മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പത്മഭൂഷണ്‍ ബഹുമതി ലഭിച്ച മലയാള ചലച്ചിത്ര താരം മോഹന്‍ലാലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി.  

Last Updated : Jan 26, 2019, 05:02 PM IST
മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: പത്മഭൂഷണ്‍ ബഹുമതി ലഭിച്ച മലയാള ചലച്ചിത്ര താരം മോഹന്‍ലാലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി.  

തന്‍റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി തന്‍റെ അഭിനന്ദനം അറിയിച്ചത്. 'പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച പ്രിയ ലാലിന് അഭിനന്ദനങ്ങള്‍’- മോഹന്‍ലാലിന്‍റെ ചിത്രം പങ്ക് വെച്ചുക്കൊണ്ട് മമ്മൂട്ടി കുറിച്ചു. 

നിത്യഹരിത നായകന്‍ പ്രേം നസീറിന് ശേഷം പത്മഭൂഷണ്‍ ബഹുമതി ലഭിക്കുന്ന മലയാളി ചലച്ചിത്ര താരമാണ് മോഹന്‍ലാല്‍. 1983ലാണ് പ്രേംനസീറിന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്. അഞ്ച് മലയാളികള്‍ക്കാണ് ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

മോഹന്‍ലാലിനെ കൂടാതെ ഐഎസ്ആര്‍ഒ മുന്‍ശാസത്രജ്ഞന്‍ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ കെ ജി ജയന്‍, പുരാവസ്തുവിദഗ്ദ്ധന്‍ കെ കെ മുഹമ്മദ്, ശിവഗിരിമഠം മേധാവി വിശുദ്ധാനദ്ധ എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി.

അന്തരിച്ച ഹിന്ദി നടന്‍ കാദര്‍ ഖാന്‍ (മരണാനന്തരം) ഉള്‍പ്പെടെ 94 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്. 

ബോളിവുഡ് നടന്‍ മനോജ് വാജ്‌പേയ്, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, തമിഴ് നടന്‍ പ്രഭു ദേവ, ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, ഡ്രമ്മിസ്റ്റ് ശിവമണി, ഗുസ്തി താരം ബജ്‌രംഗ് പുനിയ തുടങ്ങിയവരും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

നാടന്‍ കലാകാരന്‍ തീജന്‍ ബായ്, കിഴക്കന്‍ ആഫ്രിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകന്‍ ഇസ്മായില്‍ ഉമര്‍ ഗുലെ, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ കമ്പനി ചെയര്‍മാന്‍ അനില്‍ മണിഭായ് നായിക്, മറാഠി നാടകാചാര്യന്‍ ബല്‍വന്ത് മൊറേശ്വര്‍ പുരന്ദരെ എന്നിവര്‍ക്കാണു പത്മവിഭൂഷണ്‍ പുരസ്‌കാരം.

 

 

 

 

Trending News