വേട്ടപ്പട്ടികളും ഓട്ടക്കാരും; വേറിട്ട ഒരു ത്രില്ലർ,ജൂറിയുടെ പ്രത്യേക പരാമർശം

ഒരു മോക്യുമെന്ററിയെന്നോ ഫൂട്ടേജ് ഫിലിം എന്നോ വിശേഷിപ്പിക്കാവുന്ന തരത്തിലുള്ളതാണ് ചിത്രത്തിന്റെ ഘടന

Written by - Sathyajith | Edited by - M.Arun | Last Updated : Jul 21, 2023, 06:48 PM IST
  • ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളികളാണ് ഇവിടെ 'ഓട്ടക്കാർ'.
  • മലയാള വാർത്താമാധ്യമങ്ങൾ ഒരു വിഷയത്തെ വിശകലനം ചെയ്യുന്ന രീതിയും മുന്നോട്ടുവയ്ക്കുന്ന നിഗമനങ്ങളും
  • വാർത്താമാധ്യമ പരിപാടികളിൽ ഉയർന്നു കേൾക്കുന്ന ശബ്ദങ്ങൾ തന്നെയാണ് സിനിമയും കേൾപ്പിക്കുന്നത്
വേട്ടപ്പട്ടികളും ഓട്ടക്കാരും; വേറിട്ട ഒരു ത്രില്ലർ,ജൂറിയുടെ പ്രത്യേക പരാമർശം

അമ്പതിനാലാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ സംവിധാനത്തിന് ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹമായ വേട്ടപ്പട്ടികളും ഓട്ടക്കാരും ആവിഷ്കരണം കൊണ്ടും അവതരിപ്പിച്ചിരിക്കുന്ന ആശയം കൊണ്ടും വ്യത്യസ്തത പുലർത്തുന്ന ഒരു ത്രില്ലർ സിനിമയാണ്. രാരീഷ് ജി തിരക്കഥയും സംവിധാനവും നിർവഹിച്ച  ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും ഉള്ളവർ ഭൂരിഭാഗവും നവാഗതരാണ്.

ഒരു മോക്യുമെന്ററിയെന്നോ ഫൂട്ടേജ് ഫിലിം എന്നോ വിശേഷിപ്പിക്കാവുന്ന തരത്തിലുള്ളതാണ് ചിത്രത്തിന്റെ ഘടന.വാർത്തയുടെയും  വാർത്താധിഷ്ഠിത പരിപാടികളുടെയും ഓൺലൈൻ വീഡിയോകളുടെയും ക്ലിപ്പിങ്ങുകളുടെയാണ് കഥ അവതരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഇന്ത്യയിലെത്തന്നെ ആദ്യത്തെ ചിത്രമാകും ഇത്.

ALSO READ: മികച്ച നടൻ മമ്മൂട്ടി, നടി വിൻസി, സംവിധായകൻ മഹേഷ് നാരയണൻ; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇങ്ങനെ

തിരക്കഥയുടെ കെട്ടുറപ്പു കൊണ്ടും സംഭാഷണങ്ങളുടെ ചടുലത കൊണ്ടും വളരെ കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ചെടുത്ത ഈ ചിത്രത്തിന് പ്രേക്ഷകനെ പിടിച്ചിരുത്താനാവുന്നുണ്ട്.കോളേജ് വിദ്യാർത്ഥിയായ ഒരു പെൺകുട്ടി തന്റെ കന്യകാത്വം വില്പനയ്ക്ക് വയ്ക്കുന്നതായി ഒരു ഫെയ്സ്ബുക്ക് വീഡിയോയിലൂടെ പ്രസ്താവിക്കുന്നതും അത് മാധ്യമങ്ങൾ ഏറ്റെടുത്ത് ആ കുട്ടിയെയും കുടുംബത്തെയും സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളികളാണ് ഇവിടെ 'ഓട്ടക്കാർ'. അവർക്കായി ഇരകളെ തേടിപ്പിടിക്കുന്ന മാധ്യമങ്ങൾ 'വേട്ടപ്പട്ടി'കളും.മലയാള വാർത്താമാധ്യമങ്ങൾ ഒരു വിഷയത്തെ വിശകലനം ചെയ്യുന്ന രീതിയും മുന്നോട്ടുവയ്ക്കുന്ന നിഗമനങ്ങളും അവർ മുഖവിലയ്ക്കെടുക്കുന്ന അഭിപ്രായങ്ങളും എല്ലാം കൃത്യമായി അവതരിപ്പിക്കുവാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

പ്രതിപാദ്യ വിഷയത്തിൽ ഉണ്ടായേക്കാവുന്ന പ്രതികരണങ്ങളെ നിഷ്പക്ഷമായി അവതരിപ്പിച്ച് നിഗമനങ്ങൾ പ്രേക്ഷകന് വിട്ടുകൊടുക്കുവാൻ സിനിമ തയ്യാറാകുന്നു; ഒരു പരിധിവരെ.പക്വത ഉള്ളതും ഇല്ലാത്തതുമായ ഫെമിനിസ്റ്റുകൾ, പ്രശ്നത്തെ അവഗണിക്കുവാൻ പാടുപെടുന്ന ഭരണപക്ഷവും ഭരണപക്ഷത്തെ പ്രതിക്കൂട്ടിൽ ആക്കാൻ പെടപാടുപെടുന്ന പ്രതിപക്ഷവും, പ്രത്യേകിച്ച് ഒന്നും പറയുവാൻ ഇല്ലാത്ത ദേശീയവാദി എന്നിങ്ങനെ സിനിമയിലെ കഥാപാത്രങ്ങളിൽ വ്യത്യസ്ത ചിന്താഗതികൾ പുലർത്തുന്നവരെ പ്രത്യേക രൂപഭാവങ്ങൾ കൊണ്ട്  അടയാളപ്പെടുത്തുന്നതിനാൽ സിനിമ സ്റ്റീരിയോ ടൈപ്പിംഗ് പുലർത്തുന്നതായി തോന്നിയേക്കാം.

വാർത്താമാധ്യമ പരിപാടികളിൽ ഉയർന്നു കേൾക്കുന്ന ശബ്ദങ്ങൾ തന്നെയാണ് സിനിമയും കേൾപ്പിക്കുന്നത്. എന്നാൽ ആ ശബ്ദങ്ങളുടെ ഉടമകളുടെ രൂപവും അനുമാനിക്കുവാൻ സിനിമ മുതിരുന്നുണ്ട്. യഥാർത്ഥമായി അവതരിപ്പിക്കുവാനുള്ള സിനിമയുടെ നിർബന്ധം മൂലം ഉണ്ടാകുന്ന ഒരു പിഴവാണിത്.വിദേശരാജ്യത്ത് ഒരു പെൺകുട്ടി കന്യകാത്വം വിൽപ്പനയ്ക്ക് വച്ച വാർത്ത ഇന്റർനെറ്റിലെ 'ക്ലിക്ക് ബൈറ്റ്' ആർട്ടിക്കിളുകളിലൂടെ നമ്മൾ വായിച്ചറിഞ്ഞതാണ്. കേരളത്തിൽ ഇത് സംഭവിച്ചാൽ ഉണ്ടാകാവുന്ന പ്രതികരണങ്ങളെ കുറിച്ചുള്ള ചിന്തകളാണ് സിനിമയുടെ കാതൽ. 

ടെലിവിഷൻ വാർത്ത കാണുന്ന പ്രേക്ഷകന്റെ കണ്ണിലൂടെയാണ് സിനിമ അവതരിപ്പിച്ചിട്ടുള്ളത് എന്നതിനാൽ പ്രതിപാദ്യ വിഷയത്തിന്റെ എല്ലാ വശങ്ങളെയും അവതരിപ്പിക്കുവാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്.എങ്കിലും ഇതിലൂടെ മലയാളിയുടെ സദാചാര കാഴ്ചപ്പാടുകളെയും സ്ത്രീ സമത്വ ബോധത്തെയും ചോദ്യം ചെയ്യുന്ന ചിത്രം പ്രേക്ഷകനെ ഇരുത്തി ചിന്തിപ്പിക്കുവാൻ പ്രാപ്തിയുള്ളതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News