ദോഹ : കാമെറൂൺ തങ്ങളുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആന്ദ്രെ ഒനാനയെ ലോകകപ്പ് ടീമിൽ നിന്നും പുറത്താക്കി. സെർബിയയ്ക്കെതിരെയുള്ള മത്സരത്തിൽ താരത്തെ പകരക്കാരുടെ പട്ടികയിൽ പോലും കോച്ച് റിഗോബേർട്ട് സോങ് ഉൾപ്പെടുത്തിയില്ല. തുടർന്നാണ് ഇന്റർ മിലാൻ താരത്തെ കാമെറൂൺ തങ്ങളുടെ ലോകകപ്പ് സ്ക്വാഡിൽ നിന്നും പുറത്താക്കിയെന്ന് റിപ്പോർട്ട് പുറത്ത് വന്നത്. സെർബിയയ്ക്കെതിരെയുള്ള മത്സരത്തിന് തൊട്ടു മുമ്പാണ് കോച്ച് താരത്തെ ടീമിൽ നിന്നും ഒഴുവാക്കിയത്.
അച്ചടക്ക നടപടിയെ തുടർന്നാണ് ഒനാനയെ ടീമിൽ നിന്നും ഒഴുവാക്കിയതെന്ന് കാമെറൂൺ ഫുട്ബോൾ ഫെഡറേഷനുമായി അടുത്ത ബന്ധമുള്ള വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. കോച്ചിന്റെ തീരുമാനങ്ങളോട് വിമൂഖത കാട്ടിയ താരം തന്റെ ശൈലി മാറ്റാൻ തയ്യാറാകാതെ വന്നപ്പോഴാണ് ഒനാനയെ ടീമിൽ പുറത്താക്കിയതെന്ന് ഫുട്ബോൾ ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ അറിയിച്ചു. തുടർന്ന് താരം കാമെറൂണിന്റെ ക്യാമ്പ് വിട്ടുയെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നു.
ALSO READ : FIFA World Cup 2022: ഖത്തറിലും തരംഗമായി സഞ്ജു; കട്ട സപ്പോർട്ടുമായി ആരാധകർ ഫിഫ വേദിയിൽ
ഒനാനയ്ക്ക് പകരം സൗദി അറേബ്യൻ ടീം അഭായുടെ ഗോൾ കീപ്പർ ഡേവിസ് എപാസ്സിയെ കോച്ച് സോങ് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി. അതേസമയം സെർബിയയ്ക്കെതിരെയുള്ള മത്സരത്തിൽ കാമെറൂൺ മൂന്ന് ഗോളിന്റെ സമനില വാങ്ങി. അടിക്ക് തിരിച്ചടി എന്ന തലത്തിലായിരുന്നു യുറോപ്യൻ ആഫ്രിക്കൻ ടീമുകൾ തമ്മിലുള്ള മത്സരം. ജീൻ ചാർലസ് കാസ്റ്റെല്ലോട്ടോ, വിൻസന്റ് അബുബക്കർ, എറിക് മാക്സിം ചോപോ മോട്ടിങ് തുടങ്ങിയവരാണ് കാമെറൂണിനായി ഗോളുകൾ നേടിയത്. പാവ്ലോവിച്ച്, മിലങ്കോവിച്ച് സാവിച്ച്, അലക്സാന്ദർ മിത്രോവിച്ച് എന്നിവരാണ് സെർബിയയ്ക്ക് വേണ്ടി ഗോളുകൾ സ്വന്തമാക്കിയത്.
ഈ കഴിഞ്ഞ സമ്മർ ബ്രേക്കിലാണ് ഒനാന ഫ്രീ ഏജന്റായി സിരി എ വമ്പന്മാരായ ഇന്റർ മിലാനിലേക്കെത്തുന്നത്. ഡോപിങ് തുടർന്ന് ലഭിച്ചു വിലക്കിനെ തുടർന്ന് കഴിഞ്ഞ വർഷം ഡച്ച് ക്ലബ് അയാക്സ് താരത്തെ പുറത്താക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...