ദുബായ്: ബിസിനസില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാകുമെന്നും പൂര്‍വാധികം ശക്തിയോടെ താന്‍ തിരിച്ചുവരുമെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മൂന്നുവര്‍ഷത്തോളം ജയിലിലായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
വായ്പയ്ക്ക് ഈടായി നല്‍കിയ സെക്യൂരിറ്റി ചെക്ക് ബാങ്ക് ഹാജരാക്കിയപ്പോള്‍ മടങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു. ബാങ്കുകളില്‍നിന്നു വായ്പയെടുത്താണ് ബിസിനസ് നടത്തുന്നത്. വായ്പാ തിരിച്ചടവില്‍ ഒരു തവണ ചെറിയ താമസം വന്നു. യുഎഇയില്‍ ചെക്ക് മടങ്ങുന്നത് കുറ്റമാണ്. അങ്ങനെയാണു പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
എന്നാല്‍ ബാങ്ക് പെട്ടെന്ന് ചെക്ക് ഹാജരാക്കാനുള്ള കാരണത്തിന് പിന്നില്‍ എന്തൊക്കെയുണ്ടെന്നു കരുതുന്നുവെങ്കിലും അതിനെക്കുറിച്ച് ശരിക്കും അറിയാത്തതു കാരണം കൂടുതല്‍ സംസാരിക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തിനോടും അറ്റ്‌ലസ് ജ്വല്ലറിയുടെ തുടക്കം മുതല്‍ എന്നോടൊപ്പം നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ ഇന്ദിരയാണു ബാങ്കുകളുമായി ചര്‍ച്ച നടത്തിയത്. ബാങ്കുകള്‍ക്കു വായ്പ സംഖ്യയുടെ അനുപാതം അനുസരിച്ച് നിശ്ചിത തുക നല്‍കാന്‍ മസ്‌കറ്റില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ആശുപത്രികള്‍ അദ്ദേഹത്തിന് വിക്കേണ്ടിവന്നു. അത് നല്‍കിയാണ് തല്‍ക്കാലം ബാങ്കുമായി ധാരണയിലെത്തിയത്.
കേസ് കൊടുക്കാത്തവരെയും കൊടുത്തവരെയും ഒരുപോലെയാണ് ഇക്കാര്യത്തില്‍ പരിഗണിച്ചത്. എന്നാല്‍ ആശുപത്രികള്‍ വില്‍ക്കാനും പണം കിട്ടാനും പബ്ലിക് പ്രോസിക്യൂഷനില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും കുറച്ചു സമയമെടുത്തു.
സൗദി അറേബ്യ, കുവൈത്ത്, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളില്‍ ഇപ്പോള്‍ ജ്വല്ലറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുകയെന്നതാണ് ആദ്യ ലക്ഷ്യം. ഇന്ത്യയില്‍ മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന അറ്റ്‌ലസ് ജ്വല്ലറി ഇന്ത്യാ ലിമിറ്റഡിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കും.
പത്തുരൂപ വിലയുണ്ടായിരുന്ന ഓഹരിക്ക് ഇപ്പോള്‍ 70 രൂപയുണ്ട്. കമ്പനിക്ക് അയ്യായിരത്തോളം ചെറിയ ഓഹരി ഉടമകളുണ്ട്. പ്രൊമോട്ടറായ താന്‍ അവരുടെ താല്‍പര്യംകൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഈ കമ്പനിയെ വലിയ പ്ലാറ്റ്‌ഫോമിലെത്തിക്കും. കമ്പനിക്കു കീഴില്‍ ബെംഗളൂരുവിലും താനെയിലും ഷോറൂമുകളുണ്ട്. ഇവ രണ്ടും നന്നായി പ്രവര്‍ത്തിക്കുന്നുവെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു.
യുഎഇയില്‍ എത്രയും വേഗം ഒരു ഷോറൂമെങ്കിലും തുടങ്ങുമെന്നും. അതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്നും. അടങ്ങിയൊതുങ്ങിയിരിക്കാന്‍ ഉദ്ദേശ്യമില്ലയെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു. ഇനിയും കര്‍മനിരതനാകും. കുവൈത്ത് യുദ്ധത്തിന്‍റെ സമയത്ത് യുഎഇയിലെത്തിയ താന്‍ പാടുപെട്ടാണ് ബിസിനസ് വളര്‍ത്തിയത്. അതേ നിലയില്‍ യുഎഇയില്‍ ബിസിനസിനെ വീണ്ടും ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അറ്റ്‌ലസ് ജ്വല്ലറിയുടെ ഉടമ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിലായി എന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. എന്തായാലും അദ്ദേഹത്തിന്‍റെ വിയര്‍പ്പും വാശിയും കൊണ്ട് വീണ്ടും അദ്ദേഹത്തിന്‍റെ എല്ലാ സ്ഥാപനങ്ങളും നന്നായി വളരട്ടെ എന്ന ആശംസകള്‍ നേരുന്നു.