4 വർഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ബോളിവുഡ് ചിത്രമായ പഠാൻ ഈ വരുന്ന 25 ആം തീയതിയാണ് തീയറ്ററുകളിലെത്തുന്നത്. ദീപികാ പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ദാർദ്ധ് ആനന്ദാണ്. ചിത്രത്തിന്‍റെ പ്രീ ബുക്കിങ്ങ് ഈ 20 ആം തീയതി മുതലാണ് രാജ്യമെമ്പാടും ആരംഭിച്ചത്.
എന്നാൽ അതിന് മുൻപ് തന്നെ ചില സ്ക്രീനുകളിൽ പഠാന്‍റെ പ്രീ ബുക്കിങ്ങ് ആരംഭിച്ചിരുന്നു. അവിശ്വസനീയമായ രീതിയിലെ ബുക്കിങ്ങാണ് പഠാന് രാജ്യമെമ്പാട് നിന്നും റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ബോളിവുഡ് ചിത്രങ്ങൾക്ക് സൗത്ത് ഇന്ത്യൻ ചിത്രങ്ങളേക്കാൾ താരതമ്യേന വളരെ കുറഞ്ഞ ബുക്കിങ്ങായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബ്രഹ്മാസ്ത്ര, ദൃശ്യം 2 എന്നീ ചിത്രങ്ങൾക്ക് അത്യാവശ്യം മോശമല്ലാത്ത കളക്ഷൻ ലഭിച്ചുവെങ്കിലും സൗത്ത് ഇന്ത്യൻ ചിത്രങ്ങളുടെ കളക്ഷനോട് താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറഞ്ഞ സംഖ്യയാണ്.
നഷ്ടപ്പെട്ടുപോയ ബോളിവുഡിന്‍റെ പ്രതാപം വീണ്ടെടുക്കാൻ ആമീർ ഖാൻ, ഹൃത്തിക് റോഷൻ, അക്ഷയ് കുമാർ എന്നീ സൂപ്പർ താരങ്ങൾ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട് നിൽക്കുന്നിടത്താണ് കിംഖ് ഖാൻ അതിൽ വിജയിച്ചുകൊണ്ടിരിക്കുന്നത്. പഠാന് ഇതുവരെ പ്രീ ബുക്കിങ്ങ് സെയിലിൽ വിറ്റുപോയ ടിക്കറ്റുകളുടെ എണ്ണം ഇന്നലെ രാത്രി 11.30 വരെ 2.65 ലക്ഷമാണ്. അതായത് പോസ്റ്റ് പാൻഡമിക്ക് ടിക്കറ്റ് വിൽപ്പനയുടെ കാര്യത്തിൽ ഇനി പഠാന് മുന്നിലുള്ളത് കെജിഎഫ് 2 മാത്രമാണ്. കെജിഎഫ് 2 ന്‍റെ പ്രീ ബുക്കിങ്ങ് സെയിലായി വിറ്റുപോയത് 5.15 ലക്ഷം ടിക്കറ്റുകളാണ്.
പഠാൻ റിലീസിന് മുൻപ് ബുക്കിങ്ങിനായി ഇനി 2 ദിവസങ്ങൾ കൂടി ബാക്കിയുണ്ട്. അതായത് പഠാന്‍റെ ബുക്കിങ്ങ് ഇനിയും വളരെയധികം ഉയരും. ഇന്ന് രാവിലെയോടെയാണ് പഠാൻ ബുക്കിങ്ങിൽ ബ്രഹ്മാസ്ത്രയെ മറി കടന്ന് രണ്ടാം സ്ഥാനത്ത് എത്തിയത്. അടുത്ത കടമ്പ കെജിഎഫ് 2 വാണ്. 5.15 ലക്ഷം എന്ന ഉയർന്ന പ്രീ ബുക്കിങ്ങ് സെയിലിനെ രണ്ട് ദിവസങ്ങൾ കൊണ്ട് മറി കടക്കുക എന്നത് പഠാനെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാ മല തന്നെയാണ്. എന്നാൽ ആ മല കയറിപ്പറ്റുക അസാധ്യമാണെന്നും പറയാൻ സാധിക്കില്ല. പഠാൻ ഈ കടമ്പ കടന്ന് കെജിഎഫ് 2 നെ പ്രീ ബുക്കിങ്ങിന്‍റെ കാര്യത്തിൽ പിന്നിലാക്കിയാൽ ബോളിവുഡിനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അഭിമാനകരമായ മുഹൃത്തം ആയിരിക്കും അത്. ഏറെ നാളുകൾക്ക് ശേഷം സൗത്ത് ഇന്ത്യൻ സിനിമ ബോളിവുഡിന് പിന്നിലാകുന്ന നിമിഷം.
The terrific advance bookings of #Pathaan have brought abundant cheer and optimism within the industry.
— taran adarsh (@taran_adarsh) January 21, 2023
നിലവിൽ പ്രീ ബുക്കിങ്ങിലൂടെ മാത്രം പഠാൻ 20 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. അതായത് ഈ രീതിയിൽ ബുക്കിങ്ങ് തുടർന്നാൽ റിലീസ് ദിവസം പഠാൻ 40 കോടിക്ക് മുകളിൽ കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. അങ്ങനെ സംഭവിച്ചാല്‍ ഒരു പ്രവർത്തി ദിവസം റിലീസ് ചെയ്ത് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ബോളിവുഡ് ചിത്രമായി പഠാൻ മാറും. രാജ്യത്തെ മൾട്ടി പ്ലെക്സ് ചെയിനുകളിലെ ബുക്കിങ്ങ് കണക്കുകളാണ് നിലവിൽ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
നിലവിലെ കണക്കു വച്ച് പിവിആറിലാണ് പഠാന് ഏറ്റവും മികച്ച ബുക്കിങ്ങ് രേഖപ്പെടുത്തുന്നത്. പിവിആർ മൾട്ടീപ്ലെക്സിൽ മാത്രം ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്തുകഴിഞ്ഞു. പഠാന്‍റെ അഡ്വാൻസ് ബുക്കിങ്ങിലെ കുതിച്ച് ചാട്ടം ബോളിവുഡിന് പുതിയ പ്രതീക്ഷകൾ പകരുന്നതായാണ് പ്രമുഖ ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത്. കേരളത്തിലും മികച്ച രീതിയിലാണ് പഠാന്‍റെ അഡ്വാൻസ് ബുക്കിങ്ങ് മുന്നോട്ട് പോകുന്നത്. ജനുവരി 21 വരെയുള്ള കണക്ക് പ്രകാരം ഏകദേശം 18 ലക്ഷത്തോളം തുക അഡ്വാൻസ് ബുക്കിങ്ങിലൂടെ പഠാൻ കേരളത്തിൽ നിന്നും സ്വന്തമാക്കി.
തിരുവനന്തപുരം ഐമാക്സിലും പഠാൻ റിലീസ് ചെയ്യുന്നുണ്ട്. ആദ്യ ദിനം ഐമാക്സിലെ എല്ലാ ഷോകൾക്കും 90 ശതമാനത്തിലധികം ബുക്കിങ്ങാണ് രേഖപ്പെടുത്തുന്നത്. കേരളത്തിൽ രാവിലെ 9 മണി മുതലാണ് പഠാന്‍റെ പ്രദർശനങ്ങൾ ആരംഭിക്കുന്നത്. ബുക്കിങ്ങ് ഇനിയും നല്ല രീതിയിൽ പുരോഗമിക്കുകയാണെങ്കിൽ കേരളത്തിൽ നിന്ന് ആദ്യ ദിനം പഠാന് ഒരു കോടിയിലധികം രൂപ കളക്ഷൻ ലഭിക്കാനുള്ള സാധ്യതകളുണ്ട്. പഠാൻ റിലീസുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ പ്രതികരണങ്ങളെന്താണ് ? കമന്‍റ് ബോക്സിൽ രേഖപ്പെടുത്തൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...