തിരുവനന്തപുരം : ഇന്ത്യൻ ക്രിക്കറ്റിനെ ആകെ പിടിച്ചു കുലുക്കൻ റിപ്പോർട്ടാണ് സീ മീഡിയ കഴിഞ്ഞ ദിവസം ഒളിക്യാമറയിലൂടെ പുറത്ത് വിട്ടത്. ടീമിലെ സെലക്ഷൻ സംബന്ധിച്ചുള്ള വിവരങ്ങളും താരങ്ങൾ ഫിറ്റ്നെസ് നിലനിർത്തുന്നതിനായി നിരോധിത ഉത്തേജക മരുന്നകൾ ഉപയോഗിക്കുന്നു തുടങ്ങിയ വെളിപ്പെടുത്തലുകളാണ് ബിസിസിഐ ചീഫ് സെലക്ടറായ ചേതൻ ശർമ സീ മീഡിയയുടെ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വിട്ടരിക്കുന്നത്. ഇത് സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക വൃത്തങ്ങൾ പ്രതികരിക്കാൻ തയ്യറായില്ലെങ്കിലും ചേതൻ ശർമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡുമായി അടുത്ത ബന്ധമുള്ളവർ പ്രതികരിക്കുന്നത്. ഇത്തരത്തിൽ ബോർഡിന്റെയും ടീമിന്റെയും സുപ്രധാന വിവരങ്ങൾ പുറത്ത് വിട്ട ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ബിസിസിഐ മുൻ വൈസ് പ്രസിഡന്റ് ടി സി മാത്യു പ്രതികരിക്കുന്നത്.
ഇനി ചേതൻ ശർമ്മയ്ക്ക് മുഖ്യ സെലക്ടറായി തുടരാൻ യോഗ്യനല്ലയെന്ന് ടിസി മാത്യു സീ മലയാളം ന്യൂസിനോട് പറഞ്ഞു. ഔദ്യോഗികമായല്ലാതെ പുറത്ത് അഭിപ്രായം പറഞ്ഞത് ശരിയല്ല. ചേതൻ ശർമ്മയുടെ കാര്യത്തിൽ ബിസിസിഐ തീരുമാനമെടുക്കണമെന്നും ബോർഡിന്റെ വൈസ് പ്രസിഡന്റ് തുറന്നടിച്ചു. അതേസമയം ടീമിന്റെ സെലക്ഷന്റെ കാര്യത്തിൽ ചില പോരാഴ്മകളുണ്ടെന്നും എന്നാൽ ചേതൻ ശർമ്മ പറയുന്നത് വിശ്വസിക്കുന്നില്ലയെന്നും ടിസി മാത്യു കൂട്ടിച്ചേർത്തു.
ALSO READ : Sanju Samson: ചേതൻ ശർമയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സഞ്ജുവിന് പിന്തുണ കൂടുന്നു
എന്നാൽ ഇത്തരത്തിൽ കാണിക്കുന്ന നിലപാട് സഞ്ജു സാംസണിനോട് കണിക്കുന്ന നീതികേടാണ്. മലയാളി താരത്തിന് മറ്റ് താരങ്ങൾക്ക് നൽകുന്ന പ്രധാന്യം ഇന്ത്യൻ ടീമിൽ നൽകുന്നില്ലയെന്നും ടിസി മാത്യു അഭിപ്രായപ്പെട്ടു. ടീം തിരഞ്ഞെടുപ്പിൽ പക്ഷപാതമില്ലെന്ന നിലപാടിൽ താൻ ഉറച്ച് നിൽക്കുകയാണെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻന്റെ മുൻ അധ്യക്ഷൻ അറിയിച്ചു. ഇന്ത്യയുടെ എല്ലാ ഭാഗത്ത് നിന്നുമുള്ള കളിക്കാർ ഇപ്പോൾ ടീമിലുണ്ട്. ഏതെങ്കിലും സംസ്ഥാനത്തിന് കുത്തകയുണ്ടെന്ന് കരുതുന്നില്ലയെന്ന് ടിസി മാത്യു വ്യക്തമാക്കി.
അതേസമയം വിരാട് കോലിയെ കുറിച്ചുള്ള ചേതൻ ശർമ്മയുടെ വെളിപ്പെടുത്തൽ തള്ളി കളയുകയാണ് ടിസി മാത്യു. കോലി ഏറ്റവും മികച്ച ക്യാപ്റ്റനും നല്ല കളിക്കാരനുമാണ്. കോലിയും രോഹിത് ശർമ്മയും നല്ല ബന്ധത്തിലാണ്. അതേസമയം കളിക്കാർ സെലക്ടറുടെ വീട് സന്ദർശിക്കുന്നുയെന്ന പരാമർശം ഗൗരവതരമാണെന്നും ടിസി മാത്യു പറഞ്ഞു. എന്നാൽ കളിക്കാർ ഇഞ്ചക്ഷൻ എടുത്ത് കൃത്രിമ ഫിറ്റ്നെസ് ഉണ്ടാക്കുന്നുവെന്ന് താൻ വിശ്വസിക്കുന്നില്ല. ഇത് ചേതൻ ശർമ്മയ്ക്ക് തോന്നിയ കാര്യമാകാം. ചേതൻ ശർമ്മയുടെ കാര്യത്തിൽ ബി.സി.സി.ഐ തീരുമാനമെടുക്കണം. ചേതൻ ശർമ്മ മികച്ച കളിക്കാരനായിരുന്നില്ലെന്നും ടിസി മാത്യു തുറന്നടിച്ചു.
സീ മീഡിയയുടെ സ്റ്റിങ് ഓപ്പറേഷനിടെയിൽ ചേതൻ ശർമ്മയുടെ വെളിപ്പെടുത്തലുകൾ
ഇന്ത്യൻ താരങ്ങൾ പ്രധാന ടൂർണമെന്റിന് ഫിറ്റ്നെസ് തെളിയിക്കുന്നതിന് നിരോധിത മരുന്നകൾ കുത്തിവെയ്ക്കുന്നു. ഇത് ഡോപ് ടെസ്റ്റിൽ കണ്ടെത്താൻ സാധിക്കില്ല. കോലിയും സൌരവ് ഗാംഗുലിയും തമ്മിൽ ഈഗോ പ്രശ്നം. ഗാംഗുലി പറഞ്ഞത് കോലി ഗൌനിച്ചില്ല. തുടർന്നാണ് ഇന്ത്യൻ ക്യാപ്റ്റൻസി സ്ഥാനത്ത് നിന്നും താരത്തെ പൂർണമായും നീക്കിയത്. താരങ്ങൾ ചീഫ് സെലക്ടറുടെ വീട്ടിൽ അടിക്കിടി സന്ദർശനം നടത്തുന്നു. മിക്ക താരങ്ങൾക്കും 80-85 ശതമാനം ഫിറ്റ്നെസെ ഉള്ളൂ. കോലിയും രോഹിത്തും തമ്മിൽ ഈഗോ പ്രശ്നമുണ്ട്. ടീം ഇന്ത്യ രണ്ട് തട്ടിലാണ്. ഒന്ന് കോലിയും വിഭാഗവും മറ്റൊന്ന് രോഹിത് വിഭാഗവും. ഇഷാൻ കിഷൻ കാരണം സഞ്ജു സാംസണിന്റെ കരിയർ ഇല്ലാതാകും. തുടങ്ങിയ നിരവധി വെളിപ്പെടുത്തലുകളാണ് ചേതൻ ശർമ്മ സീ മീഡിയയുടെ സ്റ്റിങ് ഓപ്പറേഷനിടെ പറഞ്ഞിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...