സിനിമയിൽ വർഗീയതയോ ജാതിയോ മതമോ രാഷ്ട്രീയമോ കാണാതിരിക്കുക, വിദ്വേഷവിഷം കലക്കാതെ ആസ്വദിക്കാനായാൽ സിനിമ എപ്പോഴും ഏറ്റവും നല്ല വിനോദം തന്നെയാണെന്ന് പ്രൊഡക്ഷൻ കൺട്രോളറും പ്രൊഡ്യൂസറുമായ എൻഎം ബാദുഷ. മാളികപ്പുറം സിനിമയെ കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കുകയായിരുന്നു അദ്ദേഹം. മാളികപ്പുറം വളരെ മികച്ച സിനിമയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന, കുടുംബ സമേതം ധൈര്യമായി കാണാവുന്ന സിനിമയെന്ന് നിസംശയം പറയാമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ഡിസംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മാളികപ്പുറം. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.
എൻഎം ബാദുഷയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ? നമുക്ക് ആവശ്യമുള്ള സമയത്ത് മനുഷ്യ രൂപത്തിൽ നമ്മെ സഹായിക്കുന്നവനാണ് യഥാർഥ ദൈവം.
മാളികപ്പുറം കണ്ടു. വളരെ മികച്ച സിനിമ. 2022 ൻ്റെ അവസാനമായി ഇറങ്ങിയ ഈ സിനിമ ഇപ്പോഴും പ്രേക്ഷകരുടെ പ്രീതി ഏറ്റുവാങ്ങി മുന്നേറുകയാണ്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന, കുടുംബ സമേതം ധൈര്യമായി കാണാവുന്ന സിനിമയെന്ന് നിസംശയം പറയാം. മാളികപ്പുറത്തിലെ കഥാപാത്രങ്ങൾ ഒന്നും മനസിൽ നിന്ന് മായുന്നില്ല.
ഉണ്ണി മുകുന്ദൻ, എ റിയൽ ഹീറോ, അടിപൊളിയായിട്ടുണ്ട്.
സൈജു കുറുപ്പ്, രമേഷ് പിഷാരടി എന്നിവരും ഗംഭീരമാക്കി.
എടുത്തു പറയേണ്ട പ്രകടനമാണ് ബാലതാരങ്ങളായ പീയൂഷിൻ്റെയും കല്ലുവിൻ്റെയും. അവരുടെ മുഖം കണ്ണിൽ നിന്നു മായുന്നേയില്ല.
ഇത്തരത്തിലൊരു ചിത്രമൊരുക്കാൻ മുമ്പോട്ടു വന്ന നിർമാതാക്കളായ ആൻ്റോ ജോസഫിനും വേണു കുന്നപ്പള്ളിക്കും ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്. അച്ഛൻ്റെ പാത പിന്തുടർന്ന് മികച്ച സിനിമയുമായി മകൻ വിഷ്ണു ഉത്തരവാദിത്വം അസ്സലായി നിർവഹിച്ചു.
രചയിതാവ് അഭിലാഷിനും സംഗീത സംവിധായകൻ രഞ്ജനും അഭിമാനിക്കാവുന്ന ചിത്രം . അങ്ങനെ എല്ലാത്തരത്തിലും മികവ് പുലർത്തിയ ഒന്നാം തരം feel good ചിത്രമാണ് മാളികപ്പുറം.
അവസാനമായി ഒരു വാക്ക്:
സിനിമയെ വിനോദോപാധിയായി മാത്രം കാണുക. അതിൽ വർഗീയതയോ ജാതിയോ മതമോ രാഷ്ട്രീയമോ കാണാതിരിക്കുക.
വിദ്വേഷവിഷം കലക്കാതെ ആസ്വദിക്കാനായാൽ സിനിമ എപ്പോഴും ഏറ്റവും നല്ല വിനോദം തന്നെ.
ALSO READ: പറയാൻ ബാക്കി വെച്ചത് തുടരും! ; മാളികപ്പുറത്തിന് രണ്ടാം ഭാഗമോ?
വമ്പൻ കളക്ഷനാണ് കഴിഞ്ഞ 10 ദിവസമായി ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകർക്കാണ് ചിത്രം ഏറ്റവുമധികം ഇഷ്ടപ്പെട്ടതെന്ന് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്. കേരള ബോക്സോഫീസ് ട്വിറ്ററിൽ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിൽ നിന്നും 9 ദിവസത്തെ കളക്ഷൻ മാത്രം 8.1 കോടിയാണ്. വേൾഡ് വൈഡ് കളക്ഷനാകട്ടെ 10 കോടി കവിഞ്ഞു. ചിത്രത്തിൻറെ ആദ്യ മൂന്ന് ദിവസത്തെ കേരളത്തിലെ കളക്ഷൻ 2.62 കോടിയാണ്.
ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോസ് സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തീയേറ്ററുകളിൽ പ്രദർശനം അവസാനിപ്പിച്ചതിന് ശേഷം ഉടൻ തന്നെ ഒടിടിയിലെത്തും. ഫെബ്രുവരിയിൽ ചിത്രത്തിന്റെ ഒടിടി റിലീസ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മാളികപ്പുറത്തിൻറെ തമിഴ് , തെലുഗ് പതിപ്പുകൾ ജനുവരി 6-നും തീയേറ്ററുകളിൽ എത്തും.വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. കല്യാണിയും ഉണ്ണിയും എന്ന എട്ടു വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ് ,മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്ബത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...