ചരിത്രം കുറിച്ച് സൗദി; വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചു

  

Last Updated : Jun 8, 2018, 03:43 PM IST
ചരിത്രം കുറിച്ച് സൗദി; വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചു

റിയാദ്: ചരിത്രത്തില്‍ ആദ്യമായി സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചു. അന്താരാഷ്‌ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ സൗദി ലൈസന്‍സ് അനുവദിക്കുന്നത്.

ഈ മാസം ഇരുപത്തിനാലിന് ചരിത്രത്തില്‍ ആദ്യമായി സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള നിയമം പ്രാബല്യത്തില്‍ വരും. ഇതിനു മുന്നോടിയായാണ് വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത്. 

ഇന്‍റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്കാണ് ആദ്യഘട്ടത്തില്‍ സൗദി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചത്. ഡ്രൈവിംഗും കാഴ്ച ശക്തിയും പരിശോധിച്ച ശേഷം പത്ത് വനിതകള്‍ക്ക് ട്രാഫിക് വിഭാഗം ആദ്യദിവസം ലൈസന്‍സ് അനുവദിച്ചു. ആദ്യത്തെ വനിതാ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയ സന്തോഷത്തിലാണ് ഈ വനിതകള്‍.

ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് സൗദി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാനായി ഇരുപത്തിയൊന്ന് കേന്ദ്രങ്ങള്‍ സൗദിയില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമേ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഡ്രൈവിംഗ് പരിശീലനം പുരോഗമിക്കുകയാണ്. പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവര്‍ക്കും ലൈസന്‍സ് അനുവദിക്കും. 

വനിതാ ട്രാഫിക് പോലീസും, വനിതാ ടാക്സി ഡ്രൈവര്‍മാരുമെല്ലാം താമസിയാതെ നിലവില്‍ വരും. പത്ത് മാസം മുമ്പ് സൗദി രാജാവ് പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ്‌ രാജ്യത്ത് വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിക്കുന്നത്.

Trending News