തിരുവനന്തപുരം നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് വെള്ളാണിക്കല്‍ പാറമുകള്‍. തലസ്ഥാന നഗരത്തിന്റെ ആകാശക്കാഴ്ചയും അറബിക്കടലിന്റെ മനോഹാരിതയും സഹ്യപര്‍വത മലനിരകളും ഇവിടെ നിന്നാല്‍ ഒരേ സമയം കാണാന്‍ സാധിക്കും.
Vellanikkal Paramukal view point: 100 ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന ഈ പാറ സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 1600 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏത് നേരത്തും വീശിയടിക്കുന്ന തണുത്ത കാറ്റ് ഇവിടേയ്ക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് കുളിരേകും.
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂടിന് സമീപമാണ് വെള്ളാണിക്കല്‍ പാറമുകള്‍ സ്ഥിതി ചെയ്യുന്നത്.
നഗരത്തില്‍ നിന്ന് ഏകദേശം 20 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളാണിക്കല്‍ പാറയിലെത്താം.
തിരുവനന്തപുരത്തിന്റെ മിനി പൊന്മുടി എന്നാണ് ഇവിടം അറിയപ്പെടുന്നത്.
സാഹസിക യാത്രയും അല്‍പ്പം ട്രക്കിംഗുമെല്ലാം ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവിടേയ്ക്ക് ധൈര്യമായി കയറിച്ചെല്ലാം.
അവധി ദിവസങ്ങളില്‍ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ സ്ഥലമാണിത്.
തെളിഞ്ഞ കാലാവസ്ഥയില്‍ തെക്ക് പടിഞ്ഞാറ് ഭാഗത്തായി തിരുവനന്തപുരം നഗരത്തിന്റെ കാഴ്ചകളും പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിന്റെ വിദൂരദൃശ്യവും കാണാനാകും.
കിഴക്ക് ഭാഗത്തായി കോടമൂടിയ പൊന്മുടിയും അഗസ്ത്യാര്‍കൂടവും ഉള്‍പ്പെടുന്ന സഹ്യപര്‍വത മലനിരകളും കാണാന്‍ കഴിയുമെന്നതാണ് മറ്റൊരു സവിശേഷത.
പ്രദേശവാസികള്‍ പുലിച്ചാണി എന്ന് വിളിക്കുന്ന ഒരു ഗുഹയും ഇവിടെ കാണാം. പണ്ട് ഈ ഗുഹയില്‍ പുലി ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.
ആദിവാസി വിഭാഗമായ കാണിക്കാർ പൂജ ചെയ്യുന്ന വെള്ളാണിക്കൽ ഭഗവതി ക്ഷേത്രവും പാറമുകൾ ആയിരവല്ലി ക്ഷേത്രവും ഇവിടെയുണ്ട്.