Ponniyin Selvan 1: പൊന്നിയിൻ സെല്‍വനില്‍ മൂന്ന് 'അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍' സൂപ്പര്‍ താരങ്ങള്‍! എവിടെ തുടങ്ങി, ഒടുവില്‍ എവിടെ എത്തി?

അസിസ്റ്റൻ്റ് ഡയറക്ടർമാരായി സിനിമയിൽ എത്തി പിന്നീട് നായകൻമാരായി മാറിയ മൂന്ന്  നടൻമാരാണ് പൊന്നിയിൻ സെൽവന്റെ ആദ്യഭാഗത്തുള്ളത്. ഇതിൽ ഒരാൾ തന്റെ കരിയർ തുടങ്ങിയത് മണിരത്നത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 30, 2022, 01:50 PM IST
  • പൊന്നിയിൻ സെൽവനിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ സംവിധാന സഹായികളായി തുടങ്ങിയവരാണ്
  • കാർത്തി, ജയം രവി, പാർത്ഥിപൻ എന്നിവരാണ് അവർ
  • മണിരത്നത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടായിരുന്നു കാർത്തിയുടെ തുടക്കം
Ponniyin Selvan 1: പൊന്നിയിൻ സെല്‍വനില്‍ മൂന്ന് 'അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍' സൂപ്പര്‍ താരങ്ങള്‍! എവിടെ തുടങ്ങി, ഒടുവില്‍ എവിടെ എത്തി?

ചില സിനിമകള്‍ നായകന്‍മാരുടെ പേരില്‍ അറിയപ്പെടുമ്പോള്‍, മറ്റ് ചില സിനിമകള്‍ അതിന്റെ സംവിധായകരുടെ പേരില്‍ അറിയപ്പെടും. അത്തരത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ സിനിമകളുടെ കണക്കെടുത്താല്‍ മണിരത്‌നം എന്ന പേര്‍ ഒരുപാട് തവണ കടന്നുവരും എന്ന് ഉറപ്പാണ്. ഇപ്പോള്‍ 'പൊന്നിയിന്‍ സെല്‍വൻ-1' പുറത്തിറങ്ങുമ്പോള്‍ പട്ടികയില്‍ ഒരു സിനിമ കൂടി ചേരുന്നു.

താരനിബിഡമാണ് പിഎസ്-1. വിക്രം, കാര്‍ത്തി, ജയംരവി, ഐശ്വര്യ റായ്, തൃഷ, പ്രകാശ് രാജ്, പാര്‍ത്ഥിപന്‍, നാസര്‍ തുടങ്ങി വലിയ നിര തന്നെ അണിനിരന്നിട്ടുണ്ട്. ഈ സൂപ്പര്‍ താരങ്ങളില്‍ ചിലര്‍ സിനിമയിലേക്ക് എത്തിയത് നടന്‍മാരായിട്ടല്ല എന്ന കാര്യം എത്ര പേര്‍ക്ക് അറിയാം. തമിഴകത്തെ സൂപ്പര്‍ താരങ്ങളായ കാര്‍ത്തിയും ജയം രവിയും തങ്ങളുടെ സിനിമാജീവിതം തുടങ്ങിയത് തന്നെ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ആയിട്ടാണ്. വെറ്ററന്‍ ആക്ടര്‍ പാര്‍ത്ഥിപനും അങ്ങനെ തന്നെ.

Read Also: 28 വർഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല; 'പൊന്നിയിൻ സെൽവൻ' ഇന്ത്യൻ സിനിമയുടെ അഭിമാനം

ഇതില്‍ കാര്‍ത്തിയുടെ കാര്യം പ്രത്യേകം പരാമര്‍ശിക്കണം. സിനിമാ കുടുംബത്തില്‍ നിന്ന് വന്ന ആളാണ് കാര്‍ത്തി. അച്ഛന്‍ ശിവകുമാര്‍ വലിയ സിനിമാക്കാരന്‍. സഹോദരന്‍ സൂര്യ തമിഴകത്തെ ഒന്നാം നമ്പര്‍ താരങ്ങളില്‍ ഒരാള്‍. എന്നാല്‍ കാര്‍ത്തി ആഗ്രഹിച്ചത് ക്യാമറയ്ക്ക് പിറകില്‍ നില്‍ക്കാന്‍ ആയിരുന്നു. അങ്ങനെ സിനിമയിലേക്ക് കാലെടുത്ത് വച്ചത് സംവിധാകരിലെ സിങ്കപ്പുലി എന്ന് വിശേഷിപ്പിക്കുന്ന മണിരത്‌നത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി! ആയുധ എഴുത്തില്‍ ആയിരുന്നു കാര്‍ത്തിയുടെ അരങ്ങേറ്റം. എന്നാല്‍ പിന്നീട് പരുത്തിവീരനിലൂടെ നടനായി മികവ് തെളിയിച്ച് കാര്‍ത്തി തമിഴകം അടക്കി വാണു. മണിരത്‌നത്തിന്റെ കാട്രു വെളിയിടൈയില്‍ നായകനായി അഭിനയിക്കുകയും ചെയ്തു. ഇപ്പോഴിതാ പൊന്നിയിന്‍ സെല്‍വനില്‍ വരെ എത്തി നില്‍ക്കുന്നു കാര്‍ത്തി.

Read Also: പൊന്നിയിൻ സെൽവൻ പ്രമോഷനുമായി തൃഷ - ചിത്രങ്ങൾ

പൊന്നിയിന്‍ സെല്‍വന്‍-1 ല്‍ പൊന്നിയില്‍ സെല്‍വന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ജയം രവിയാണ്. ജയം എന്ന റൊമാന്റിക് സൂപ്പര്‍ ഹിറ്റ് സിനിമയാണ് അദ്ദേഹത്തിന് ആ പേര് സമ്മാനിച്ചത് തന്നെ. സിനിമാ കുടുംബത്തില്‍ നിന്ന് തന്നെയാണ് രവിയുടേയും വരവ്. അച്ഛന്‍ മോഹന്‍ എഡിറ്ററും സഹോദരന്‍ രാജ സംവിധായകനും. കമല്‍ ഹാസന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം 'ആളവന്താനില്‍' സുരേഷ് കൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിട്ടായിരുന്നു ജയം രവിയുടെ തുടക്കം.

പൊന്നിയിന്‍ സെല്‍വനില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാര്‍ത്ഥിപന്‍ ആണ്. നടന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും കഴിവ് തെളിയിച്ച ആളാണ് പാര്‍ത്ഥിപന്‍. അദ്ദേഹവും തന്റെ കരിയര്‍ തുടങ്ങുന്നത് അസിസ്റ്റന്റ് ഡയറക്ടറുടെ കുപ്പായമണിഞ്ഞുകൊണ്ടാണ്. 

മണിരത്നത്തിന്റെ അസിസ്റ്റന്റ് ഡയക്ടർ ആയി തുടങ്ങി, പിന്നെ തെന്നിന്ത്യയിലും ബോളിവുഡിലും ഒക്കെ തിളങ്ങിയ വേറൊരു താരവും ഉണ്ട്. സിദ്ധാർത്ഥ് ആണ് അത്. പക്ഷേ, സിദ്ധാർത്ഥ് പൊന്നിയിൻ സെൽവലനിൽ അഭിനയിക്കുന്നില്ല. 

വലിയ ആവേശത്തോടെയാണ് പൊന്നിയിൻ സെൽവനെ ആരാധകർ കാത്തിരുന്നിരുന്നത്. കേരളത്തിലും സിനിമയ്ക്ക് ആദ്യ ഷോ മുതലേ വൻ സ്വീകരണമാണ് ലഭിച്ചത്.  എന്നാൽ ബാഹുബലി മാതൃകയിൽ ഒരു സിനിമ തേടി പോയ പ്രേക്ഷകരെ പൊന്നിയിൻ സെൽവൻ അൽപം നിരാശപ്പെടുത്തുന്നുണ്ട് എന്നാണ് തീയേറ്റർ റെസ്പോൺസുകൾ സൂചിപ്പിക്കുന്നത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുംവണ്ണമുള്ള സീനുകളുടെ അഭാവവും ചിലർ എടുത്തുപറയുന്നു. മാസ്സിന് പകരം മണിരത്നത്തിന്റെ ക്ലാസ്സ് ആണ് പിഎസ്- 1ൽ ദൃശ്യമാകുന്നത് എന്നാണ് മറ്റൊരു വിഭാഗം പ്രേക്ഷകരുടെ വിലയിരുത്തൽ. കൽക്കി കൃഷ്ണമൂർത്തി 1955 ൽ എഴുതിയ ഇതേ പേരിലുള്ള നോവൽ ആണ് മണിരത്നം സിനിമയാക്കിയിരിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News