കാസർകോട്: ടിക് ടോക്കിലൂടെ മലയാളികൾക്ക് പ്രിയങ്കരരായി മാറിയ ദമ്പതിമാരാണ് രാജേഷും ചിന്നുവും. ടിക് ടോകും കടന്ന് സിനിമയിലും ജോഡികളായി ഇവർ എത്തിയിരുന്നു. സിജു കമര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിലാണ് ഇരുവരും കാമുകീ കാമുകന്മാരായി എത്തിയത്. ഉടൻ പണം, ബോയിങ് ബോയിങ് തുടങ്ങിയ റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീനിലും പ്രതിഭ തെളിയിച്ച ഇരുവരും കണ്ണൻ ദേവൻ പരസ്യ ചിത്രത്തിലും എത്തിയിരുന്നു. സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും തങ്ങളുടെ പുതിയ വിശേഷങ്ങളും സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് ഇരുവരും.
ടിക് ടോകിൽ നിന്ന് സിനിമയിലേക്ക്
തികച്ചും അപ്രതീക്ഷിതമായാണ് സിനിമയിലേക്കുള്ള അവസരം തേടിയെത്തിയത്. വിശ്വസിക്കാൻ സാധിച്ചിരുന്നില്ല.. ആദ്യം ചിന്നുവിനാണ് അവസരം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ സ്വീകരിക്കണോ വേണ്ടയോ എന്ന് ആശയകുഴപ്പം ഉണ്ടായിരുന്നു. പിന്നീട് ചിന്നുവിന്റെ ജോഡിയായി ചെയ്യാൻ തന്നെ സാധിച്ചു. അത് ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു.
credits: Chinnu Rajesh / Instagram
ജീവിതവും സിനിമയും
ഞങ്ങളുടെ ജീവിതം തന്നെയാണ് ഞങ്ങൾ സിനിമയിലൂടെ അഭിനയിച്ചത് എന്ന് പറയാം. പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. സിനിമയിലെ ചില സീനുകൾ ഞങ്ങളുടെ തന്നെ ജീവിതമാണോ എന്ന് തോന്നിയിരുന്നു. എവിടെയൊക്കെയോ ഞങ്ങളുടെ കോളേജ് ജീവിതവും പ്രണയകാലവുമൊക്കെ ഓർത്ത് എടുക്കാൻ സാധിച്ചു.
പ്രണയവും വിവാഹവും
കാസർഗോഡ് ഗവണ്മെന്റ് കോളേജിൽ ഞങ്ങൾ ആദ്യമായി കാണുന്നതും, പരിചയപ്പെടുന്നതും. പിന്നീട് ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് വിവാഹത്തിലേക്ക് എത്തിയത്. രണ്ട് വർഷത്തോളം പ്രണയിച്ച ശേഷമാണ് ജീവിതത്തിൽ ഒന്നായത്. ചിന്നു ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോഴായിരുന്നു വിവാഹം. ഒരു ഒളിച്ചോട്ട വിവാഹമായിരുന്നു അത്. വീട്ടിൽ ആരും അറിയാതെ നടന്ന വിവാഹം ആയതുകൊണ്ടുതന്നെ അതിന്റെ പ്രശ്നങ്ങളും നേരിട്ടിരുന്നു. ഇപ്പോൾ ഇരു വീട്ടുകാരും വളരെ സന്തോഷത്തോടെ തങ്ങളെ അംഗീകരിച്ചു എന്നും ഇരുവരും പറയുന്നു.
പോലീസും കേസും
ചിന്നുവിനെ വേറെ വിവാഹ ആലോചനകൾ വന്നപ്പോഴാണ് ഒളിച്ചോടിപ്പോയി വിവാഹം കഴിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. വിവാഹത്തിന് പിന്നാലെ പോലീസ് കേസും മറ്റുമായി. പിന്നീട് തന്റെ വീട്ടുകാർ തങ്ങളെ അംഗീകരിച്ചു എന്ന് രാജേഷ് പറയുന്നു. പിന്നീട് ഒരുമാസത്തിന് ശേഷം ചിന്നുവിന്റെ വീട്ടുകാരും അംഗീകരിച്ചു .ഇന്ന് അവർ വളരെ സന്തുഷ്ടരാണെന്നും ഇരുവരും പറയുന്നു
ചേച്ചി അളിയനെ കെട്ടിയില്ലായിരുന്നുവെങ്കിൽ...
ഒരുപാട് എതിർപ്പുകളെ അതിജീവിച്ചാണ് ഇരുവരും ജീവിതത്തിൽ ഒന്നിച്ചത്. അന്ന് എതിർത്ത വീട്ടുകാരും ബന്ധുക്കളും ഇന്ന് പൂര്‍ണ പിന്തുണയുമായി ഒപ്പം നിൽക്കുന്നുണ്ടെന്നും അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും രാജേഷും ചിന്നുവും പറയുന്നു. "ചേച്ചി അളിയനെ കെട്ടിയില്ലായിരുന്നുവെങ്കിൽ ഈ വിജയം നേടാൻ സാധിക്കുമായിരുന്നില്ല..." ചിന്നുവിന്റെ സഹോദരൻ ഒരിക്കൽ പറഞ്ഞ രസകരമായ സംഭവവും ഇരുവരും ഓർത്തെടുത്തു. ആളുകൾ തിരിച്ചറിയാൻ തുടങ്ങുകയും നല്ല രീതിയിൽ ജീവിതം മുൻപോട്ട് കൊണ്ടുപോകുന്നതും കാണുമ്പൊൾ ഇപ്പോൾ കുടുംബം ഹാപ്പി ആണെന്നും ഇരുവരും പറയുന്നു.
ടിക് ടോകിലേക്ക് വന്ന വഴി
മ്യൂസിക്കലിയിലുടെയാണ് ആദ്യമായി സോഷ്യൽ മീഡിയയിലേക്ക് എത്തുന്നത്. പിന്നീട് ഒരു പരീക്ഷണം എന്ന നിലയ്ക്കാണ് ലിപ് സിങ്ക് വീഡിയോകൾ ചെയ്ത് തുടങ്ങുന്നത്. പിന്നീട് ഞങ്ങൾ ഒന്നിച്ചുള്ള ഡാൻസുകൾ ഹിറ്റായി തുടങ്ങി. ആളുകൾ അംഗീകരിക്കുന്നു എന്ന് മനസിലായപ്പോൾ ആത്മവിശ്വാസം കൂടി. ആദ്യം വീട്ടിൽ തന്നെയായിരുന്നു വീഡിയോകൾ ചെയ്തിരുന്നത്. പിന്നീട് പബ്ലിക് സ്പേസിൽ വീഡിയോകൾ ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് ഇവിടെ വരെ എത്തിയത്.
ഇനിയുള്ള ആഗ്രഹം
സിനിമയിലേക്ക് എത്തിയത് അപ്രതീക്ഷിതമായിട്ടാണെങ്കിലും ഇനിയും നല്ല അവസരങ്ങൾ ലഭിച്ചാൽ സ്വീകരിക്കണമെന്നാണ് ആഗ്രഹം. അറിയപ്പെടുന്ന ഒരുപാട് ആളുകളുടെ ഒപ്പം സിനിമകൾ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ജീവിതത്തിൽ ഇത് പോലെ എന്നും വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ സന്തോഷത്തോടെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും ഇരുവരും പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...