കുഞ്ഞാലി മരയ്ക്കാറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രോള്‍ പൂരം!

നേരത്തെ മനു അങ്കിള്‍, ബാഹുബലി ചിത്രങ്ങളില്‍ ടെലസ്‌കോപ്പ് ഉപയോഗിക്കുന്ന ചിത്രങ്ങളാണ് ഇവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

Last Updated : Dec 22, 2018, 05:26 PM IST
കുഞ്ഞാലി മരയ്ക്കാറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രോള്‍ പൂരം!

ഹൈദരബാദ്: പ്രിയദര്‍ശന്‍ സംവിധാനം  ചെയ്യുന്ന ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം.

ഇന്നലെയാണ് മോഹന്‍ലാല്‍ കുഞ്ഞാലിമരയ്ക്കാറായി എത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് എത്തിയത്. മോഹന്‍ലാല്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്. 

ടെലസ്‌കോപ്പ് ഉപയോഗിക്കേണ്ട രീതിയിലല്ല ഫസ്റ്റലുക്കില്‍ മോഹന്‍ലാല്‍ ടെലസ്‌കോപ്പ് പിടിച്ചിരിക്കുന്നത് എന്നതാണ് പോസ്റ്ററിലെ പ്രധാന ആരോപണം. 

തുറന്ന കണ്ണിനെതിരെ ടെലസ്‌കോപ്പ് പിടിച്ചാല്‍ മറ്റെ കണ്ണ് അടച്ചാണ് വെയ്ക്കേണ്ടത്  എന്നാണ് സോഷ്യല്‍ മീഡിയ ഉപദേശം. 

എന്നാല്‍ മുന്‍പ് പല സിനിമയിലും ടെലസ്‌കോപ് പിടിക്കുന്ന രീതി കാണിച്ചുള്ള പോസ്റ്ററുകള്‍ ഉള്‍പ്പടെ മോഹന്‍ലാല്‍ ഫാന്‍സ് ഇതിനെതിരെ രംഗത്ത് വന്നു.  നേരത്തെ മനു അങ്കിള്‍, ബാഹുബലി ചിത്രങ്ങളില്‍ ടെലസ്‌കോപ്പ് ഉപയോഗിക്കുന്ന ചിത്രങ്ങളാണ് ഇവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഇത് പോലെ തന്നെയാണ് മരയ്ക്കാറായി മോഹന്‍ലാലും നോക്കുന്നത് എന്നാണ് ആരാധകരുടെ വാദം. അതേ സമയം പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിനെതിരെയും ഇത്തരം വിമര്‍ശനം ഉയര്‍ന്നിരുന്നുവെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. 

അന്ന് ഫസ്റ്റ് ലുക്ക് വന്നപ്പോള്‍ കാഴ്ചശക്തിയില്ലാത്തവര്‍ വാച്ച് ഉപയോഗിക്കുമോ എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ അത് ശരിയല്ലെന്ന് ചിത്രം റിലീസ് ചെയ്തപ്പോള്‍ വ്യക്തമായി.

‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലാണ് ഷൂട്ട് ചെയ്യുന്നത്. ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍.

മധു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. 

സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും.

ചരിത്രം രേഖപ്പെടുത്തുന്ന നാല് മരയ്ക്കാര്‍മാരില്‍ നാലാമന്‍റെ കഥയാണ്‌  ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ പ്രമേയം. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരും കോണ്‍ഫിഡന്‍റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകന്‍. സാബു സിറില്‍ ഒരുക്കിയ കൂറ്റൻ കപ്പലുകളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൻ ശ്രദ്ധയാകർഷിച്ചിരുന്നു.

 

Trending News