ഐപിഎല്ലിൻ്റെ 16-ാം സീസണ് കൊടി കയറാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്. നിലവിൽ എല്ലാ ടീമുകളും കഠിനമായ പരിശീലനമാണ് നടത്തുന്നത്.
IPL 2023 New Changes: മാർച്ച് 31ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. അഹമ്മദാബാദിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ഇത്തവണത്തെ ഐപിഎല്ലിലെ ചില മാറ്റങ്ങളും പ്രത്യേകതകളും എന്തൊക്കെയാണെന്ന് നോക്കാം.
ഹോം ആൻഡ് എവേ ഫോർമാറ്റ് തിരിച്ചെത്തും: ഒരിടവേളയ്ക്ക് ശേഷം ഐപിഎല്ലിൽ ഹോം ആൻഡ് എവേ ഫോർമാറ്റ് തിരിച്ചുവരികയാണ്. ഇതോടെ 10 ടീമുകൾക്കും അവരുടെ ഹോം ഗ്രൗണ്ടിൽ 7 മത്സരങ്ങൾ വീതം കളിക്കാനാകും. അതായത് ചെന്നൈ സൂപ്പർ കിംഗ്‌സ് എംഎ ചിദംബരം സ്റ്റേഡിയത്തിലും ആർസിബി എം ചിന്നസ്വാമി സ്റ്റേഡിയത്തിലും കളിക്കും. (Photo : Twitter)
ഇന്ത്യയിൽ സമ്പൂർണ ഐപിഎൽ: 2019ലാണ് അവസാനമായി ഐപിഎൽ പൂർണമായി ഇന്ത്യയിൽ നടന്നത്. കോവിഡിൻ്റെ വരവിന് മുമ്പാണ് ഐപിഎൽ പൂർണമായി ഇന്ത്യയിൽ നടത്തിയത്. 2020, 2021, 2022 പതിപ്പുകൾ ഇന്ത്യയിൽ ഭാഗികമായി മാത്രമാണ് നടത്തിയത്. 2022ൽ ടൂർണമെന്റ് നടത്തിയത് ഇന്ത്യയിലാണെങ്കിലും വേദികൾ പൂനെ, മുംബൈ, അഹമ്മദാബാദ് എന്നീ 3 നഗരങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. (Photo : Twitter)
ഇംപാക്ട് പ്ലെയർ നിയമം: ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വലിയ മാറ്റമാണ് ഇംപാക്ട് പ്ലെയറുടെ വരവ്. ടോസ് ഇട്ടതിന് ശേഷം പ്ലേയിംഗ് ഇലവനോടൊപ്പം 5 സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളെ ഉൾപ്പെടുത്തുന്ന ലിസ്റ്റ് കൈമാറണം. ഇവരിൽ ഒരാളാണ് ഇംപാക്ട് പ്ലെയറായി എത്തുക. ഒരു താരത്തെ പിൻവലിച്ച് ഇംപാക്ട് പ്ലെയറെ ഇറക്കിയാൽ, മത്സരത്തിൻ്റെ അവശേഷിക്കുന്ന സമയം മുൻ കളിക്കാരന് കളിക്കാനാകില്ല. ഒരു ടീമിന്റെ ആദ്യ ഇലവനിൽ 4 വിദേശ കളിക്കാരെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അവർക്ക് ഒരു ഇന്ത്യൻ ഇംപാക്ട് പ്ലെയറെ മാത്രമേ കൊണ്ടുവരാൻ കഴിയൂ. (Photo : Twitter)
പുതിയ ടോസ് നിയമം: ഐപിഎല്ലിൽ മറ്റൊരു വൻ മാറ്റമാണ് പുതിയ ടോസ് നിയമത്തിലൂടെ ബിസിസിഐ അവതരിപ്പിച്ചിരിക്കുന്നത്. ടോസ് കഴിഞ്ഞാൽ ടീമുകൾക്ക് അവരുടെ പ്ലേയിംഗ് ഇലവനെ തീരുമാനിക്കാമെന്നതാണ് സവിശേഷത. ടോസിന്റെ ഫലമനുസരിച്ച് മികച്ച ടീമിനെ കളത്തിലിറക്കാൻ ഇരു ടീമുകളെയും ഈ നിയമ മാറ്റം അനുവദിക്കുന്നു. എസ്എ 20 ലീഗിൽ ഈ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. ഫീൽഡിംഗിനും ബാറ്റിംഗിനും വേണ്ടി രണ്ട് വ്യത്യസ്ത ടീം ഷീറ്റുമായാണ് ക്യാപ്റ്റൻമാർ കളത്തിലിറങ്ങുക. ടോസിൻ്റെ സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം. (Photo : Twitter)
ഡിആർഎസിന്റെ വിപുലീകരണം: ഈ സീസണിലെ ഐപിഎൽ മുതൽ ഓൺ-ഫീൽഡ് അമ്പയർമാർ വിധിക്കുന്ന നോബോളുകളും വൈഡുകളും ഡിആർഎസിന്റെ പരിധിയിൽ വരും. അതായത് ഓൺ ഫീൽഡ് അമ്പയർ വിധിക്കുന്ന നോബോളും വൈഡും ക്യാപ്റ്റൻമാർക്ക് അവലോകനം ചെയ്യാൻ കഴിയും. ഇതോടെ ലീഗിലെ വൈഡ്, നോബോൾ വിവാദങ്ങൾ കുറയുമെന്നാണ് വിലയിരുത്തൽ. (Photo : Twitter)