'കാല'യുടെ കാലനായി തമിഴ് റോക്കേഴ്സ്; ചിത്രത്തിന്‍റെ വ്യാജന്‍ ഇന്‍റര്‍നെറ്റില്‍

  

Last Updated : Jun 7, 2018, 09:40 AM IST
'കാല'യുടെ കാലനായി തമിഴ് റോക്കേഴ്സ്; ചിത്രത്തിന്‍റെ വ്യാജന്‍ ഇന്‍റര്‍നെറ്റില്‍

രജനികാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു ചിത്രമാണ്.  എന്നാല്‍, അണിയറ  പ്രവര്‍ത്തകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിപ്പിച്ചുകൊണ്ട് റിലീസിന് പിന്നാലെ തന്നെ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു.

തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റില്‍ റെഡ് ഐ എന്ന അഡ്മിനാണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്. സമീപകാലത്ത് ഇറങ്ങിയ ഒട്ടുമിക്ക തമിഴ് സിനിമകളും റിലീസ് ചെയ്ത് ഏറെ വൈകാതെ തമിഴ് റോക്കേഴ്‌സ് എന്ന വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇവരെ നിയന്ത്രിച്ചെന്നായിരുന്നു പൊലീസിന്‍റെ അവകാശവാദം എന്നാല്‍ ഇത് തെറ്റാണെന്നാണ് കാലാ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിലൂടെ വ്യക്തമാകുന്നുണ്ട്. 

കൂടാതെ, തമിഴ് റോക്കേഴ്സിനെതിരെ നടനും നടികര്‍ സംഘം മേധാവിയുമായ വിശാല്‍ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തിയെങ്കിലും വ്യാജന്‍ കൂസലില്ലാതെ വിലസുന്നതാണ് കണ്ടത്. 
അതിനിടെ, സിംഗപ്പൂരില്‍ വച്ച് ചിത്രം ഫെയ്‌സ്ബുക്കിലൂടെ ലൈവ് സ്ട്രീമിങ് നടത്തിയ പ്രവീണ്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ഫെയ്‌സ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.  വെള്ളിയാഴ്ച ഇന്ത്യയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം തലേദിവസം തന്നെ സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു.

കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് രജനീകാന്ത് നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് കാല കര്‍ണാടകയില്‍ റിലീസ് ചെയ്യുന്നത് ഫിലിം ചേംബേര്‍സ് ഓഫ് കൊമേഴ്‌സ് വിലക്കിയിരുന്നു.

Trending News