ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രമേഹരോഗികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം ഗണ്യമായി വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഉദാസീനമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും പ്രമേഹബാധിതരുടെ എണ്ണം വർധിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്.
ടൈപ്പ് 1, ടൈപ്പ് 2, ഗർഭകാല പ്രമേഹം എന്നിവങ്ങനെ മൂന്ന് തരത്തിലുള്ള പ്രമേഹരോഗബാധകളാണുള്ളത്. ടൈപ്പ് 1 പ്രമേഹം, ഒരു സ്വയം രോഗപ്രതിരോധ അവസ്ഥയാണ്. സാധാരണയായി ചെറുപ്പക്കാരെയാണ് ഇത് ബാധിക്കുന്നത്. ഇത്തരത്തിലുള്ള പ്രമേഹമുണ്ടെങ്കിൽ ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കില്ല. ടൈപ്പ് 1 പ്രമേഹം ഒഴിവാക്കാനാവാത്തതാണ്. ഗർഭകാല പ്രമേഹം പ്രസവശേഷം മാറുന്നതായി കാണാം. ശരീരം ഇൻസുലിനോട് ഫലപ്രദമായി പ്രതികരിക്കാത്തപ്പോഴാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കും.
കൂടുതൽ തവണ മൂത്രമൊഴിക്കുന്നതും ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നതും പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് നീക്കം ചെയ്യാനും മൂത്രത്തിലൂടെ പുറന്തള്ളാനും വൃക്കകൾ കൂടുതൽ പരിശ്രമിക്കേണ്ടതായി വരും.
അമിതമായ ദാഹം പ്രമേഹത്തിന്റെ ലക്ഷണമാണ്. ഗ്ലൂക്കോസ് പുറന്തള്ളുന്നതിൽ വൃക്കകളുടെ വർധിച്ച പ്രവർത്തനം കാരണം, ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം കുറയുന്നു. ഇത് അമിതമായ ദാഹത്തിലേക്ക് നയിക്കും.
നിർജ്ജലീകരണം, ഉമിനീരിലെ ഉയർന്ന പഞ്ചസാര, രോഗപ്രതിരോധ ശേഷി കുറയൽ എന്നിവ പ്രമേഹവുമായി ബന്ധപ്പെട്ട് വായിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. വായ, നാവ്, മോണ എന്നിവയെ വിവിധ രോഗാവസ്ഥകൾ ബാധിച്ചേക്കാം.
ഡയബറ്റിസ് രോഗികളിൽ പലപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടർച്ചയായി ശരീരം വളരെയധികം ക്ഷീണിതമായി തോന്നുന്നത് പ്രമേഹത്തിന്റെ ലക്ഷണമാണ്.
രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തെ തടസ്സപ്പെടുത്തിയേക്കാം. പ്രമേഹം വളരെ ഗുരുതരമാകുന്ന അവസ്ഥയിലാണ് ഇങ്ങനെ സംഭവിക്കുക. ഇത് പുരുഷന്മാരുടെ ലൈംഗികശേഷി കുറയുന്നതിന് കാരണമാകും.