ധോണി ഇനി ഈ വലിയ വീട് നോക്കട്ടെ....!!

ഒടുവില്‍ വീട്ടുകാരും പറയുന്നു. ഇനി കളി മതിയാക്കൂ, പറയുന്നത് മറ്റാരോടുമല്ല, ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ് ധോണിയോട് തന്നെ!!

Last Updated : Jul 17, 2019, 02:46 PM IST
ധോണി ഇനി ഈ വലിയ വീട് നോക്കട്ടെ....!!

റാഞ്ചി: ഒടുവില്‍ വീട്ടുകാരും പറയുന്നു. ഇനി കളി മതിയാക്കൂ, പറയുന്നത് മറ്റാരോടുമല്ല, ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ് ധോണിയോട് തന്നെ!!

ലോകകപ്പിന് ശേഷം ധോണിയുടെ വിരമിക്കലാണ് ക്രി‌ക്ക‌റ്റ്‌ ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇക്കാര്യത്തില്‍ ആകാംഷയിലാണ് ക്രിക്കറ്റ് ആരാധകരും. എന്നാല്‍, ഈ വിഷയത്തില്‍ ഇതുവരെ യാതൊരു പരാമര്‍ശവും ധോണി നടത്തിയിട്ടില്ല എന്നത് വസ്തുതയാണ്.

എന്നാല്‍ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ധോണിയുടെ കുടുംബം. ധോണി ഇനി ക്രിക്കറ്റില്‍ തുടരേണ്ടെന്നാണ് അദ്ദേഹത്തിന്‍റെ മാതാപിതാക്കളുടെ നിലപാട്. 

ധോണിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇക്കഴിഞ്ഞ ദിവസം താന്‍ ധോണിയുടെ വീട്ടില്‍ പോയിരുന്നുവെന്നും മാതാപിതാക്കളോട് സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

"ഇക്കഴിഞ്ഞ ഞായറാഴ്ച ഞാന്‍ ധോണിയുടെ വീട്ടില്‍ പോയി അദ്ദേഹത്തിന്‍റെ മാതാപിതാക്കളോട് സംസാരിച്ചിരുന്നു. ധോണി ഇപ്പോള്‍ തന്നെ ക്രിക്കറ്റ് മതിയാക്കണമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, ഒരു വര്‍ഷം കൂടി ധോണി കളി തുടരണമെന്ന് ഞാന്‍ പറഞ്ഞു. ട്വന്‍റി 20 ലോകകപ്പിനു ശേഷം ധോണി വിരമിക്കുന്നതായിരിക്കും നല്ലതെന്ന് അവരോട് പറഞ്ഞു. എന്നാല്‍,​ അവര്‍ അതിനെ എതിര്‍ത്തു. ആര് പിന്നെ ഈ വലിയ വീട് നോക്കുമെന്നാണ് അവര്‍ ചോദിക്കുന്നത്, അദ്ദേഹം പറഞ്ഞു. 

അതേസമയം, ഇത്രയും നാള്‍ ഈ വലിയ കുടുംബത്തെ നോക്കിയ നിങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി അത് തുടര്‍ന്നൂടേയെന്ന് താന്‍ ആവശ്യപ്പെട്ടു''വെന്നും കേശവ് ബാനര്‍ജി പറഞ്ഞു. 

എങ്ങനെ പറന്നു വരുന്ന പന്തും കൈപ്പിടിയിലൊതുക്കാനുള്ള ധോണിയുടെ കഴിവ് ശ്രദ്ധയില്‍പ്പെട്ട കേശവാണ് താരത്തെ ഗോള്‍കീപ്പര്‍ എന്ന റോളില്‍ നിന്ന് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍ എന്ന നിലയിലേക്ക് വളര്‍ത്തിയെടുത്തത്.

ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ വിമരിക്കല്‍ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ലോകകപ്പോടെ ധോണി വിരമിക്കുമെന്നായിരുന്നു ഏറ്റവും കൂടുതല്‍ പ്രചരിച്ച വാര്‍ത്തകളിലൊന്ന്.

ഇന്ത്യയുടെ കരീബിയന്‍ പര്യടനം ആരംഭിക്കാനിരിക്കെ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ചൂട് പിടിയ്ക്കുകയാണ്. അടുത്തുതന്നെ നടക്കാനിരിക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണിയുണ്ടാകുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. 

 

Trending News