തിരുവനന്തപുരം: തന്നോട് സിനിമ തിരഞ്ഞെടുത്തത് എന്തുകൊണ്ടെന്ന് ചോദിച്ചവർക്കുള്ള മറുപടിയുമായി ഉണ്ണി മുകുന്ദൻ. നിരവധി ആളുകളുടെ ഹൃദയത്തിൽ സ്ഥാനം നേടാൻ അനുഗ്രഹിക്കുന്ന മാധ്യമമാണ് സിനിമയെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. എന്തുകൊണ്ടാണ് ഞാൻ സിനിമ തിരഞ്ഞെടുത്തതെന്ന് എന്നോട് ചോദിച്ചവരോട്... ഇതാണ് കാരണം... എന്നിൽ നിന്ന് അകലെയുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ തൊടാൻ അനുഗ്രഹിക്കുന്ന ഒന്ന്! സ്വാമി ശരണം... എന്നാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്.
മാളികപ്പുറം എന്ന ചിത്രം കാണുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയും താരം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ചിത്രം കണ്ട്, കരയുന്ന പെൺകുട്ടിയുടെ ദൃശ്യമാണ് ഉണ്ണി മുകുന്ദൻ പങ്കുവച്ചത്. റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോഴും നിറഞ്ഞ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് മാളികപ്പുറം. സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് മാളികപ്പുറം ചിത്രത്തെയും ഉണ്ണി മുകുന്ദന്റെ പ്രകടനത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.
ALSO READ: Malikappuram Movie: ഒൻപത് ദിവസം കൊണ്ട് 10 കോടി,കേരളത്തിൽ 8.1 കോടി; തീയ്യേറ്റർ നിറച്ച് മാളികപ്പുറം
കുറേ കാലത്തിന് ശേഷം കണ്ടിരിക്കാനും ആസ്വദിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനുമൊക്കെ സാധിച്ച ഒരു മലയാള സിനിമയെന്നാണ് മാളികപ്പുറത്തെ കുറിച്ച് മേജർ രവി പറഞ്ഞത്. ചിത്രത്തിലെ അഭിനേതാക്കളെയും സംവിധായകൻ ഉൾപ്പെടെ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരെയും മേജർ രവി അഭിനന്ദിച്ചു. മേജർ രവിയുടെ വാക്കുകൾക്ക് ഉണ്ണി മുകുന്ദനും സൈജു കുറുപ്പും നന്ദി അറിയിക്കുകയും ചെയ്തു.
മാളികപ്പുറം ചൈതന്യം നിറഞ്ഞ ചിത്രമാണെന്നാണ് ജയസൂര്യ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്. 'ഉണ്ണിയുടെ സിനിമായാത്രയിൽ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രമാണ് മാളികപ്പുറത്തിലേത്' എന്നാണ് ജയസൂര്യ കുറിച്ചത്. കല്യാണി എന്ന എട്ട് വയസുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോയായ അയ്യപ്പന്റേയും കഥയാണ് മാളികപ്പുറം എന്ന ചിത്രത്തിൽ പറയുന്നത്. കല്യാണിയും ഉണ്ണിയും എന്ന എട്ട് വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഇരുവരും വളരെ രസകരമായി തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
വേണു കുന്നപ്പള്ളിയുടെ കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് മാളികപ്പുറം നിര്‍മിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കടാവര്‍, പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത്. ശബരിമല, റാന്നി, പത്തനംതിട്ട, എരുമേലി ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...