നീണ്ട 7 വർഷങ്ങൾക്ക് ശേഷം കരൺ ജോഹറിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് റോക്കി ഓർ റാണി കീ പ്രേം കഥ. രൺവീർ സിങ്ങ് ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിലെ ടൈറ്റിൽ റോളുകൾ കൈകാര്യം ചെയ്യുന്നത്. ഇവർക്ക് പുറമേ ധർമേന്ദ്ര, ജയ ബച്ചൻ, ഷബ്നം അസി തുടങ്ങി ഒരു വൻ താരനിരയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. രൺവീർ സിങ്ങിന്‍റെ എൻട്രി സോങ്ങിൽ അപ്രതീക്ഷിതമായി ചില താരങ്ങളും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
ബോളിവുഡിലെ പഴയതും പുതിയതുമായ താരങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഗംഭീരമായിത്തന്നെ സ്ക്രീനിൽ അവതരിപ്പിച്ചതിന് കരൺ ജോഹറിന് ഒരു വലിയ കയ്യടി കൊടുക്കണം. റോക്കി, റാണി എന്നീ രണ്ട് വ്യത്യസ്ത കുടുംബ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്കിടയിലുണ്ടാകുന്ന പ്രണയ ബന്ധവും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.
രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളിലും സാമൂഹിക സാഹചര്യങ്ങളിലുമുള്ള ഈ കുടുംബങ്ങൾ ഒത്തുചേരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. ഇതുവഴി ഇന്നും ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ - പുരുഷ അസമത്വം, ബോഡി ഷെയ്മിങ്, പൊളിട്ടിക്കൽ ഇൻകറക്ട്നസ്, ചില പഴഞ്ചൻ ചിന്താഗതികൾ എന്നിവയെ ചിത്രം വിമർശന വിധേയമാക്കുന്നുണ്ട്.
ബോളിവുഡിന്‍റെ ടിപ്പിക്കൽ മസാല ചേരുവകകൾ ഉപയോഗിച്ചിട്ടുള്ള ഒരു സാധാരണ റോം കോം ചിത്രമെന്ന രീതിയിലായിരുന്നു റോക്കി ഓർ റാണി കീ പ്രേം കഥയുടെ ആദ്യ പകുതി. എന്നാൽ രണ്ടാം പകുതിയിൽ ചിത്രം ട്രാക്ക് മാറുന്നു. റോക്കിയുടെയും റാണിയുടെയും കുടുംബങ്ങൾക്കിടയിലുള്ള കൊമ്പുകോർക്കലും ഇതുവഴി സമൂഹത്തിലെ ചില തെറ്റായ ചിന്താഗതികളുമാണ് സംവിധായകൻ പ്രേക്ഷകരിലേക്കെത്തിച്ചത്. എന്നാൽ ഇവയിൽ പലതും നിർബന്ധപൂർവം സിനിമയിൽ കുത്തിനിറച്ചതുപോലെയാണ് അനുഭവപ്പെട്ടത്.
ചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ പോലും പ്രേക്ഷകർക്ക് ഒരു ഫിലോസഫി ക്ലാസ് കൊടുക്കുന്നതിന് സമാനമായിരുന്നു. ഇതുകാരണം രണ്ടാം പകുതിയിലെ പല രംഗങ്ങളിലും വല്ലാത്ത കൃത്രിമത്വം അനുഭവപ്പെട്ടു. ചുരുക്കത്തിൽ പുരോഗമനം പറയാൻ വേണ്ടി എന്തൊക്കെയോ പറഞ്ഞതുപോലെ. ചർച്ച ചെയ്യപ്പെടേണ്ട നിരവധി വിഷയങ്ങൾ റോക്കി ഓർ റാണി കീ പ്രേം കഥയിലൂടെ സംസാരിക്കാൻ കരൺജോഹർ ശ്രമിച്ചിട്ടുണ്ടെന്നത് അഭിനന്ദനാർഹമാണ്. എന്നാൽ ഉപദേശം കേൾക്കാൻ വേണ്ടിയല്ല പ്രേക്ഷകർ സിനിമ കാണുന്നതെന്ന സത്യം അദ്ദേഹം മനസ്സിലാക്കാതെ പോയി.
ചിത്രത്തിന്‍റെ ആദ്യ പകുതി തമാശയും അടിച്ചുപൊളി പാട്ടുകളും റൊമാൻസുമൊക്കെയായി രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും ഇന്‍റർവെല്ലിന് തൊട്ടുമുൻപും ക്ലൈമാക്സിലും കടന്നുവന്ന മെലോഡ്രാമ വല്ലാതെ ഓവർ ആയതുപോലെ തോന്നി. 90 കളിലെ സിനിമകൾക്ക് സമാനമായി ഹാഫ് സാരിയുടുത്ത് മഞ്ഞുമലയുടെ മുകളിൽ നിന്ന് ഡാൻസ് ചെയ്യുന്ന നായികയും സ്ലോ മോഷനിൽ നടന്നുവരുന്ന നായകനുമൊക്കെ നല്ല ക്രിഞ്ച് ഫീൽ സമ്മാനിച്ചു. എങ്കിലും മൊത്തത്തിൽ ഒറ്റത്തവണ കണ്ടിരിക്കാവുന്ന എന്‍റർടൈനർ ചിത്രമാണ് റോക്കി ഓർ റാണി കീ പ്രേം കഥ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...