ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറത്തിറങ്ങി. പറങ്ങോടന്റെ റബർ തോട്ടത്തിൽ ഒരു യുവതിയുടെ മൃതദേഹം കാണുന്നു. അന്വേഷണത്തിനായ് ചെറുവള്ളി പൊലീസ് സ്റ്റേഷൻ എസ് ഐ ആനന്ദ് നാരായണനും നാലുപേരടങ്ങുന്ന സംഘവും എത്തുന്നു. കൊല്ലപ്പെട്ട പെൺകുട്ടി ആര് ? കൊലപാതകി ആര് ? കൊലക്ക് പിന്നിലെ കാരണമെന്ത് ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി പൊലീസ് സഞ്ചരിക്കുന്നത് ആകാംക്ഷ ജനിപ്പിക്കുന്ന സംഭവ ബഹുലമായ നിമിഷങ്ങളിലൂടെ. പതിവ് ഇൻവെസ്റ്റിഗേഷൻ ഫോർമുലയിൽ നിന്ന് മാറി അന്വേഷകരുടെ കഥ സംസാരിക്കുന്ന സിനിമയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അത് ഊട്ടി ഉറപ്പിക്കുന്ന വിധത്തിലാണ് ടീസർ എത്തിയിരിക്കുന്നത്.
തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, എന്നിവർക്കൊപ്പം സരിഗമയുടെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്ന് നിർമ്മിക്കുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' ഫെബ്രുവരി 9നാണ് തിയറ്റർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ജിനു വി എബ്രാഹാം തിരക്കഥയും സംഭാഷണവും നിർവഹിച്ച ചിത്രം തീയറ്റർ ഓഫ് ഡ്രീംസാണ് പ്രദർശനത്തിനെത്തിക്കുന്നത്. പോലീസ് യൂണിഫോമിൽ ടൊവിനോ പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ അടുത്തിടെ പുറത്തുവിട്ടിരുന്നു.
പോസ്റ്ററിന് പിന്നാലെ സിനിമയുടെ ഇതിവൃത്തം സൂചനപ്പിക്കുന്ന ടീസറും എത്തിയതോടെ പ്രേക്ഷകർക്ക് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ട്. മാസ്സ് ഗെറ്റപ്പുകളൊന്നുമില്ലാതെ സാധാരണക്കാരനായ ഒരു പോലീസുകാരന്റെ ലുക്കിലാണ് ടൊവിനോയുടെ കഥാപാത്രമായ എസ് ഐ ആനന്ദ് എത്തുന്നത്. 2023 മാർച്ച് 5ന് കോട്ടത്തായിരുന്നു സിനിമയുടെ ആദ്യഘട്ട ചിത്രീകരണം. കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലായ് പൂർത്തികരിച്ച ഈ ബിഗ് ബജറ്റ് ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായ ദൃശ്യാവിഷ്ക്കാരമായിരിക്കും സമ്മാനിക്കുക.
'കൽക്കി', 'എസ്ര' എന്നീ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റാണ്. ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ചിത്രത്തിൽ സുപ്രധാനമായൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അഡ്വ. ഇല്ലിക്കൽ തോമസിന്റെ ആദ്യ ചിത്രമാണിത്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ എഴുപതോളം മികച്ച താരങ്ങളും പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം: ഗൗതം ശങ്കർ, ചിത്രസംയോജനം: സൈജു ശ്രീധർ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പിആർഒ: ശബരി.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.