യൂറോകപ്പ്: പോളണ്ടിനെ വീഴ്ത്തി പോര്‍ച്ചുഗല്‍ സെമിയില്‍

Last Updated : Jul 1, 2016, 03:01 PM IST
യൂറോകപ്പ്: പോളണ്ടിനെ വീഴ്ത്തി  പോര്‍ച്ചുഗല്‍ സെമിയില്‍

യൂറോകപ്പില്‍ ഇന്നലെ നടന്ന ആദ്യ  ക്വാര്‍ട്ടര്‍ മത്സരത്തില്‍ പോളണ്ടിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ സെമിഫൈനലില്‍ പ്രവേശിച്ചു. ഷൂട്ടൗട്ടിൽ 5-3 ന് ജയിച്ചാണ് പോർച്ചുഗല്‍ സെമിഫൈനലില്‍ പ്രവേശിച്ചത്‌. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൌട്ടിലേക്ക് നീണ്ടത്.

റെനെറ്റോ സാഞ്ചസ്, റൂയി പാട്രികോ, റിക്കാര്‍ഡോ ക്വരിസ്മോ.ഇവരാണ് പോര്‍ച്ചുഗലിന്‍റെ താരങ്ങള്‍. കളി തുടങ്ങി മുപ്പത്തിമൂന്നാം മിനിറ്റില്‍ റെനാറ്റോ സാഞ്ചസ് നേടിയ ഗോളാണ് നിശ്ചിത സമയത്തും അധിക സമയത്തും മത്സരം സമനിലയിലാക്കാന്‍ പോർച്ചുഗലിനെ സഹായിച്ചത്.  18 കാരനായ സാഞ്ചസി​ന്‍റെ ആദ്യ അന്താരാഷ്​ട്ര ഗോളായിരുന്നു ഇത്​. 

ഷൂട്ടൌട്ടില്‍ ആദ്യ കിക്കെടുത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിഴച്ചില്ല. ഉടന്‍ തന്നെ റൊണാള്‍ഡോയ്ക്ക് ലെവന്‍ഡോവ്സ്കിയുടെ മറുപടി.  പിന്നെ റെനെറ്റോ സാഞ്ചസും മിലികും മുന്‍ഗാമികളെ ആവര്‍ത്തിച്ചു. മൂന്നാം കിക്കെടുത്ത മൌടീഞ്ഞോക്കും ഗ്ലിക്കിനും പിഴച്ചില്ല. എന്നാല്‍, നാലാം കിക്കിലായിരുന്നു പോളണ്ടിന് മത്സരം കൈവിട്ടുപോയത്. പോളണ്ടിനെ ക്വാര്‍ട്ടറിലെത്തിച്ച ബ്ലാഷ്ചികോവ്സ്കിയുടെ കിക്ക് റൂയി പാട്രികോ തടഞ്ഞപ്പോള്‍  പോര്‍ച്ചുഗല്‍ സെമിയിലേക്ക് കൂടുതല്‍ അടുക്കുകയായിരുന്നു. ഒടുവില്‍ ക്വരിസ്മോ സഡന്‍ഡെത്തിലേക്ക് മത്സരം നീട്ടാതെ പോര്‍ച്ചുഗലിനെ സെമിയിലേക്ക് നയിച്ചു.

മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ  റോബേര്‍ട്ട് ലെവന്‍ഡോസ്‌കി വഴി ലീഡെടുത്ത പോളണ്ടിന് പിന്നീട് അതു മുതലെടുക്കാന്‍ സാധിച്ചില്ല. 120 മിനിറ്റുകള്‍ക്ക് ശേഷം പരാജിതരായിയാണ് പോളണ്ട് മടങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സുവര്‍ണാവസരങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടുത്തിയപ്പോള്‍ കളിയിലെ കേമനായ റെനറ്റോ സാഞ്ചസ് എന്ന യുവതാരത്തിലൂടെയാണ് പോര്‍ച്ചുഗല്‍ നിശ്ചിതസമയത്ത് മറുപടി നല്‍കിയത്.‌ ഇന്നത്തെ രണ്ടാം ക്വാര്‍ട്ടറിലെ വിജയികളെയാണ് സെമിയില്‍ പോര്‍ച്ചുഗലിന്‍റെ എതിരാളി.

Trending News