അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിൻ്റെ ആദ്യ പ്ലേഓഫിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7:30നാണ് മത്സരം ആരംഭിക്കുന്നത്. ഇന്ന് ജയിക്കുന്ന ടീം ഫൈനലിലേക്ക് നേരിട്ട് പ്രവേശിക്കും. അതേസമയം തോൽക്കുന്ന ടീമിന് ഫൈനലിലേക്ക് എത്താൻ ഒരവസരം കൂടി ലഭിക്കും.
14 മത്സരങ്ങളിൽ നിന്ന് 9 ജയവും മൂന്ന് തോൽവിയുമായി 20 പോയിൻ്റോടെ ലീഗ് ടോപ്പറായിട്ടാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേഓഫിലേക്ക് കടന്നത്. ബാറ്റിങ്ങിലും ബൗളിംഗിലും ഒരുപോലെ മികവുപുലർത്തിയാണ് കൊൽക്കത്ത ചരിത്രത്തിലാദ്യമായി ടേബിൽ ടോപേഴ്സായി പ്ലേഓഫിലേക്ക് എത്തുന്നത്. അവസാനത്തെ രണ്ട് ലീഗ് മത്സരങ്ങളും മഴമൂലം കൊൽക്കത്തയ്ക്ക് നഷ്ടമായിരുന്നു. ബാറ്റിങ്ങിലും ബൗളിംഗിലും ഈ സീസണിൽ തകർപ്പൻ ഫോമിൽ തിളങ്ങിയ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറായ സുനിൽ നരെയ്ൻ തന്നെയാണ് കൊൽക്കത്തയുടെ ട്രംപ്കാർഡ്. എന്നാൽ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഫിൽ സോൾട്ട് ലോകകപ്പിനായി നാട്ടിലേക്ക് മടങ്ങിയത് ടീമിന് തിരിച്ചടിയാണ്. നരെയ്ൻ - സോൾട്ട് ഓപ്പണിംഗ് സഖ്യമാണ് കൊൽക്കത്തയ്ക്ക് പവർപ്ലേയിൽ മികച്ച തുടക്കം നൽകിയിരുന്നത്. സോൾട്ടിന് പകരക്കാരാനായി അഫ്ഗാൻ താരം റഹ്മാനുള്ള ഗുർബാസാകും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ഇവർക്ക് പുറമേ നായകൻ ശ്രേയസ് അയ്യർ, വെങ്കിടേഷ് അയ്യർ, ആന്ദ്ര റസ്സൽ, നിതീഷ് റാണ, ഫിനിഷറായി റിങ്കു സിങ്ങും കൂടിയുള്ളതോടെ ബാറ്റിങ് നിര അതിശക്തമാണ്. ഓസീസ് താരം മിച്ചൽ സ്റ്റാർക്കിൻ്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിരയിൽ വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രേ റസ്സൽ, ഹർഷിത് റാണ തുടങ്ങിയവരുടെ മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങിൽ കണ്ടത്.
Also Read: IPL 2024 RCB vs CSK: ഇതാണ് തിരിച്ചുവരവ്; ഫൈനൽ ഓവർ ത്രില്ലറിൽ ചെന്നൈയെ വീഴ്ത്തി ബെംഗളൂരു പ്ലേഓഫിൽ
മറുവശത്ത് അഗ്രസ്സീവ് ബാറ്റിങ്ങ് ശൈലിയിലൂടെ പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദ് തങ്ങളുടെ രണ്ടാം ഐപിഎൽ കിരീടം എന്ന ലക്ഷ്യത്തോടെയാണ് പ്ലേഓഫ് കളിക്കാനെത്തുന്നത്. കൊൽക്കത്തയുടെ പോലെ തന്നെ സൺറൈസേഴ്സിനും കരുത്തേകുന്നത് ട്രാവിസ് ഹെഡ് - അഭിഷേക് ശർമ ഓപ്പണിംഗ് കൂട്ടുകെട്ട് തന്നെയാണ്. ഐപിഎല്ലിലെ നിരവധി ബാറ്റിംഗ് റെക്കോഡുകൾ തകർത്തെറിഞ്ഞ ബാറ്റിങ് നിരയാണ് സൺറൈസേഴ്സിന് ഈ ഐപിഎൽ സീസണിലുണ്ടായിരുന്നത്. ഈ സീസണിൽ 41 സിക്സടിച്ച അഭിഷേക് ശർമ, ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സ് അടിക്കുന്ന ഇന്ത്യൻ താരം എന്ന റെക്കോഡും സ്വന്തം പേരിലാക്കി. ഓപ്പണിംഗ് കൂട്ടുകെട്ടിന് പുറമേ നിതീഷ് റെഡ്ഢി, ഹെൻറിച്ച് ക്ലാസൻ, അബ്ദുൽ സമദ് തുടങ്ങിയ താരങ്ങളും മികച്ച ഫോമിലാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഒപ്പം ഏറ്റുമുട്ടി നിൽക്കാവുന്ന ഒരു ശക്തമായ ബൗളിംഗ് നിര സൺറൈസേഴ്സിനില്ലാത്തത് ഒരു പോരായ്മായണ്. വിക്കറ്റ് വേട്ടയിൽ ഹൈദരാബാദിൻ്റെ നടരാജൻ മാത്രമാണ് ആദ്യ പത്തിലുള്ളത്. നായകൻ പാറ്റ് കമ്മിൻസിൻ്റെയും ഭുവനേശ്വർ കുമാറിൻ്റെയും പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
ഈ സീസണിൽ ഇതിന് മുൻപ് കൊൽക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടിയപ്പോൾ 4 റൺസിൻറെ ജയം കൊൽക്കത്ത സ്വന്തമാക്കിയിരുന്നു. ഐപിഎൽ ചരിത്രം പരിശോധിച്ചാലും ഇരുവരും 26 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 9 എണ്ണത്തിൽ മാത്രമാണ് ഹൈദരാബാദിന് ജയിക്കാനായത്. അഹമ്മദാബാദിൽ ഇന്ന് മഴ പെയ്യാനുള്ള സാധ്യത തീർത്തും വിരളമാണെന്നാണ് കാലാവസ്ഥാ പ്രവചനം. അതേസമയം അന്തരീക്ഷ താപനില 41-42 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നതിനാൽ ഉഷ്ണ തരംഗത്തിനെതിരെ ആരാധകരും ടീമുകളും കരുതലെടുക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.