മമ്മൂട്ടിയും ജിയോ ബേബിയും ആദ്യമായി ഒന്നിക്കുന്നു; നായിക ജ്യോതിക?

Mammootty Upcoming Movies : ബിലാൽ തുടങ്ങിയ ചിത്രങ്ങൾ മമ്മൂട്ടിയുടേതായി പ്രഖ്യാപിച്ചിരുന്നെങ്കിലും അവയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനാൽ താരം ജിയോ ബേബിക്ക് ഡേറ്റ് നൽകുകയായിരുന്നുയെന്ന് വിവിധ വൃത്തങ്ങൾ സൂചിപ്പിക്കുന്നു

Written by - Jenish Thomas | Last Updated : Sep 29, 2022, 09:08 PM IST
  • അടുത്ത മാസം ഒക്ടോബർ മധ്യത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
  • കൊച്ചിയിലും തൊടുപ്പുഴയിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുക.
  • മമ്മൂട്ടി ഇത്രയും നാളും അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തെയാകും ജിയോ ബേബി ചിത്രത്തിൽ അവതരിപ്പിക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു.
  • ഒരാഴ്ചയ്ക്ക് മുമ്പാണ് മമ്മൂട്ടി ക്രിസ്റ്റഫറിലെ തന്റെ ഭാഗങ്ങൾ എല്ലാം പൂർത്തിയാക്കി ടീമിൽ നിന്നും വിട്ടുമാറിയത്
മമ്മൂട്ടിയും ജിയോ ബേബിയും ആദ്യമായി ഒന്നിക്കുന്നു; നായിക ജ്യോതിക?

കൊച്ചി : ക്രിസ്റ്റഫർ എന്ന ബി. ഉണ്ണികൃഷ്ണൻ-ഉദയകൃഷ്ണ ചിത്രത്തിന് ശേഷം മമ്മൂട്ടി ഡേറ്റ് നൽകിയിരിക്കുന്നത് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ജിയോ ബേബിക്കെന്ന് റിപ്പോർട്ട്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ തമിഴ് താരം ജ്യോതിക നായികയായിയെത്തുമെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. അടുത്ത മാസം ഒക്ടോബർ മധ്യത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. കൊച്ചിയിലും തൊടുപ്പുഴയിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുക. മമ്മൂട്ടി ഇത്രയും നാളും അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തെയാകും ജിയോ ബേബി ചിത്രത്തിൽ അവതരിപ്പിക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. 

ഒരാഴ്ചയ്ക്ക് മുമ്പാണ് മമ്മൂട്ടി ക്രിസ്റ്റഫറിലെ തന്റെ ഭാഗങ്ങൾ എല്ലാം പൂർത്തിയാക്കി ടീമിൽ നിന്നും വിട്ടുമാറിയത്. ബിലാൽ തുടങ്ങിയ ചിത്രങ്ങൾ മമ്മൂട്ടിയുടേതായി പ്രഖ്യാപിച്ചിരുന്നെങ്കിലും അവയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനാൽ താരം ജിയോ ബേബിക്ക് ഡേറ്റ് നൽകുകയായിരുന്നുയെന്ന് വിവിധ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ക്രിസ്റ്റഫറിന് പുറമെ കെട്ട്യോളാണെന്റെ മാലാഖയുടെ സംവിധായകൻ നിസാം ഒരുക്കുന്ന റോഷാക്കാണ് അടുത്തതായി മമ്മൂട്ടിയുടെ തീയറ്ററുകളിൽ റീലിസിനായി ഒരുങ്ങുന്നത്. ഒക്ടോബർ പത്തിനുള്ളിൽ ചിത്രത്തിന്റെ റീലിസ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതുവരെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സെൻസറിങ് നടപടികളും നടന്നിട്ടില്ലയെന്നാണ് വിവിധ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും ലഭിക്കുന്ന വിവരം. 

ALSO READ : മോഹൻലാലോ ചിരഞ്ജീവിയോ ഫൈറ്റിൽ ആരാണ് മികച്ചത്? ട്വിറ്ററിൽ ചൂടേറിയ ചർച്ച

അതോടൊപ്പം തന്നെ മമ്മൂട്ടിയുടെ എല്ലാവരുടെയും കാത്തിരിക്കുന്ന ചിത്രം നൻപകൽ നേരത്ത് മയക്കമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ മറ്റ് അപ്ഡേറ്റുകളും ഇപ്പോൾ ലഭ്യമല്ലാതെയായി. എൽജെപി മമ്മൂട്ടി കൂട്ടുകെട്ടിൽ ആദ്യമായി ഒരുങ്ങിയ ചിത്രത്തിന്റെ രണ്ട് ടീസറുകൾ മാത്രമാണ് അണിയറ പ്രവർത്തകർ ഇതുവരെ പങ്കുവച്ചിട്ടുള്ളത്. കൂടാതെ എൽജെപി തന്റെ അടുത്ത സിനിമയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും മോഹൻലാൽ ആകും ചിത്രത്തിലെ നായകൻ എന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. 

ശ്രീധന്യ കാറ്ററിങ്സ് എന്ന സിനിമയ്ക്ക് ശേഷമാണ് ജിയോ ബേബി റിപ്പോർട്ടുകൾ പ്രകാരമുള്ള മമ്മൂട്ടി ചിത്രവുമായി എത്തുന്നത്. ജ്യോതികയാകട്ടെ തന്റെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രത്തിനാണ് ഡേറ്റ് നൽകിയരിക്കുന്നത്. 2007ൽ ഇറങ്ങിയ രാക്കിളിപ്പാട്ട്, 2009ലെ സീതാ കല്യാണം എന്നീ ചിത്രങ്ങളിലാണ് ജ്യോതിക മലയാളത്തിൽ ഇതിന് മുമ്പ് അഭിനയിച്ചിട്ടുള്ളത്. ഇവയ്ക്ക് പുറമെ 2006ൽ രേവതിയുടെ നിമിഷം എന്ന ഷോർട്ട് ഫിലിമിൽ ജ്യോതിക മലയാളിത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News