പ്രഖ്യാപനം മുതൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് പ്രഭാസ് നായകനാകുന്ന ആദിപുരുഷ്. രാമ–രാവണ യുദ്ധം പശ്ചാത്തലമാക്കി ഓം റൗട്ട് ഒരുക്കുന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തീയേറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന് പ്രഖ്യാപനം വന്നതിന് പിന്നാലെ വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉണ്ടായത്.
ഇപ്പോഴിതാ അത്തരത്തിൽ ഹനുമാൻ സിനിമ കാണാൻ വന്ന തരത്തിലുള്ള വീഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സിനിമ പ്രദർശിപ്പിക്കുന്ന വിവിധ തീയേറ്ററുകളിൽ ആളുകൾ ഹനുമാനുമായി എത്തുകയും പഴം, പൂക്കൾ തുടങ്ങി പൂജാ സാധനങ്ങളുമായി ചടങ്ങുകളോടെ ഹനുമാൻ ശിൽപ്പത്തെ സീറ്റിൽ വെക്കുന്നതും കാണാം.
കൂടാതെ ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ടും സീറ്റിൽ വിരിച്ചിട്ടുണ്ട്. ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’ എന്ന് കുറിച്ച് കൊണ്ടാണ് പലരും വിഡിയോ പങ്കുവയ്ക്കുന്നത്. ഹനുമാന്‍ ചിത്രം കാണാന്‍ വരും എന്ന വിശ്വാസത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. വിശ്വാസ പ്രകാരം, രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ചിരഞ്ജീവിയായ ഹനുമാന്റെ സാന്നിധ്യമുണ്ടാകും. അതിനാല്‍ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലും ഹനുമാന്‍ എത്തുമെന്ന് അണിയറക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
Arya Vidya Mandir school, Mumbai, kids watching morning show of #Adipurush starting with Bajarang Bali sthapana#JaiShriRam #JaiBajarangBali #Adipurush pic.twitter.com/rUmTUDqgUV
— #Adipurush (@rajeshnair06) June 16, 2023
വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. അതിന്‍റെ 85 ശതമാനത്തോളം, റിലീസിനു മുന്‍പു തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ‘താനാജി’ക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ് ചിലവഴിച്ചത്. പ്രഭാസിന്റെ മാത്രം പ്രതിഫലം 120 കോടിയാണ്. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.