പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിൻ സെൽവൻ. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ് ടിപ്സ് മ്യൂസിക്. മികച്ച തുക നൽകിയാണ് ടിപ്സ് മ്യൂസിക് പൊന്നിയിൻ സെൽവന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയത്. 25 കോടിക്കാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നതെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ദൃശ്യവിസ്മയം തീർക്കുന്ന ചിത്രങ്ങളാണ് മണിരത്നം ഒരുക്കുന്നത്. ആ ചിത്രങ്ങളിൽ പാട്ടിനും അതിന്റേതായ പ്രാധാന്യം അദ്ദേഹം നൽകാറുണ്ട്. കരിയറിലെ സ്വപ്ന പ്രോജക്റ്റ് എന്നാണ് മണിരത്നം പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
We are happy to announce @tipsofficial have acquired the AUDIO RIGHTS of our ambitious project #PS1 in all languages @MadrasTalkies_ #ManiRatnam @arrahman pic.twitter.com/PS6sBCH9Po
— Lyca Productions (@LycaProductions) July 7, 2022
അതേസമയം ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് ഇന്ന് നടക്കും. വൈകിട്ട് ആറിന് ചെന്നൈയില്‍ നടക്കുന്ന പരിപാടിയിൽ മണി രത്നത്തിനൊപ്പം ചിത്രത്തിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുമെന്നാണ് റിപ്പോർട്ട്. സോഷ്യല്‍ മീഡിയയിലൂടെ അതത് ഭാഷയിലെ പ്രമുഖ താരങ്ങൾ ടീസര്‍ പുറത്തിറക്കും. തമിഴ് പതിപ്പ് സൂര്യയും, ഹിന്ദി പതിപ്പ് അമിതാഭ് ബച്ചനും, മലയാളം മോഹന്‍ലാലും, തെലുങ്ക് പതിപ്പ് മഹേഷ് ബാബുവും, കന്നഡ രക്ഷിത് ഷെട്ടിയും ആണ് പുറത്തിറക്കുക. ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വർഷം സെപ്റ്റംബർ 30ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
Thank you, Lalettan! @Mohanlal #PS1 @madrastalkies_ #ManiRatnam @arrahman @tipsofficial pic.twitter.com/OPlyzaqU2k
— Lyca Productions (@LycaProductions) July 7, 2022
ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറക്കിയിരുന്നു. വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തിറക്കിയത്. വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. ആദിത്യ കരികാലൻ എന്ന കഥാപാത്രമായി ആണ് വിക്രം എത്തുന്നത്. ചിത്രത്തിൽ പഴുവൂരിലെ രാജ്ഞി നന്ദിനിയായി ഐശ്വര്യ റായ് എത്തുന്നു. കുന്ദവൈ രാജകുമാരിയായാണ് തൃഷ ചിത്രത്തിലെത്തുന്നത്.
ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയതായി ആണ് സൂചന. 125 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വീഡിയോ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ (നോവലിന്റെ പേര് പൊന്നിയൻ സെൽവൻ എന്ന് തന്നെയാണ്) ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ.
പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ്, ഖാൻ, ഖിഷോർ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.ആർ.റഹ്മാനാണ് സംഗീതസംവിധായകൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...