നിവിൻ പോളി, അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖത്തിന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്. ഫിൽമിബീറ്റ്, സിനിഫ്രൈ വെബ്സൈറ്റുകൾ പുറത്തുവിടുന്ന കണക്ക് പ്രകാരം ചിത്രം ഒരു കോടിക്ക് മുകളിൽ കളക്ഷൻ ആദ്യ ദിനം നേടി. 1.2 കോടി നേടിയെന്നാണ് സിനിഫ്രൈ റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 10 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്. കേരള ജനതയും നിവിൻ പോളി, ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരുടെ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായ തുറമുഖം ഒടുവിൽ മാർച്ച് 10 ന് കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും റിലീസ് ചെയ്തു. രാജീവ് രവിയുടെ ചരിത്ര സിനിമയാണ് തുറമുഖം.
വൻ പ്രതീക്ഷകൾക്കിടയിൽ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച സ്വീകാര്യതയാണ് നേടിയത്. 1940കളിൽ കൊച്ചിയിലെ മട്ടാഞ്ചേരി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ആനുകാലിക പശ്ചാത്തലത്തിൽ യഥാർത്ഥ ജീവിത സംഭവങ്ങളിൽ നിന്ന് വികസിപ്പിച്ചെടുത്ത ചിത്രം, അഭിനേതാക്കളുടെ ആകർഷകമായ പ്രകടനങ്ങൾക്കൊപ്പം തീവ്രമായ വൈകാരിക കാഴ്‌ചയും നൽകുന്നു.
നിവിൻ പോളി, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, സുദേവ് നായർ, അർജുൻ അശോകൻ, മണികണ്ഠൻ ആർ ആചാരി, സെന്തിൽ കൃഷ്ണ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. വലിയ പ്രതിസന്ധികൾക്കൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മൂന്ന് തവണ റിലീസ് മുടങ്ങി പോയ ചിത്രം തിയേറ്ററുകളിലെത്തിച്ചത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ്.
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഗോപൻ ചിദംബരം തിരക്കഥയെഴുതിയ ചിത്രം എന്ന പ്രത്യേകത കൂടി തുറമുഖത്തിനുണ്ട്. ഗോപൻ ചിദംബരത്തിന്റെ അച്ഛൻ രചിച്ച നാടകത്തെ ആസ്ഥാനമാക്കിയുള്ള സിനിമയാണ് തുറമുഖം. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കെപ്പാട്ടും ജോസ് തോമസുമാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകൻ രാജീവ് രവി തന്നെയാണ്. അൻവർ അലിയുടെ വരികൾക്ക് കെയും ഷാഹ്ബാസ് അമാനും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ബി അജിത് കുമാറാണ് എഡിറ്റർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...