സിഡ്നി: ഇന്ത്യക്കെതിരെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഫോളോഓണ്‍. ഇന്ത്യയുടെ 622 നെതിരെ ആദ്യ ഇന്നിങ്‌സില്‍ ഓസീസ് 300ന് പുറത്താവുകയായിരുന്നു. 322 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഇന്ത്യ നേടിയത്. ഒരു സെഷനും ഒരു ദിവസവും ശേഷിക്കെ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍.
അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് രണ്ട് വീതം വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരാണ് ഓസീസിനെ ഫോളോഓണിലേക്ക് തള്ളിവിട്ടത്. 79 റണ്‍സ് നേടിയ മാര്‍കസ് ഹാരിസാ (79)ണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മര്‍നസ് ലബുഷാഗ്നെ (38), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (37) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ഏഴിന് 622 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
പാറ്റ് കമ്മിന്‍സ് (25), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (37), നഥാന്‍ ലിയോണ്‍ (0), ജോഷ് ഹേസല്‍വുഡ് (21) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് അവര്‍ക്ക് നഷ്ടമായത്. മൂന്നാം ദിനം വെളിച്ചക്കുറവ് കാരണം നേരത്തെ കളി അവസാനിക്കുമ്പോള്‍ ഓസീസ് ആറിന് 236 എന്ന നിലയിലായിരുന്നു.
എന്നാല്‍ നാലാം ദിവസം രാവിലെ മഴയെത്തിയതോടെ ആദ്യ സെഷനില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. രണ്ടാം സെഷനില്‍ തുടക്കത്തില്‍ പാറ്റ് കമ്മിന്‍സ് പവലിയനിലേക്ക് മടങ്ങി. തലേ ദിവസത്തെ സ്‌കോറിന് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാന്‍ കമ്മിന്‍സിന് സാധിച്ചില്ല. ഷമിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു കമ്മിന്‍സ്. വൈകാതെ ഹാന്‍ഡ്‌സ്‌കോംപും മടങ്ങി.
ബുംറയുടെ പന്തില്‍ വിക്കറ്റ് തെറിക്കുകയായിരുന്നു. ലിയോണിനെയാവട്ടെ കുല്‍ദീപ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കി. നേരത്തെ, ഉസ്മാന്‍ ഖവാജ (27), മാര്‍കസ് ഹാരിസ് (79), ഷോണ്‍ മാര്‍ഷ് (8), മര്‍നസ് ലബുഷാഗ്‌നെ (22), ട്രാവിസ് ഹെഡ് (20), ടിം പെയ്ന്‍ (5) എന്നിവരെ ഓസീസിന് നഷ്ടമായിരുന്നു. ഖവാജയുടെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്.
കുല്‍ദീപിനെതിരെ വലിയ ഷോട്ടിന മുതിര്‍ന്ന ഖവാജയ്ക്ക് പിഴച്ചു. മിഡ് വിക്കറ്റില്‍ പൂജാരയുടെ കൈകളിലേക്ക്. 72 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. പിന്നാലെ എത്തിയത് ലബുഷാഗ്‌നെ. ഹാരിസും ലബുഷാഗ്‌നെയും പതിയെ ഓസീസിനെ മുന്നോട്ട് നയിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹാരിസിന്റെ വിക്കറ്റ് തെറിപ്പിച്ച ജഡേജ വീണ്ടും ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.
ജഡേജയുടെ സ്‌ക്വയര്‍ കട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ ബൗള്‍ഡാവുകയായിരുന്നു. ഷോണ്‍ മാര്‍ഷിനെ ജഡേജയുടെ തന്നെ പന്തില്‍ സ്ലിപ്പില്‍ രഹാനെ പിടികൂടി. ലബുഷാഗ്‌നെ അല്‍പനേരം പിടിച്ചു നിന്നെങ്കിലും ഷമിയുടെ പന്തില്‍ ഷോര്‍ട്ട് ലെഗില്‍ രഹാനെയ്ക്ക് ക്യാച്ച് നല്‍കി. ട്രാവിസ് ഹെഡ് കുല്‍ദീപിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. പെയ്നാവട്ടെ കുല്‍ദീപിന്റെ പന്തില്‍ കുറ്റി തെറിക്കുകയായിരുന്നു.
പന്തിന്റെ അതിവേഗ സെഞ്ചുറിയും പൂജാരയുടെ ഇരട്ട സെഞ്ചുറി നഷ്ടവുമായിരുന്നു രണ്ടാം ദിവസത്തെ പ്രധാന ഹൈലൈറ്റസ്. നാലിന് 303 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. രവീന്ദ്ര ജഡേജയും (81) വാലറ്റത്ത് നിര്‍ണായക സംഭാവന നല്‍കി. നേരത്തെ മായങ്ക് അഗര്‍വാളും (77), ഹനുമ വിഹാരി (42)യും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ മൂന്നും ജോഷ് ഹേസല്‍വുഡ് രണ്ടും വിക്കറ്റ് നേടി. വിഹാരിയുടെ വിക്കറ്റാണ് രണ്ടാം ദിവസം ഇന്ത്യക്ക് ആദ്യം നഷ്ടമായത്. എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന പന്ത് - പൂജാര സഖ്യം 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അധികനേരം ഈ കൂട്ടുക്കെട്ട് മുന്നോട്ട് പോയില്ല. ഇരട്ട സെഞ്ചുറിക്ക് തൊട്ടടുത്ത് പൂജാര വീണു.
193 റണ്‍സെടുത്ത പൂജാരയെ സ്വന്തം പന്തില്‍ നഥാന്‍ ലിയോണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഓസീസിനെതിരെ മാത്രം മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടാനുള്ള അവസരമാണ് പൂജാരയ്ക്ക് നഷ്ടമായത്. 373 പന്തില്‍ 22 ബൗണ്ടറി ഉള്‍പ്പെടെയാണ് പൂജാര 193 റണ്‍സെടുത്തത്. ചേതേശ്വര്‍ പൂജാരയ്ക്ക് ഇരട്ട സെഞ്ചുറി നഷ്ടമായെങ്കിലും ഋഷഭ് പന്ത് വൈകാതെ സെഞ്ചുറി പൂര്‍ത്തിയാക്കി. 189 പന്തില്‍ 15 ഫോറും ഒരു സ്‌കിസും ഉള്‍പ്പെടുന്നതാണ് പന്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.
പന്തിന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. നേരത്തെ ഇംഗ്ലണ്ട് പരമ്പരയിലും പന്ത് സെഞ്ചുറി നേടിയിരുന്നു. മാത്രമല്ല, രണ്ട് രാജ്യങ്ങളിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്തിനെ തേടിയെത്തി. പന്തിന് കൂട്ടുണ്ടായിരുന്ന രവീന്ദ്ര ജഡേജയും മികച്ച പ്രകടനം പുറത്തെടുത്തു. 114 പന്തുകള്‍ നേരിട്ട താരം ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്ന ജഡേജയുടെ ഇന്നിങ്‌സ്. ഇരുവരും 204 റണ്‍സാണ് ഇരുവരും ചേര്‍ന്നുള്ള സഖ്യം കൂട്ടിച്ചേര്‍ത്തത്.