ദക്ഷിണാഫ്രിക്ക: ജൂനിയർ വനിതാ ഹോക്കി ലോകകപ്പിന് ദക്ഷിണാഫ്രിക്കയിൽ ഇന്ന് തുടക്കമാകും. ഇന്ത്യയുടെ ആദ്യ മത്സരം ശനിയാഴ്ച വെയിൽസിനെതിരെയാണ്.16 ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്.വിദേശപര്യടനങ്ങളിലെ അജയ്യതയ്ക്ക് പിന്നാലെ ഇന്ത്യൻ ജൂനിയർ ടീം പങ്കെടുക്കുന്ന ആദ്യ അന്താരാഷ്ട്ര ടൂർണമെൻറ് കൂടിയാണിത്.
പൂൾ ഡി യിലാണ് സലീമ ടെറ്റെ ക്യാപ്ടനായ ഇന്ത്യൻ ടീം. അക്ഷത ദേഖലെ, സംഗീതകുമാരി , ദീപിക, സംഗീതകുമാരി , ബിച്ചു ദേവി ഖരിബം, ഇഷിക ചൌധരി തുടങ്ങി സീനിയർ ടീം ജഴ്സിയണിഞ്ഞ താരങ്ങളാണ് ഇന്ത്യൻ ടീമിന്റെ കരുത്ത്. പോച്ചെഫ്സ്ട്രോമിലെ നോർത്ത് - വെസ്റ്റ് യൂണിവേഴ്സിറ്റി സ്‌റ്റേഡിയത്തിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ വെയിൽസാണ് ഇന്ത്യയുടെ എതിരാളി.
ഏപ്രിൽ 3 ന് മുൻ ചാമ്പ്യന്മാരായ ജർമനിയെയും ഏപ്രിൽ 5 ന് മലേഷ്യയെയും ജാനെക് ഷോപ്പ്മാൻ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ജൂനിയർ ടീം നേരിടും. ഏപ്രിൽ 8-ന് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളും ഏപ്രിൽ 10-ന് സെമി ഫൈനലുകളും നടക്കും. ഏപ്രിൽ 12-നാണ് ജൂനിയർ വനിതാ ഹോക്കി ലോകകപ്പിന്റെ ഫൈനൽ പോരാട്ടം.
അർജന്റീനയാണ് ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാർ. 2016-ൽ ചിലിയിലെ സാന്റിയാഗോയിൽ നടന്ന ലോകകപ്പിൽ നെതർലണ്ട്സിനെ 4-2 ന് തോൽപിച്ചായിരുന്നു അർജന്റീനയുടെ കിരീട നേട്ടം. 3 തവണ ജേതാക്കളായ നെതർലണ്ട്സാണ് ഏറ്റവും കൂടുതൽ തവണ കിരീടത്തിൽ മുത്തമിട്ട രാജ്യം. 2013 ൽ ജർമനി ആതിഥ്യമരുളിയ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയതാണ് ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.