സംവിധായകൻ മണിരത്നത്തിൻ്റെ സ്വപ്ന സാക്ഷാത്കാരമായ ' പൊന്നിയിൻ സെൽവൻ ' രണ്ടാം ഭാഗത്തിന് ലോകമെമ്പാടും സിനിമാ പ്രേമികളിൽ നിന്നും വൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നതെന്ന് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒന്നാം ഭാഗമായ ' പി എസ് 1 '- നേക്കാൾ പ്രേക്ഷക പ്രീതി നേടി വിജയ കുതിപ്പ് നടത്തുകയാണ് ' പി എസ് 2 '. ചിത്രം റിലീസ് ചെയ്ത് രണ്ടു ദിവസം കൊണ്ട് തന്നെ ആഗോള തലത്തിൽ കളക്ഷനിൽ നൂറു കോടി പിന്നിട്ട് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കയാണ് ' പി എസ് 2 '. വടക്കെ അമേരിക്കയിൽ പ്രീമിയർ ഷോ ഉൾപ്പെടെ രണ്ടു ദിവസത്തെ ഗ്രോസ് കളക്ഷൻ മാത്രം 2.5 മില്ല്യൻ ഡോളറിന് മുകളിലാണെന്ന് നിർമ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും തങ്ങളുടെ ട്വിറ്റർ പേജിലൂടെ ഔദ്യോഗികമായി വെളിപ്പെടുത്തി.
ലോകത്താകമാനമായി രണ്ടു ദിവസത്തെ ഗ്രോസ്സ് കളക്ഷൻ 109.6 കോടിയാണ്. ഇതോടെ 'പി എസ് 2' നൂറു കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു. ഇന്ത്യയിൽ മാത്രം രണ്ടു ദിവസത്തെ കളക്ഷൻ 57.9 കോടിയാണ്. ഇതിൽ തമിഴ് നാട്ടിലെ കളക്ഷൻ 36 ൽ പരം കോടിയാണ്. കേരളത്തിലെ രണ്ടു ദിവസത്തെ ഗ്രോസ്സ് 5.5 കോടിയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതു വെച്ച് നോക്കുമ്പോൾ കേരള ബോക്സ് ഓഫീസിൽ വിജയ് യുടെ ' വാരിസു 'വിന് ശേഷം ഈ വർഷത്തെ 'ബിഗ്ഗസ്റ്റ് ഓപ്പണിങ് മൂവി ' എന്ന ബഹുമതിക്ക് അർഹമാവുകയാണ് ' പിഎസ്2 '.
വേനലവധി തുടങ്ങിയതോടെ ചിത്രം സർവകാല റിക്കാർഡുകൾ ഭേദിക്കും എന്നാണു ബോക്സ് ഓഫീസ് നിരീക്ഷകരുടെ വിലയിരുത്തൽ. ' പി എസ് 1' നെ അപേക്ഷിച്ച് ചടുലമായ കഥാ ഉള്ളടക്കം , ആഖ്യാനം , സാങ്കേതിക മികവ് , മണിരത്നത്തിൻ്റെ മാസ്മരികമായ ദൃശ്യാവിഷ്‌ക്കാര ചാരുത എന്നിവ കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചിരിക്കയാണ് ' പിഎസ്2 ' എന്ന ബ്രഹ്മാണ്ഡ ഇതിഹാസ സൃഷ്ടി. തമിഴ് , മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷ കൃഷ്ണ,ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര, ജയറാം,റഹ്മാൻ, പ്രഭു,ശരത് കുമാർ, പാർത്ഥിപൻ,വിക്രം പ്രഭു ,ബാബു ആൻ്റണി, ലാൽ, റിയാസ് ഖാൻ, കിഷോർ അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍,മോഹൻ റാം, എന്നിവരാണ് 'പിഎസ്2 ' ലെ പ്രധാന അഭിനേതാക്കൾ. റഫീക്ക് അഹമ്മദും ഏ.ആർ.റഹ്മാനുമാണ് മലയാളം ' പി എസ്-2 ' ൻ്റെ ഗാന ശില്പികൾ. സംവിധായകൻ ശങ്കർ രാമകൃഷ്ണനാണ് സംഭാഷണ രചയിതാവ്. രവി വർമ്മൻ ഛായഗ്രഹണവും,
തോട്ടാധരണി കലാ സംവിധാനവും ,ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. കെ.സുഭാസ്ക്കരൻ്റെ ലൈക്കാ പ്രൊഡക്ഷൻസും മണിരത്നത്തിൻ്റെ മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ 'പൊന്നിയിൻ സെൽവൻ-2 ', (പിഎസ്2) ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ പുതിയ മാനം സൃഷ്ട്ടിക്കുമെന്നാണ് കണക്ക് കൂട്ടൽ. ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ പിഎസ്2 റിലീസ് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...