ദീപാവലി ആഘോഷിച്ച് ഗിന്നസ് റെക്കോര്‍ഡ്‌ നേടാനോരുങ്ങി ദുബായ്

ഏഴിനു ദുബായ് ക്രീക്കില്‍ ഔദ്യോഗിക ദീപം തെളിക്കല്‍ ചടങ്ങും കരിമരുന്നുപ്രയോഗവും നടക്കും.   

Updated: Nov 1, 2018, 12:23 PM IST
ദീപാവലി ആഘോഷിച്ച് ഗിന്നസ് റെക്കോര്‍ഡ്‌ നേടാനോരുങ്ങി ദുബായ്

ദുബായ്: ദീപങ്ങളുടെ ഉത്സവക്കാഴ്ച്ചയായ ദീപാവലി നീട്ടി ആഘോഷിക്കാനൊരുങ്ങുകയാണ് ദുബായ് നഗരം. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമിടുകയാണ്. 

മാത്രമല്ല ദീപം തെളിയിച്ച് ഗിന്നസ് ബുക്കില്‍ കയറാനുള്ള തയ്യാറെടുപ്പിലാണ് നഗരം. ഏറ്റവുമധികം ആളുകള്‍ ഒരുമിച്ച് ദീപം തെളിക്കുന്ന റെക്കോര്‍ഡ് നേട്ടത്തിനാണ് ഈ ദീപക്കാഴ്ച്ചയിലൂടെ ലക്ഷ്യമിടുന്നത്.

ഏഴിനു ദുബായ് ക്രീക്കില്‍ ഔദ്യോഗിക ദീപം തെളിക്കല്‍ ചടങ്ങും കരിമരുന്നുപ്രയോഗവും നടക്കും. ദുബായ് അല്‍സീഫില്‍ നടക്കുന്ന ആഘോഷങ്ങള്‍ ദുബായ് ടൂറിസം, ദുബായ് പൊലീസ്, കോണ്‍സുലേറ്റ് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.

ദീപക്കാഴ്ച്ചയ്‌ക്കൊപ്പം ആഘോഷമുണര്‍ത്തുന്ന വലിയ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കുതിരപ്പടയുടെ പരേഡും. ദുബായ് പൊലീസിന്‍റെ സൂപ്പര്‍ കാറുകളുടെ പ്രദര്‍ശനവും ഉണ്ടാകും.പത്തിന് ദുബായ് ക്രീക്കില്‍ അല്‍സീഫ് ഷോ ഡെക്കില്‍ റിലേ വിളക്ക് തെളിച്ചുള്ള ഗിന്നസ് റെക്കോര്‍ഡ് പ്രകടനത്തില്‍ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും കുടുംബങ്ങളും പങ്കുചേരും. 

മാത്രമല്ല ഇന്നു മുതല്‍ പത്ത് വരെ നീളുന്ന ചടങ്ങുകളില്‍ അല്‍ സീഫിലെത്തുന്ന ആര്‍ക്കും ഇവിടെ സജ്ജീകരിച്ചിരിക്കുന്ന എല്‍ഇഡി ദീപം തെളിക്കാനും അവസരം ഉണ്ടാകും. ദീപാവലി മാര്‍ക്കറ്റും തുറക്കുന്നുണ്ട്. 

ഇന്ത്യന്‍ പൈതൃകം വിളിച്ചോതുന്ന കരകൗശല വസ്തുക്കളും അലങ്കാര വസ്തുക്കളുമെല്ലാം വാങ്ങാനുള്ള അവസരവും ഉണ്ടാകുമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.