തിരുവനന്തപുരം : ഇന്ന് കേരളമാകെ ചർച്ച ചെയ്ത ഒരു വിഷമയായിരുന്നു ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പരസ്യവാചകവും അതിനോട് അനുബന്ധിച്ചുള്ള ഇടതുപക്ഷ അനുകൂലികളുടെ ബഹിഷ്കരണാഹ്വാനവും. 'തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്ന പരസ്യ വാചകം ചിത്രത്തിന്റെ റിലീസ് ദിനത്തിലെ പോസ്റ്ററിൽ അണിയറപ്രവർത്തകർ പങ്കുവച്ചത്. എന്നാൽ ഇത് സിനിമയ്ക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും നടൻ കുഞ്ചാക്കോ ബോബനുമെതിരെ സൈബർ ആക്രമണത്തിന് വഴി വെക്കുകയായിരുന്നു.
ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം നടൻ കുഞ്ചാക്കോ ബോബൻ പരസ്യ വാചകവും സിനിമയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുകയും ഒരു രാഷ്ട്രീയ പാർട്ടിയെ ഉദ്ദേശിച്ചല്ല അങ്ങനെ ഒരു പോസ്റ്റർ തയ്യറാക്കിയതെന്നും പറഞ്ഞിരുന്നു. എന്നാൽ സംഭവത്തിൽ സിനിമക്കെതിരെയുള്ള ബഹിഷ്കരണവും സൈബർ ആക്രമണവും തുടരുകയായിരുന്നു. ഈ കാര്യത്തിൽ സീ മലയാളം ന്യൂസിനോട് തന്റെ ആശങ്ക പങ്കുവെക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ.
"പോയി സിനിമ കാണാനാണ് ഞാൻ എല്ലാവരോടും പറയുന്നത്. എന്താണ് പരസ്യ വാചകത്തിലൂടെ ഉദേശിച്ചത് എന്ന വ്യക്തമായ ചിത്രം അപ്പോൾ ലഭിക്കുകയുള്ളു. സിനിമ കണ്ട് ഇറങ്ങിയപ്പോൾ മാധ്യമപ്രവർത്തകരാണ് എന്നോട് ഇക്കാര്യം അറിയിക്കുന്നത്. ഈ പരസ്യം വാചകം ആദ്യം കണ്ടപ്പോൾ ഞാൻ ഒരു തമാശ കണ്ട് ചിരിച്ച പോലെയായിരുന്നു ഞാൻ. പക്ഷെ എന്നെ വിഷമിപ്പിച്ചത് എന്തുകൊണ്ട് നമ്മുടെ ഹ്യുമർ സെൻസ് മാഞ്ഞു പോകുന്നു എന്ന കാര്യമാണ്" കുഞ്ചാക്കോ ബോബൻ സീ ഡിബേറ്റിനിടെ പറഞ്ഞു.
സിപിഎം-ഇടത് പ്രഫൈലുകളിൽ നിന്നുമാണ് സിനിമയ്ക്കും ചിത്രത്തിന്റെ പോസ്റ്ററിനും നടൻ കുഞ്ചാക്കോ ബോബനുമെതിരെ രൂക്ഷ വിമർശനവും സൈബർ ആക്രമണവും ഉടലെടുത്തത്. എന്നാൽ ന്നാ താൻ കേസ് കൊട് സിനിമ ഒരു രാഷ്ട്രീയ പാർട്ടിയെയും ലക്ഷ്യമിടുന്നില്ല. ചിത്രത്തിലെ ഇതിവൃത്തമാണ് പരസ്യത്തിൽ നൽകിയിരിക്കുന്നതെന്ന് നടൻ പറഞ്ഞു.
അതേസമയം പരസ്യത്തെ പരസ്യമായി കണ്ടാൽ മതിയെന്ന് വിവാദത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓരോ കാലത്തും സിനിമയിൽ അതാത് കാലത്തെ സംഭവങ്ങൾ വരുമെന്നും അതിനെ ക്രിയാത്മകമായി കാണണമെന്നും മന്ത്രി അറിയിച്ചു. വിമർശനങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാൻ തയ്യാറാണെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.
കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമായിയെത്തുന്ന രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ചിത്രമാണ് ന്നാ താൻ കേസ് കൊട്. അടുത്തിടെ ചിത്രത്തിന്റെ വീഡിയോ ഗാനവും അതിലെ കുഞ്ചാക്കോ ബോബന്റെ ഡാൻസും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു. എസ്. ടി. കെ ഫ്രെയിംസിൻ്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ‘സൂപ്പർ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.