അഹമ്മദബാദ് : ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പാർട്ടികൾ തങ്ങളുടെ സ്ഥാനാർഥികളെ കണ്ടെത്താനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ്. അതിനിടെയാണ് ഗുജറാത്തിൽ എല്ലാവരുടെയും കണ്ണ് ജാംനഗറിലേക്ക് പോകുന്നത്. പാർട്ടികൾ തമ്മിലുള്ള പോര് കുടുംബത്തിലേക്ക് നയിക്കുകയാണ് ജാംനഗർ നോർത്ത് നിയമസഭ മണ്ഡലത്തിൽ. ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ കുടുംബത്തിൽ നിന്നാണ് രാഷ്ട്രീയ പോരാട്ടം ഉടലെടുക്കുന്നത്. ജാംനഗറിൽ ബിജെപിയുടെ സ്ഥാനാർഥിയായി ജഡേജയുടെ ഭാര്യ റിവാബ ജഡേജ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. റിവാബയ്ക്കെതിരെയെത്തുന്ന എതിർ സ്ഥാനാർഥിയോ സ്വന്തം 'നാത്തൂൻ' ആണ്. ബിജെപി ജഡേജയുടെ ഭാര്യയെ സ്ഥാനാർഥിയാക്കിയാൽ താരത്തിന്റെ സഹോദരി നൈന ജഡേജയെ കളത്തിൽ ഇറക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ്.
2019 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ജഡേജയുടെ ഭാര്യ റിവാബ ബിജെപിയിൽ ചേരുന്നത്. അതിന് ശേഷം താരത്തിന്റെ സഹോദരി കോൺഗ്രസിൽ ചേരുകയും ചെയ്തു. ജാംനഗറിലെ കോൺഗ്രസിന്റെ ഏറ്റവും സുപരിചിതയായ പ്രവർത്തകയാണ് നൈന. ജില്ല മഹിള കോൺഗ്രസ് അധ്യക്ഷയും കൂടിയാണ് നൈന. ബിജെപിയുടെ ധർമേന്ദ്ര സിങ് ജഡേജയാണ് ജാംനഗർ നോർത്തിൽ നിന്നുള്ള നിലവിലെ നിയമസഭ അംഗം. ഇരു പാർട്ടികളും ജാംനഗറിൽ ആര് ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന കണക്ക് കൂട്ടിലിലാണ്.
ഗുജറാത്ത് തിരഞ്ഞെടുപ്പ്
രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുകയെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്തസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലായി രണ്ട് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത്. വെട്ടെണ്ണൽ ഹിമാചൽ പ്രദേശിനോടൊപ്പം ഡിസംബർ എട്ടിന് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ രാജീവ് കുമാർ അറിയിച്ചു. നിലവിലെ ഗുജറാത്ത് നിയമസഭയുടെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കും.
2017ലാണ് ഏറ്റവും അവസാനമായി ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. 2017 തിരഞ്ഞെടുപ്പിൽ 99 സീറ്റകൾ സ്വന്തമാക്കിയ ബിജെപി തുടർച്ചയായി അഞ്ചാം തവണ ഗുജറാത്തിൽ അധികാരത്തിലെത്തുകയും ചെയ്തു. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് 77 സീറ്റുകളാണ് സ്വന്തമാക്കിയത്. ആം ആദ്മി പാർട്ടിയും ഇത്തവണ ഗുജറത്തിൽ മത്സരത്തിനിറങ്ങുമ്പോൾ ത്രികോണ മത്സരമാണ് ചിത്രമാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...