ലെസ്ബിയൻ പ്രണയം; ആ സീനിന് കുവൈറ്റിൽ വിലക്ക് !

 സിനിമയിൽ ലെസ്ബിയൻ റൊമാൻസിനെ സൂചിപ്പിക്കുന്ന ഒരു രംഗത്തിനാണ് കുവൈറ്റ് സെൻസർ ബോഡ് കത്തി വച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 15, 2022, 02:16 PM IST
  • ചിത്രത്തിലെ 10 സെക്കന്‍റ് രംഗം കുവൈറ്റ് സെൻസർ ബോഡ് കട്ട് ചെയ്തു
  • വെള്ളിയാഴ്ച്ചയാണ് ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്തത്
  • എൽ.ജി.ബി.ടി.ക്യു രംഗങ്ങൾ കർശനമായി വിലക്കുന്നവരാണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ
ലെസ്ബിയൻ പ്രണയം;  ആ സീനിന് കുവൈറ്റിൽ വിലക്ക് !

ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ എന്ന ചിത്രത്തിലെ 10 സെക്കന്‍റ് രംഗം കുവൈറ്റ് സെൻസർ ബോഡ് കട്ട് ചെയ്തു. ഈ വെള്ളിയാഴ്ച്ചയാണ് ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്തത്. എന്നാൽ ഈ ചിത്രം കുവൈറ്റിലെ തീയറ്ററുകളിൽ പ്രദർശിപ്പിച്ചത് ഒരു പ്രത്യേക രംഗം ഇല്ലാതെയാണ്. സിനിമയിൽ ലെസ്ബിയൻ റൊമാൻസിനെ സൂചിപ്പിക്കുന്ന ഒരു രംഗത്തിനാണ് കുവൈറ്റ് സെൻസർ ബോഡ് കത്തി വച്ചിരിക്കുന്നത്. ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ എന്ന ചിത്രത്തിലെ ഡോറാ മിലാജെ എന്ന ഫീമൈൽ വാരിയേഴ്സിലെ രണ്ട് കഥാപാത്രങ്ങൾക്കിടയിലായിരുന്നു ഇത്തരമൊരു രംഗം കാണാൻ സാധിച്ചത്. 

ചിത്രത്തില്‍ ഒരു പ്രത്യേക രംഗത്തിൽ മിക്കേല കോൾ അവതരിപ്പിച്ച അനേക എന്ന കഥാപാത്രവും ഫ്ലോറൻസ് കുസുംബ അവതരിപ്പിച്ച ആയോ എന്ന കഥാപാത്രവും പരസ്പരം ചുംബിക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗമാണ് കുവൈറ്റിലെ തീയറ്ററുകളിൽ വിലക്കിയത്. എൽ.ജി.ബി.ടി.ക്യു രംഗങ്ങൾ കർശനമായി വിലക്കുന്നവരാണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ. മത നിയമം നിലനിൽക്കുന്ന ഈ രാജ്യങ്ങളിൽ വ്യക്തികൾക്കിടയിൽ ഇത്തരം ബന്ധങ്ങൾ വച്ച് പുലർത്തുന്നതും ശിക്ഷാർഹമാണ്. എന്നാൽ ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറിൽ അനേകയ്ക്കും ആയോക്കും പരസ്പരമുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. 

ഇതിൽ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തിന്‍റെ നെറ്റിയിൽ സ്നേഹത്തോടെ ചുംബിക്കുന്നതായിരുന്നു കുവൈറ്റിൽ വിവാദമായ രംഗം. എന്നാൽ കുവൈറ്റ് ഒഴിച്ചുള്ള മറ്റൊരു മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും ചിത്രത്തിലെ ഈ രംഗം കട്ട് ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കുവൈറ്റിനേപ്പോലെ തന്നെ എൽ.ജി.ബി.ടി.ക്യു രംഗങ്ങളോട് ഇതിന് മുൻപ് മുഖം തിരിച്ചിട്ടുള്ള സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ബഹറിൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ ഈ ചുംബന രംഗവും ഉൾപ്പെടുത്തിയാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ഇതിന് മുൻപ് മാർവലിന്‍റെ തന്നെ എറ്റേണൽസ്, ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് എന്നീ ചിത്രങ്ങള്‍ എൽ.ജി.ബി.ടി.ക്യു കണ്ടന്‍റിന്‍റെ പേരിൽ ഈ രാജ്യങ്ങളിൽ വിലക്കിയിരുന്നു. 

എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറിലെ രംഗം യാതൊരു പ്രശ്നവും കൂടാതെ ഭൂരിഭാഗം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും പ്രദർശിപ്പിച്ച് വരുകയാണ്. അതേ സമയം എൽ.ജി.ബി.ടിക്യു കണ്ടന്‍റ് ഇല്ലാത്ത ചില രംഗങ്ങളും കുവൈറ്റിൽ കട്ട് ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന സൂചന. ഉദാഹരണത്തിന് ചിത്രത്തിൽ മ് ബാക്കു എന്ന കഥാപാത്രം 'നേമോർ എന്ന വില്ലൻ അയാളുടെ ജനങ്ങൾക്ക് രാജാവിനെപ്പോലെയാണെന്ന്' പറയുന്ന ഡയലോഗ് കുവൈറ്റിൽ കട്ട് ചെയ്തു. മറ്റ് കട്ട് ചെയ്ത രംഗങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെയും പുറത്ത് വന്നിട്ടില്ല. എന്നാൽ യാതൊരു പ്രകോപനവും ഇല്ലാത്ത ഇത്തരം രംഗങ്ങൾ കുവൈറ്റിൽ കട്ട് ചെയ്തത് ഭൂരിഭാഗം മാർവൽ ആരാധകരും അതിശയത്തോടെയാണ് നോക്കിക്കാണുന്നത്. 

എന്തായാലും കുവൈറ്റിൽ താമസമാക്കിയ വിദേശികളായ നിരവധി മാർവൽ ആരാധകർക്ക് ഇത് ഒരു നിരാശ പകരുന്ന വാർത്തയാണ്.  കുവൈറ്റിന്‍റെ ഈ നടപടിയെക്കുറിച്ച് പ്രതികരിക്കാൻ മാർവൽ സ്റ്റുഡിയോസോ ഡിസ്നിയോ ഇതുവരെയും തയ്യാറായിട്ടില്ല. ഇതേ സമയം ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറിന് ഗംഭീര കളക്ഷൻ റിപ്പോട്ടുകളാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്നത്. റിലീസ് ചെയ്ത ഫസ്റ്റ് വീക്കെന്‍റിൽ ചിത്രം സ്വന്തമാക്കിയത് 330 മില്ല്യൺ യു.എസ് ഡോളേഴ്സാണ്. ഇന്ത്യൻ മണി ഏകദേശം 2700 കോടിയോളം വരും ഈ തുക. ഇന്ത്യയിലും വക്കാണ്ടാ ഫോറെവർ നല്ല കളക്ഷൻ ഫിഗേഴ്സ് റിപ്പോട്ട് ചെയ്യുന്നുണ്ട്.

 ഓപ്പണിങ്ങ് വീക്കെന്‍റിൽ 50 കോടി രൂപ ഇന്ത്യൻ നെറ്റ് കളക്ഷനായി ചിത്രം നേടി. വക്കാണ്ടാ ഫോറെവർ ഈ രീതിയിൽ മികച്ച റണ്ണിങ്ങ് തുടരുകയാണെങ്കിൽ ആദ്യ ഭാഗമായ ബ്ലാക്ക് പാന്തറിന്‍റെ കളക്ഷൻ ബ്രേക്ക് ചെയ്യുമെന്ന് ഉറപ്പാണ്. കുവൈറ്റില്‍ ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറിലെ രംഗങ്ങൾ കട്ട് ചെയ്തതിനെക്കുറിച്ചും ചിത്രത്തിന്‍റെ കളക്ഷനെയും കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണെന്ന് കമന്‍റ് ബോക്സിൽ രോഖപ്പെടുത്തൂ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 
 

Trending News