ഇന്ത്യന്‍ ക്രിക്കറ്റ് തലപ്പത്ത് ഇനി സൗരവ് ഗാംഗുലി!

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ ഇന്ത്യന്‍ നായകന്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത്.    

Last Updated : Oct 14, 2019, 09:20 AM IST
ഇന്ത്യന്‍ ക്രിക്കറ്റ് തലപ്പത്ത് ഇനി സൗരവ് ഗാംഗുലി!

മുംബൈ: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ബിസിസിഐ പ്രസിഡന്‍ന്റായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ തിരഞ്ഞെടുക്കാന്‍ ഏറെക്കുറെ ഉറപ്പായി.

ഇന്നലെ മുംബൈയില്‍ നടന്ന ബിസിസിഐയുടെ യോഗത്തില്‍ നിലവിലെ ബംഗാള്‍ ക്രിക്കറ്റ് അസോസിയഷന്‍റെ തലവന്‍ കൂടിയായ ഗാംഗുലിയുടെ പേര് വരികയായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ ഇന്ത്യന്‍ നായകന്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത്.  

അഞ്ചു മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷമാണ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് ഗാംഗുലിയുടെ പേര് നിര്‍ദ്ദേശിച്ചത്. ആദ്യം വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കാണ് ഗാംഗുലിയുടെ പേര് നിര്‍ദ്ദേശിച്ചതെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേലിന് ലഭിക്കുമെന്നു വിചാരിച്ചിരുന്ന ഈ സ്ഥാനം വളരെ അപ്രതീക്ഷിതമായാണ് ഗാംഗുലിയിലേക്കെത്തിയത്. 

ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ തലപ്പത്ത് പിടിമുറുക്കിയിരുന്ന എന്‍.ശ്രീനിവാസന്‍ പക്ഷത്തിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. 

ബ്രിജേഷ് പട്ടേലിനെ ഐപിഎല്‍ ചെയര്‍മാനായി തിരഞ്ഞെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ് ഷായാണ് ബിസിസിഐ സെക്രട്ടറി. 

മുന്‍ പ്രസിഡന്റും ധനകാര്യ സഹമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്‍റെ സഹോദരന്‍ അരുണ്‍ ധുമലാണ് ട്രഷറര്‍.  

Trending News