അബുദാബിയിൽ മരുമകളുടെ അടിയേറ്റ് ഭതൃമാതാവ് മരിച്ചു. അബുദാബി ഗയാതിയിൽ ആണ് സംഭവം. ആലുവ എടമുള സ്വദേശി 63 വയസുള്ള റൂബി മുഹമ്മദാണ് മരിച്ചത്. റൂബിയുടെ മകന്റെ ഭാര്യ ഷജനയെ പോലീസ് അറസ്റ്റുചെയ്തു. കുറ്റിക്കാട്ടുകര പടിയത്ത് വീട്ടിൽ പരേതനായ മുഹമ്മദാലിയുടെ ഭാര്യയാണ് കൊല്ലപ്പെട്ട റൂബി. അബുദാബി പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
റൂബിയുടെ മകൻ സഞ്ജു കഴിഞ്ഞ ജനുവരി 25ന് ആണ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ഷജനയെ വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഓൺലൈനിലൂടെ വിവാഹിതരായ ശേഷം ആദ്യമായാണ് ഷജനയെ സഞ്ജു നേരിൽ കാണുന്നത്. അബുദാബിയിൽ നിന്ന് 250 കിലോമീറ്റര്‍ മാറി ഗയാതിയിൽ എക്സ്ചേഞ്ച് കമ്പനിയിലെ ജീവനക്കാരനാണ് സഞ്ജു. കഴിഞ്ഞ ഫെബ്രുവരി 11ന് വിസിറ്റിങ് വിസയിലാണ് സഞ്ജുവിന്റെ ഭാര്യയും മാതാവും അബുദാബിയിൽ എത്തിയത്.
റൂബിയും മകന്റെ ഭാര്യ ഷജനയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇരുവരും തമ്മിൽ പരസ്പരം സംസാരിക്കുന്നില്ലായിരുന്നു. ഇത് ചോദ്യം ചെയ്ത ഷജന പൊടുന്നനെ പ്രകോപിതയായി റൂബിയെ ആക്രമിക്കുകയായിരുന്നു. ചവിട്ടി വീഴ്ത്തിയ ശേഷം തല പിടിച്ച് ചുമരിൽ ഇടിക്കുകയും ചെയ്തതായി ഷജനയുടെ ഭർത്താവ് സഞ്ജു പോലീസിൽ മൊഴി നൽകി. പോലീസ് എത്തി റൂബിയുടെ മരണം സ്ഥിരീകരിക്കുകയും ഷജനയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അബുദാബി ബദാസായിദ് ആശുപത്രയിലേക്ക് മാറ്റിയ റൂബിയുടെ മൃതദേഹം ഏലൂര്‍ കുറ്റിക്കാട്ടുകര ജുമാമസ്ജിദിൽ കബറടക്കം നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...