ബോർഡർ ഗവാസ്കർ ട്രോഫിയ്ക്ക് പിന്നാലെ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം വേദിയാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിലും ഡിസ്നി+ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
2020 ജനുവരിയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും അവസാനമായി വാങ്കഡെ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യയ്ക്ക് എതിരെ തകർപ്പൻ ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഡേവിഡ് വാർണറുടെയും ആരോൺ ഫിഞ്ചിൻരെയും സെഞ്ച്വറികളുടെ കരുത്തിൽ 10 വിക്കറ്റിനായിരുന്നു ഓസീസിൻറെ ജയം. അന്ന് നേരിട്ട പരാജയത്തിന് മൂന്ന് വർഷത്തിന് ശേഷം പകരം വീട്ടാനുള്ള അവസരമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.
READ ALSO: വാരണാസിയിൽ ബിസിസിഐ സ്റ്റേഡിയം നിർമിക്കാൻ ഒരുങ്ങുന്നു; ചിലവ് 300 കോടി
ആദ്യ മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാൽ മത്സരത്തിൽ നിന്ന് വിട്ട് നിൽക്കുന്ന രോഹിത്തിന് പകരം ഹാർദ്ദിക് പാണ്ഡ്യ ആദ്യ മത്സരത്തിൽ ഇന്ത്യയെ നയിക്കും. രോഹിത് ശർമ്മയ്ക്ക് പുറമെ യുവതാരം ശ്രേയസ് അയ്യരുടെ സേവനവും ഇന്ത്യയ്ക്ക് നഷ്ടമാകും. നാലാം ടെസ്റ്റിനിടെ പരിക്കേറ്റ ശ്രേയസിന് ഒന്നാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കെ.എൽ രാഹുലും സൂര്യകുമാർ യാദവും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ബൌളിംഗ് നിരയിലേയ്ക്ക് ഉമ്രാൻ മാലിക്, യുസ്വേന്ദ്ര ചാഹൽ, ഓൾ റൌണ്ടർ വാഷിംഗ്ടൺ സുന്ദർ എന്നിവർ മടങ്ങിയെത്തും.
ഏകദിന പരമ്പരയ്ക്കുള്ള ടീമിലേയ്ക്ക് ഡേവിഡ് വാർണറും ആഷ്ടൺ അഗറും തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ഓസീസ് ക്യാമ്പ്. പരിക്കിൽ നിന്ന് മോചിതരായ വെടിക്കെട്ട് ബാറ്റ്സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലും ഓൾ റൌണ്ടർ മിച്ചൽ മാർഷും ടീമിൽ തിരികെയെത്തിട്ടുണ്ട്. അമ്മയുടെ മരണത്തെ തുടർന്ന് നാട്ടിൽ തുടരുന്ന പാറ്റ് കമ്മിൻസ് മടങ്ങിയെത്താതിനാൽ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയെ നയിക്കുക.
റൺസ് ഒഴുകുന്ന പിച്ചാണ് വാങ്കഡെയിൽ ഒരുക്കിയിരിക്കുന്നത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെ ശരാശരി സ്കോർ 324 ആണ്. ഇവിടെ നടന്ന കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ 75 ശതമാനം വിക്കറ്റുകളും പേസർമാരാണ് സ്വന്തമാക്കിയത്. ടോസ് നേടുന്ന ടീം ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഈ വർഷം ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇരുടീമുകൾക്കും ഈ പരമ്പര ഒരുപോലെ നിർണായകമാണ്.
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന സ്ക്വാഡ്
ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, ഷാർദുൽ ഠാക്കൂർ, അക്സർ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്.
ഓസ്‌ട്രേലിയ: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), സീൻ അബോട്ട്, ആഷ്ടൺ അഗർ, അലക്‌സ് ക്യാരി, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലാബുഷെയ്ൻ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാർണർ, ആദം സാമ്പ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...