Copa America 2024: ദി ലാസ്റ്റ് ഡാന്‍സ്; കലാശപ്പോരിന് മിശിഹായും മാലാഖയും; എതിരാളികള്‍ കൊളംബിയ

ARG vs COL, Copa America 2024 Final: ലയണൽ മെസി, ഏയ്ഞ്ചൽ ഡി മരിയ, നിക്കോളാസ് ഒട്ടമെൻഡി എന്നിവരുടെ അവസാന കോപ്പ അമേരിക്ക മത്സരമാകും ഇത്. 

Written by - Zee Malayalam News Desk | Last Updated : Jul 14, 2024, 04:07 PM IST
  • പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ലയണല്‍ മെസിയ്ക്ക് സാധിച്ചിട്ടില്ല.
  • വെറും ഒരു ഗോള്‍ മാത്രമാണ് മെസിയ്ക്ക് ഇതുവരെ നേടാനായത്.
  • കൊളംബിയൻ നിരയിൽ ജെയിംസ് റോഡ്രിഗസ് മിന്നും ഫോമിലാണ്.
Copa America 2024: ദി ലാസ്റ്റ് ഡാന്‍സ്; കലാശപ്പോരിന് മിശിഹായും മാലാഖയും; എതിരാളികള്‍ കൊളംബിയ

മയാമി: കോപ്പ അമേരിക്ക 2024 ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തില്‍ നാളെ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന കരുത്തരായ കൊളംബിയയെ നേരിടും. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് മത്സരം ആരംഭിക്കുക. 

ഈ കോപ്പ അമേരിക്ക ടൂര്‍ണമെന്റോടെ താന്‍ ബൂട്ട് അഴിക്കുമെന്ന് അര്‍ജന്റീനയുടെ ഇതിഹാസ താരം എയ്ഞ്ചല്‍ ഡി മരിയയും നിക്കോളാസ് ഒട്ടമെന്‍ഡിയും നേരത്തെ തന്നെ അറിയിച്ചിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസിയും ഇനി താന്‍ ഒരു കോപ്പ അമേരിക്ക ടൂര്‍ണമെന്റിനോ ലോകകപ്പിനോ ഉണ്ടാകുമോ എന്ന കാര്യം സംശയമാണെന്ന തരത്തിലുള്ള പ്രതികരണമാണ് മുമ്പ് നടത്തിയിരുന്നത്. അങ്ങനെയെങ്കില്‍ കിരീട നേട്ടത്തോടെ പടിയിറങ്ങുക എന്ന ലക്ഷ്യവുമായാകും അര്‍ജന്റീനയുടെ മിശിഹായും മാലാഖയും നാളെ ബൂട്ടണിയുക. ഇതിഹാസ താരങ്ങള്‍ക്ക് കിരീടം നേടിക്കൊടുത്ത് അത്യുജ്വലമായ യാത്രയയപ്പ് നല്‍കാനാകും കോച്ച് ലയണല്‍ സ്‌കലോണിയും കളിക്കാരും തയ്യാറെടുക്കുന്നത്. 

ALSO READ: ഇനിയെങ്കിലും സഞ്ജുവിന് അവസരം ലഭിക്കുമോ? ഇന്ത്യ - സിംബാബ്‌വെ അവസാന ടി20 ഇന്ന്

ഈ ടൂര്‍ണമെന്റില്‍ പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ലയണല്‍ മെസിയ്ക്ക് സാധിച്ചിട്ടില്ല. വെറും ഒരു ഗോള്‍ മാത്രമാണ് മെസിയ്ക്ക് ഇതുവരെ നേടാനായത്. എന്നാല്‍, ഈ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അവസരങ്ങള്‍ (7) സൃഷ്ടിച്ച താരവും ഏറ്റവും കൂടുതല്‍ കീ പാസുകള്‍ നല്‍കിയ രണ്ടാമത്തെ (15) താരവും മെസിയാണ്. തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടവും തുടര്‍ച്ചയായ നാലാം അന്താരാഷ്ട്ര കിരീടവും നേടാനുറച്ച് മെസിയും സംഘവും ഇറങ്ങുമ്പോള്‍ കൊളംബിയയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. 

അതേസമയം, ജെയിംസ് റോഡ്രിഗസിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് കൊളംബിയ പ്രതീക്ഷയര്‍പ്പിക്കുന്നത്. ബ്രസീല്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത കൊളംബിയ ഈ ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. തുടര്‍ച്ചയായി 28 മത്സരങ്ങളില്‍ പരാജയം അറിയാതെയാണ് കൊളംബിയ അര്‍ജന്റീനയോട് ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. ഇതുവരെ 43 മത്സരങ്ങളിലാണ് അര്‍ജന്റീനയും കൊളംബിയയും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ 26 മത്സരങ്ങളിലും വിജയം അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു. 9 മത്സരങ്ങളില്‍ കൊളംബിയ വിജയിച്ചപ്പോള്‍ 8 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. 

മത്സരം എപ്പോൾ, എങ്ങനെ കാണാം?

ഇന്ത്യയിൽ ടിവിയിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ലൈവ് ടെലികാസ്റ്റ് ഇല്ല. ഇത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കുന്നത് എന്നതാണ് യാഥാർത്ഥ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News