KK No More: പ്രണയ സാഫല്യത്തിന് സെയില്‍സ് മാന്റെ ജോലി... കെകെ എന്ന കൃഷ്ണകുമാറിനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത സത്യങ്ങള്‍

പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുമ്പോഴും കെകെയെ കുറിച്ച് പലര്‍ക്കും പലതും അറിയില്ലായിരുന്നു. ഒരു ഗായകന്‍ എന്ന നിലയിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച അത്ര എളുപ്പമുള്ളതും ആയിരുന്നില്ല

Written by - Zee Malayalam News Desk | Last Updated : Jun 1, 2022, 12:36 PM IST
  • മലയാളിയാണെങ്കിലും കെകെ മലയാളത്തിൽ പാടിയത് ഒരേയൊരു പാട്ട് മാത്രമാണ്
  • ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ആളായിരുന്നു കെകെ
  • ദില്ലിയിൽ നിന്ന് മുംബൈയിലേക്കുള്ള മാറ്റമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്
KK No More: പ്രണയ സാഫല്യത്തിന് സെയില്‍സ് മാന്റെ ജോലി... കെകെ എന്ന കൃഷ്ണകുമാറിനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത സത്യങ്ങള്‍

കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് ഇനിയില്ല എന്ന സത്യം ആരാധകര്‍ക്ക് ഇപ്പോഴും അംഗീകരിക്കാന്‍ ആയിട്ടില്ല. അപ്രതീക്ഷിതം എന്ന് പോലും വിശേഷിപ്പിക്കാന്‍ ആവില്ല ആ മരണം. ഒരു അശനിപാതം പോലെ ആയിരുന്നു അത് സംഭവിച്ചത്. ബോളിവുഡ് ആയിരുന്നു കെകെയുടെ പ്രധാന മേഖലയെങ്കിലും മലയാളികള്‍ക്ക് അദ്ദേഹം ഏറെ പ്രിയപ്പെട്ടവനായിരുന്നു. കേരളത്തില്‍ ജനിക്കുകയോ വളരുകയോ ചെയ്തിട്ടില്ലാത്ത ഒരുഗ്രന്‍ മലയാളി...

പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുമ്പോഴും കെകെയെ കുറിച്ച് പലര്‍ക്കും പലതും അറിയില്ലായിരുന്നു. ഒരു ഗായകന്‍ എന്ന നിലയിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച അത്ര എളുപ്പമുള്ളതും ആയിരുന്നില്ല. കൃഷ്ണകുമാര്‍ കുന്നോത്തിനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ നോക്കാം...

1. മാതാപിതാക്കള്‍ മലയാളികള്‍ ആയതുകൊണ്ട് മലയാളിയായ ആളാണ് കൃഷ്ണകുമാര്‍. അദ്ദേഹത്തിന് മലയാളം എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. എന്നാല്‍ ഭംഗിയായി മലയാളം സംസാരിക്കുമായിരുന്നു. 

2. സംഗീതത്തിലേക്ക് തിരിയുന്നതിന് മുമ്പ് അദ്ദേഹം മറ്റ് പല ജോലികളും ചെയ്തിട്ടുണ്ട്. ഹോട്ടല്‍ മേഖലയില്‍ ആയിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. ദില്ലി ജീവിതത്തിലായിരുന്നു ഈ ജോലി.

Read Also: ഗായകൻ കെകെയുടെ മരണം; മുഖത്തും തലയിലും മുറിവേറ്റ പാടുകൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

3. പ്രണയ സാഫല്യത്തിനായി ഒരു ജോലി അത്യാവശ്യമായി വന്ന ഘട്ടത്തില്‍ സെയില്‍സ് മാന്‍ ആയും കെകെ ജോലി ചെയ്തിട്ടുണ്ട്. ബാല്യകാല സഖിയായ ജ്യോതിയെ ആയിരുന്നു കെകെ വിവാഹം കഴിച്ചത്. കെകെയുടെ സംഗീത സ്വപ്‌നങ്ങള്‍ക്ക് ശരിക്കും നിറം പകര്‍ന്നത് ജ്യോതിയായിരുന്നു എന്ന് അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ജ്യോതിയും സ്വന്തം പിതാവും നല്‍കിയ ആത്മവിശ്വാസത്തിലാണ് സെയില്‍സ് ജോലി ഉപേക്ഷിച്ച് കെകെ സംഗീതത്തിന്റെ വഴിയിലേക്ക് ഇറങ്ങുന്നത്.

4. കെകെയുടെ സംഗീത ജീവിതം കൂടുതല്‍ സജീവമായത് മുംബൈയില്‍ എത്തിയതിന് ശേഷമാണ്. അതിന് വഴിവച്ചതാകട്ടെ വെറ്ററന്‍ ഗായകനായ ഹരിഹരനും. ദില്ലിയില്‍ വച്ച് ഒരിക്കല്‍ കണ്ടുമുട്ടിയപ്പോള്‍ ഹരിഹരന്‍ ആയിരുന്നത്രെ മുംബൈയിലേക്ക് മാറാന്‍ പ്രോത്സാഹിപ്പിച്ചത്.

5.  ശാസ്ത്രീയമായി സംഗീതം പഠിക്കാത്ത ആളായിരുന്നു കെകെ. പാട്ടുകള്‍ വെറുതേ കേട്ടുപഠിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. കിഷോര്‍ കുമാറും ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല എന്ന അറിവ് അദ്ദേഹത്തിന് ഏറെ പ്രചോദനം നല്‍കുകയും ചെയ്തു.

6. മൂവായിരത്തി അഞ്ഞൂറിലധികം ജിങ്കിളുകളാണ് കെകെ പരസ്യങ്ങള്‍ക്കായി പാടിയിട്ടുള്ളത്. ഇതെല്ലാം ബോളിവുഡില്‍ ഗായകനാകും മുമ്പായിരുന്നു. ആദ്യ ആല്‍ബമായ പല്‍ ആയിരുന്നു കെകെയ്ക്ക് വലിയ ബ്രേക്ക് നല്‍കിയത്.

7. ആരും ഇഷ്ടപ്പെടുന്ന ഗായകന്‍, ഹേറ്റ്‌ഴ്‌സ് ഇല്ല എന്ന് തന്നെ പറയാം. പാടിയ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റുകള്‍. എന്നാല്‍ മറ്റ് ബോളിവുഡ് ഗായകരെ പോലെ, അവാര്‍ഡുകള്‍ കെകെയെ തേടി വന്നില്ല. കരിയറില്‍ അഞ്ചില്‍ താഴെ അവാര്‍ഡുകളേ അദ്ദേഹത്തിന് ലഭിച്ചുള്ളു.

8. മലയാളിയായ മാതാപിതാക്കളുടെ മലയാളം അറിയുന്ന മകനായിരുന്നു കെകെ. ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ ശബ്ദത്തിന് കാതോര്‍ത്തപ്പോഴും മലയാളത്തില്‍ ഒരേയൊരു പാട്ട് മാത്രമായിരുന്നു കെകെ പാടിയത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News