പറഞ്ഞതിലും ഒരുമിനിട്ട് നേരത്തെയാണ് സൈറനുകൾ മുഴങ്ങിയത്. അധികം താമസിച്ചില്ല. 10.59 ഒാടെ ഇടുക്കി ചെറുതോണി അണക്കെട്ടിൻറെ മൂന്നാമത്തെ ഷട്ടർ സാവധാനം ഉയർത്തി. 35 സെൻറി മീറ്ററാണ് ഷട്ടർ ഉയർത്തിയത്. പെരിയാറിൽ ഏതാണ്ട് ഒരു മീറ്റർ മാത്രമാണ് നിലവിൽ വെള്ളം ഉയരുന്നതെന്ന് കണക്കാക്കുന്നത്.
ചെറുതോണി ചപ്പാത്ത് കവിഞ്ഞാണ് കഴിഞ്ഞ തവണ വെള്ളമൊഴുകിയത് എങ്കിൽ ഇത്തവണ അത്രയും വരില്ലെന്നാണ് വിലയിരുത്തുന്നത്. 11.25 ഒാടെയാണ് വെള്ളം ചെറുതോണി ചപ്പാത്തിലേക്ക് എത്തിയത്. സെക്കൻറിൽ 35000 ലിറ്റർ വെള്ളമാണ് ഒഴുകുന്നത്. ഇതു കൊണ്ട് തന്നെയാണ് അപകടത്തിൻറെ തോത് കുറയുന്നതും.
ഒരു സെക്കൻറിൽ 1600 രൂപയുടെ നഷ്ടമായിരിക്കും ഇത് വഴി കെ.എസ്.ഇ.ബിക്ക് ഉണ്ടാവുന്നത്. ഒരു മണിക്കൂറിൽ ഏതാണ്ട് 55 ലക്ഷം രൂപയുടെ നഷ്ടമായിരിക്കും ഉണ്ടാവുക. അതേസമയം ഷട്ടറുകൾ അടക്കുന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
മൂന്ന് ഷട്ടറുകൾ തുറന്നാൽ നഷ്ടം രണ്ട് കോടി കവിയും. ആൾ നാശം ഒഴിവാക്കുക ഡാമിൻറെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇതിൽ എറ്റവും പ്രധാനം സർക്കാരിന്. നാളെയും വരുന്ന ദിവസങ്ങളിലും ഉണ്ടാവുന്ന മഴ കണക്കിലെടുത്താണ് ഇന്ന് തന്നെ ഡമിലെ ജലനിരപ്പ് ക്രമീകരിക്കുന്നത്.