വിദേശികളുടെ ചികിത്സാനിരക്ക് വര്‍ധിപ്പിച്ച ഉത്തരവ് റദ്ദാക്കില്ല: കുവൈത്ത് ആരോഗ്യമന്ത്രി

  

Updated: Dec 19, 2017, 03:33 PM IST
വിദേശികളുടെ ചികിത്സാനിരക്ക് വര്‍ധിപ്പിച്ച ഉത്തരവ് റദ്ദാക്കില്ല: കുവൈത്ത് ആരോഗ്യമന്ത്രി

കുവൈറ്റ്‌: കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികളുടെ ചികിത്സാനിരക്ക് വര്‍ധിപ്പിച്ച ഉത്തരവ് റദ്ദാക്കില്ലെന്ന് ആരോഗ്യമന്ത്രി ഡോ.ബാസില്‍ അസ്സബാഹ്.  നിരക്ക് വര്‍ദ്ധനവ് ഉള്‍പ്പെടെ മുന്‍ സര്‍ക്കാറിന്‍റെ കാലത്ത് പുറത്തിറക്കിയ എല്ലാ ഉത്തരവുകളും കൂടുതല്‍ പഠന വിധേയമാക്കുമെന്നും പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യ മന്ത്രാലയത്തിന്‍റെ ദീവാനിയയില്‍ നടന്ന സ്വീകരണ ചടങ്ങിലായിരുന്നു ആരോഗ്യമന്ത്രി ഡോ. ശൈഖ് ബാസില്‍ അസ്സബാഹ് മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.  മുന്‍കാലങ്ങളില്‍ ആരോഗ്യമന്ത്രാലയം നടപ്പാക്കിയ നിയമ പരിഷ്‌കരണങ്ങള്‍ അവലോകനം ചെയ്യുമെന്നും, പോരായ്മകളുമുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചികിത്സാനിരക്കു വര്‍ധന ഉള്‍പ്പെടെ പരിഷ്‌കരണം ആവശ്യമുള്ള എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ടും എം.പിമാര്‍ക്ക് കരട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്.  എല്ലാ നിര്‍ദേശങ്ങളും സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്നും ഡോ.ബാസില്‍ അല്‍ സബാഹ് പറഞ്ഞു.  അതിനിടെ, വിദേശികളുടെ ആരോഗ്യസേവനങ്ങളുമായി ബന്ധപ്പെട്ടു മുന്‍ ആരോഗ്യമന്ത്രി ജമാല്‍ അല്‍ ഹര്‍ബി പുറപ്പെടുവിച്ച ഉത്തരവ് അതേപടി തുടരണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു.