ബംഗ്ലാദേശിനെ തുരത്തി ഇന്ത്യ സെമിയില്‍ പ്രവേശിച്ചു

ബംഗ്ലാദേശിനെതിരെ 28 റണ്‍സിന്‍റെ വിജയമാണ് കൊഹ്‌ലി പട നേടിയത്.    

Last Updated : Jul 3, 2019, 08:32 AM IST
ബംഗ്ലാദേശിനെ തുരത്തി ഇന്ത്യ സെമിയില്‍ പ്രവേശിച്ചു

ബിര്‍മിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ തുരത്തി സെമിയിലേക്ക് മുന്നേറി ഇന്ത്യ. ബംഗ്ലാദേശിനെതിരെ 28 റണ്‍സിന്‍റെ വിജയമാണ് കൊഹ്‌ലി പട നേടിയത്.  

ഇന്ത്യ ഉയർത്തിയ 315 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 286 റണ്‍സെടുക്കുമ്പോഴേക്കും പോരാട്ടം അവസാനിക്കുകയായിരുന്നു. ജസ്പ്രീത് ബൂമ്രയുടെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.

ഹർദ്ദിക് മൂന്നും ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, യുസ് വേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ബംഗ്ലാദേശിനായി ഷക്കീബ് അൽ ഹസനും മുഹമ്മദ് സെയ്ഫുദ്ദീനും അർദ്ധ സെഞ്ച്വറി നേടി.

ആദ്യം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിലാണ് 314 റൺസ് അടിച്ചുകൂട്ടിയത്. അതിഗംഭീര തുടക്കമാണ് രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ സഖ്യം നല്‍കിയത്.  

മുസ്താഫിസുറിന്‍റെ പന്തില്‍ രോഹിത് നല്‍കിയ അവസരം തമീം ഇക്ബാല്‍ നിലത്തിട്ടതോടെ ഇന്ത്യക്ക് ആശ്വാസമായി.  കെ.എല്‍ രാഹുലിന് അധികം സമ്മര്‍ദ്ദം കൊടുക്കാതെ ആക്രമണം സ്വയം ഏറ്റെടുത്ത് ഹിറ്റ്മാന്‍ കളിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് എത്തി.

ലോകകപ്പില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡ് മറികടന്ന രോഹിത് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളെന്ന (4) സംഗക്കാരയുടെ റെക്കോര്‍ഡിനൊപ്പമെത്തി.

ഹാര്‍ദിക് വന്നതും പോയതും ഒരുമിച്ചായതോടെ ഇന്ത്യന്‍ മധ്യനിരയില്‍ ആശങ്ക പടര്‍ന്നു. എന്നാല്‍, ഋഷഭ് പന്ത് ബൗണ്ടറികളുമായി നിറഞ്ഞാടിയതോടെ ബംഗ്ല ബൗളര്‍മാര്‍ ഒന്ന് വിയര്‍ത്തു. 41 പന്തില്‍ ആറ് ഫോറും ഒരു സിക്സും പറത്തിയ ഋഷഭ് അര്‍ധ സെഞ്ചുറി ഉറപ്പിച്ച ഘട്ടത്തിലാണ് നിര്‍ഭാഗ്യം വീണ്ടുമെത്തിയത്.

ഷാക്കിബ് ആയിരുന്നു ഋഷഭിനെ 48 റണ്‍സിന് പുറത്താക്കിയത്. 33 പന്തില്‍ 35 റണ്‍സ് എടുത്ത ധോണിയുടെ വിക്കറ്റ് അവസാന ഓവറില്‍ വീണില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്കോര്‍ 320 കടക്കുമായിരുന്നു. 

Trending News