Mohanlal Upcoming Movies: ക്യാമറയ്ക്ക് പിന്നിലും വിസ്മയമൊരുക്കുമോ? വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ

ക്യാമറയ്ക്ക് മുന്നിൽ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹൻലാൽ ഇപ്പോൾ ക്യാമറയ്ക്ക് പിന്നിലും പ്രവർത്തിക്കുകയാണ്. തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ പണിപ്പുരയിലാണ് മോഹൻലാൽ.

Written by - Zee Malayalam News Desk | Last Updated : May 21, 2022, 01:49 PM IST
  • എന്ത് വെല്ലുവിളിയും എടുത്ത് ഓരോ കഥാപാത്രവും മികവുറ്റതാക്കാൻ സന്നദ്ധനായ നടനാണ് മോഹൻലാൽ.
  • ആക്ഷൻ രംഗങ്ങളിലും ഡാൻസ് ചെയ്യുമ്പോഴുമെല്ലാം മോഹൻലാലിന്റെ മെയ്വഴക്കം ഇന്നും ചോർന്ന് പോയിട്ടില്ല.
  • വാനപ്രസ്ഥത്തിൽ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി കഥകളി പഠിച്ച് ആ രംഗത്തെ ആചാര്യന്മാരെപ്പോലും അദ്ദേഹം വിസ്‍മയിപ്പിച്ചിട്ടുണ്ട്.
Mohanlal Upcoming Movies: ക്യാമറയ്ക്ക് പിന്നിലും വിസ്മയമൊരുക്കുമോ? വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ

വില്ലനായെത്തി മലയാള സിനിമയുടെ നായകനായ നടനാണ് മോഹൻലാൽ. ഇന്ന് ആ നടന വിസ്മയത്തിന്റെ 62ാം പിറന്നാൾ ആണ്. എന്ത് വെല്ലുവിളിയും എടുത്ത് ഓരോ കഥാപാത്രവും മികവുറ്റതാക്കാൻ സന്നദ്ധനായ നടനാണ് മോഹൻലാൽ. ആക്ഷൻ രംഗങ്ങളിലും ഡാൻസ് ചെയ്യുമ്പോഴുമെല്ലാം മോഹൻലാലിന്റെ മെയ്വഴക്കം ഇന്നും ചോർന്ന് പോയിട്ടില്ല. പഴയ അതേ എനർജിയോടെയാണ് ഇന്നും മോഹൻലാൽ ഇതൊക്കെ ചെയ്യുന്നത്. വാനപ്രസ്ഥത്തിൽ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി കഥകളി പഠിച്ച് ആ രംഗത്തെ ആചാര്യന്മാരെപ്പോലും അദ്ദേഹം വിസ്‍മയിപ്പിച്ചിട്ടുണ്ട്. 

ക്യാമറയ്ക്ക് മുന്നിൽ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹൻലാൽ ഇപ്പോൾ ക്യാമറയ്ക്ക് പിന്നിലും പ്രവർത്തിക്കുകയാണ്. തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ പണിപ്പുരയിലാണ് മോഹൻലാൽ. ബറോസ് എന്ന ചിത്രത്തിലൂടെയാണ് ലാൽ സംവിധാന രം​ഗത്തേക്ക് ചുവടുവയ്ക്കുന്നത്. ബി​ഗ് ബോസ് എന്ന ടിവി ഷോയുടെ അവതാരകൻ കൂടിയാണ് മോഹൻലാൽ. 

മോഹൻലാലിന്റേതായി അണിയറയിൽ നിരവധി ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്. മോഹൻലാലിന്റേതായി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം..

ബറോസ് 

മൂന്ന് വർഷം മുൻപാണ് താൻ സംവിധാന രം​ഗത്തേക്ക് കടക്കുകയാണെന്ന് മോഹൻലാൽ പ്രഖ്യാപിച്ചത്. 3 ഡിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് മോഹൻലാൽ തന്നെയാണ്. ബറോസ് ഒരു ഭൂതമാണ്. വ്യത്യസ്ത ​ഗെറ്റപ്പിലാണ് മോഹൻലാൽ ഈ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റേതായി ഇറങ്ങുന്ന വിശേഷങ്ങളെല്ലാം വളരെ ശ്രദ്ധ നേടാറുണ്ട്.

എലോൺ

12 വർഷത്തിന് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് എലോൺ. 18 ദിവസത്തിൽ ഷാജി കൈലാസ് ചിത്രീകരണം പൂർത്തിയാക്കി. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ആശിർവാദിന്റെ 30-ാം ചിത്രമാണ് എലോൺ. 2000ൽ ഷാജി കൈലാസ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിർവാദ് സിനിമാസിന്റെ ലോഞ്ചിംഗ് ചിത്രം. 2009ൽ പുറത്തിറങ്ങിയ'റെഡ് ചില്ലീസി'ന് ശേഷമാണ് മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് എലോൺ ഒരുക്കുന്നത്. രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം, എഡിറ്റിംഗ് ഡോൺ മാക്സ്. 

Also Read: Mohanlal Birthday: അഭിനയിച്ച് വിസ്മയിപ്പിച്ച നടൻ, മലയാളത്തിന്റെ സ്വന്തം ലാലേട്ടന് 62ാം പിറന്നാൾ

മോൺസ്റ്റർ

പുലിമുരുകൻ ഹിറ്റ് കോംമ്പോ വൈശാഖ്, ഉദയകൃഷ്ണ, മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. 'ലക്കി സിംഗ്' എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 2019 ഒക്ടോബറിലാണ് ചിത്രത്തെ സംബന്ധിച്ച് ആദ്യം വാർത്തകൾ പുറത്തുവരുന്നത്. എന്നാൽ അതുസംബന്ധിച്ച അപ്ഡേറ്റുകൾ പിന്നീട് ഉണ്ടായിട്ടില്ല. പിന്നീട് 2021 ഒക്ടോബറിലാണ് ചിത്രത്തെ സംബന്ധിച്ചുള്ള പുതിയ വിവരം പുറത്തുവന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം ദീപക് ദേവ്, സംഘട്ടനം സ്റ്റണ്ട് സിൽവ.

റാം

ദൃശ്യത്തിനു ശേഷം മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റേതായി പുറത്തുവരേണ്ടിയിരുന്ന ചിത്രമാണ് റാം. എന്നാൽ വിദേശത്തും ഷൂട്ടിംഗ് പ്ലാൻ ചെയ്‍തിരുന്ന ചിത്രത്തിന്റെ ഇന്ത്യയിലെ ഷെഡ്യൂൾ പൂർത്തിയാകാനിരിക്കെ കോവിഡ് കാലത്തിന്റെ പിടിയിലായി പോയി. അതിനാൽ ചിത്രീകരണം നിർത്തേണ്ടി വന്നു. ഈ സമയം മോഹൻലാലുമായി ചേർന്ന് ജീത്തു ദൃശ്യം 2, 12ത് മാൻ എന്നീ ചിത്രങ്ങൾ ഒരുക്കി. ഇന്ത്യൻ ഷെഡ്യൂളിന് ശേഷം ലണ്ടൻ, ഉസ്ബെക്കിസ്ഥാൻ ഷെഡ്യൂളുകളാണ് ചിത്രത്തിന് ആവശ്യമുള്ളത്. റാം ഉപേക്ഷിച്ചുവെന്ന് തരത്തിൽ ഒരു പ്രചരണം നടന്നിരുന്നു. എന്നാൽ ഇത് സംവിധായകൻ നിഷേധിച്ചു. യുകെ ഷെഡ്യൂൾ ജൂൺ അവസാനം പുനരാരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് റാം. ചിത്രത്തിന്റെ രചനയും ജീത്തു തന്നെയാണ്. തൃഷയാണ് നായിക. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്‍കുമാർ, ആദിൽ ഹുസൈൻ, വിനയ് ഫോർട്ട്, ദുർഗ്ഗ കൃഷ്ണ തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

എമ്പുരാൻ

മോഹൻലാൽ-പൃഥ്വിരാജ്-മുരളി ​ഗോപി കൂട്ടുകെട്ടിൽ ഇറങ്ങിയ ലൂസിഫർ വൻ ഹിറ്റായിരുന്നു. 200 കോടി ക്ലബ്ബ് എന്ന നേട്ടം മലയാളം ബോക്സ് ഓഫീസിന് മുന്നിൽ തുറന്നുകൊടുത്തത് ലൂസിഫർ ആയിരുന്നു. ചിത്രം പുറത്തിറങ്ങി മൂന്ന് മാസം പൂർത്തിയാവും മുൻപ് തന്നെ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എമ്പുരാൻ പ്രഖ്യാപിച്ചു. 'ലൂസിഫറി'ൻറെ മുഴുവൻ കഥയും പറയണമെങ്കിൽ മൂന്ന് സിനിമകൾ വേണ്ടിവരുമെന്ന് തങ്ങൾക്ക് അറിയാമായിരുന്നുവെന്നും ആദ്യത്തേത് വിജയമായതിനാലാണ് അടുത്ത ഭാ​ഗം ചെയ്യാൻ തയാറെടുക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ബറോസ് ഉൾപ്പെടെയുള്ള തിരക്കുകളിൽ നിന്ന് മോഹൻലാലും ആടുജീവിതം ഉൾപ്പെടെയുള്ള ചിത്രങ്ങൾ പൂർത്തിയാക്കി പൃഥ്വിരാജും എത്തിയാൽ മാത്രമെ എമ്പുരാൻ ചിത്രീകരണം ആരംഭിക്കൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News