Odisha triple train crash: ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 233 ആയി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഒഡീഷയിലെ ബാൽസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആയിരത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സിയിൽ പ്രവേശിപ്പിച്ചു.
മൂന്ന് ട്രെയിനുകളാണ് അപകടത്തിൽ പെട്ടത്. ഒഡീഷയിലെ ബാൽസോറിൽ പാളം തെറ്റി കിടന്നിരുന്ന ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിലേക്ക് ബെംഗളൂരുവിൽ നിന്നുമുള്ള യശ്വന്തപൂർ-ഹൗറ സൂപ്പർഫാസ്റ്റ് എക്സപ്രസ് വന്ന് ഇടിച്ച് കയറിയാണ് അപകടം സംഭവിക്കുന്നത്.
ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബോഗികൾ സമീപത്തുണ്ടായിരുന്ന ഗുഡ്സ് ട്രെയിനിൽ വന്ന പതിക്കുകയായിരുന്നു. അടുത്തിടെ രാജ്യത്ത് സംഭവിക്കുന്ന ഏറ്റവും വലിയ റെയിൽ ദുരന്തമാണ് ഒഡീഷയിലെ ബാൽസോറിൽ ജൂൺ രണ്ടിന് രാത്രിയിൽ ഉണ്ടായത്.
ഇന്നലെ വൈകിട്ട് 3.30നാണ് കൊൽക്കത്തയ്ക്ക് സമീപം ഷാലിമാറിൽ നിന്നും ചൈന്നയിലേക്കുള്ള കോറമണ്ഡൽ എക്സ്പ്രസിന്റെ സർവീസ് ആരംഭിച്ചത്. സർവീസ് ആരംഭിച്ച് മൂന്നാം സ്റ്റേഷൻ ലക്ഷ്യമാക്കി എക്സ്പ്രസ് ട്രെയിൻ കുതിച്ചപ്പോഴാണ് പാളം തെറ്റുന്നത്.
12 കോച്ചുകൾ പാളം തെറ്റി. ഈ സമയം ബെംഗളൂരുവിൽ നിന്നുള്ള യശ്വന്ത്പൂര്‍-ഹൗറ സൂപ്പർഫാസ്റ്റ് എക്പ്രസ് പാളം തെറ്റി കിടന്ന ട്രെയിലേക്ക് വന്ന് ഇടിച്ചു കയറിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.
അപകടത്തിൽപ്പെട്ടവരിൽ ഏറെയും ജനറൽ കംപാർട്ട്മെന്റിൽ യാത്ര ചെയ്തവരാണെന്നാണ് റെയിൽവേ അറിയിക്കുന്നത്. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.