മലയാളികളുടെ പ്രിയപ്പെട്ട ആഘോഷമായ വിഷു ഗൾഫ് മേഖലയിലും വലിയ ആരവമൊരുക്കുകയാണ്. കണ്ണനുംകണിക്കൊന്നയും കണിവെള്ളരിയും വിവിധ കണിവസ്തുക്കളുമൊരുക്കി ഗൾഫ് മലയാളികളും കണികണ്ടുണർന്നു. വെള്ളിയാഴ്ച അവധി ദിവസമായതുകൊണ്ടുതന്നെ വെള്ളിയാഴ്ചയിലെത്തിയ വിഷു ഗൾഫ് മേഖലയിലെ ആഘോഷ ദിനമായി മാറി.
യുഎഇ അടക്കമുള്ള പ്രവാസലോകത്ത് മാർക്കറ്റുകളിലെല്ലാം കണിക്കൊന്ന വിഷുവിന് ദിവസങ്ങൾ മുമ്പ് തന്നെ സ്ഥാനം പിടിച്ചിരുന്നു. കണിവെള്ളരി മുതൽ കണികാണാനുള്ള ആറന്മുള കണ്ണാടി വരെ മാർക്കറ്റുകളിൽ ലഭ്യമായി. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്നാണ് യുഎഇയിലേക്ക് പ്രധാനമായും കണിക്കൊന്ന എത്തിയത്. ലുലുവിന്റെ ഹൈപ്പർ മാർക്കറ്റുകളിലും കണിക്കൊന്ന പൂക്കൾ പ്രത്യേകമായി എത്തിച്ചിരുന്നു.
Read Also: NORKA : നോർക്കയുടെ സാന്ത്വന പദ്ധതി; കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നത് റെക്കോര്‍ഡ് സഹായവിതരണം
വസ്ത്ര വ്യാപാര മേഖലയിൽ പതിവുപോലെ കൈത്തറി ഉത്പന്നങ്ങളും സമൃദ്ധമായിരുന്നു. പുതിയ തലമുറയ്ക്കിണങ്ങുംവിധം മനോഹരമായ കൈത്തറി ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമായിരുന്നു. സദ്യവട്ടങ്ങളൊരുക്കാനെത്തിയ വിഭവങ്ങളും വിഷുവിന്റെ മാറ്റ് കൂട്ടി. മലയാളി റസ്റ്റോറന്റുകളിൽ വിഷു സദ്യയുടെ ഓർഡറുകള്‍ നൽകുന്ന തിരക്കിലാണ്. നേരത്തെ തന്നെ സദ്യ അടക്കം ബുക്ക് ചെയ്യപ്പെട്ടിരുന്നു.
വിവിധ മലയാളി അസോസിയേഷനുകൾ ജിസിസി രാജ്യങ്ങളിലെല്ലാം തന്നെ വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. പുണ്യകാലമായ റംസാൻ വ്രത സമയത്തും ഈസ്റ്ററിന്റെ ആഘോഷത്തിനുമൊപ്പമെത്തുന്ന വിഷു ഗൾഫ് മേഖലയിൽ ആഘോഷത്തിന്റെ മാറ്റ് കൂട്ടുന്നു. ആഘോഷത്തിന്റെയും മത സൗഹാർദ്ദത്തിന്റെ സ്നേഹകാലം കൂടിയാണ് കടന്നുപോകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...