ രംഗങ്ങളോടൊപ്പം നിരവധി നർമ്മ രംഗങ്ങളും അടങ്ങിയതാകും ഈ ചിത്രമെന്നാണ് ട്രൈലർ നൽകുന്ന സൂചന. സമൂഹത്തിൽ ഇന്നും നില നിൽക്കുന്ന അനാചാരങ്ങൾ പച്ചയായി തുറന്ന് കാണിക്കാൻ ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് പോലെയുള്ള ഗർഭസ്ഥ ശിശുവിന്‍റെ ലിംഗ നിർണ്ണയം നടത്തുന്ന രംഗങ്ങൾ അനിവാര്യമാണെന്നാണ് സിനിമയുടെ നിർമ്മാതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ജയന്ത് മേത്ത കോടതിക്ക് മുൻപാകെ വാദിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News