Sanju Samson: സഞ്ജുവിന് 24 ലക്ഷം രൂപ പിഴ; ഇനി ആവർത്തിച്ചാൽ കനത്ത പിഴയ്ക്കൊപ്പം വിലക്കും

ഈ സീസണിൽ ഒരുതവണ കൂടി സമാന കുറ്റത്തിന് പിടിക്കപ്പെട്ടാൽ ഐപിഎൽ നിയമപ്രകാരം 30 ലക്ഷം രൂപ പിഴയും അതിനടുത്ത ലീഗ് മത്സരത്തിൽ നിന്ന് വിലക്കുമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 26, 2021, 02:40 PM IST
  • കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന് പിഴ.
  • 24 ലക്ഷം രൂപയാണ് പിഴയായി ഒടുക്കേണ്ടി വരിക.
  • ഇനി ആവർത്തിച്ചാൽ അടുത്ത ലീ​ഗ് മത്സരത്തിൽ നിന്ന് വിലക്ക് നേരിടേണ്ടി വരും.
Sanju Samson: സഞ്ജുവിന് 24 ലക്ഷം രൂപ പിഴ; ഇനി ആവർത്തിച്ചാൽ കനത്ത പിഴയ്ക്കൊപ്പം വിലക്കും

അബുദാബി: ഡൽഹി ക്യാപിറ്റൽസിനെതിരായ (Delhi Capitals) തോൽവിക്ക് പുറമേ കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ രാജസ്ഥാൻ റോയൽസിന്റെ (Rajasthan Royals) ക്യാപ്റ്റൻ സഞ്ജു സാംസണിന് (Sanju Samson) കനത്ത പിഴ 24 ലക്ഷം രൂപയാണ് സഞ്ജു പിഴയായി ഒടുക്കേണ്ടത്. ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ സഞ്ജുവിന് പിഴ നൽകേണ്ടി വരുന്നത്.

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലാണ് ഐപിഎൽ അധികൃതർ സഞ്ജുവിന് പിഴയിട്ടത്.  12 ലക്ഷം രൂപയാണ് സഞ്ജുവിന് നൽകേണ്ടി വന്നത്. ഈ സീസണിൽ ഒരുതവണ കൂടി സമാന കുറ്റത്തിന് പിടിക്കപ്പെട്ടാൽ ഐപിഎൽ നിയമപ്രകാരം 30 ലക്ഷം രൂപ പിഴയും അതിനടുത്ത ലീഗ് മത്സരത്തിൽ നിന്ന് വിലക്കുമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മത്സരം തോറ്റതിന്റെ വിഷമത്തിനിടെയാണ് ഇരട്ടി തുക പിഴയായി ഒടുക്കേണ്ടിവന്നത്. 

Also Read: IPL 2021 DC vs RR : സഞ്ജു സാംസൺ ശ്രമിച്ചിട്ടും രാജസ്ഥാന് ജയിക്കാൻ സാധിച്ചില്ല, റിഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസിന് ജയം

ടീമിലെ മറ്റ് അംഗങ്ങൾക്കും കനത്ത തുക പിഴയിട്ടിട്ടുണ്ട്. രാജസ്ഥാൻ റോയൽസിന്റെ പ്ലേയിങ് ഇലവനിലെ ബാക്കി 10 താരങ്ങളും ആറ് ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഇവരുടെ മാച്ച് ഫീയുടെ 25 ശതമാനം ആറ് ലക്ഷത്തിൽ കുറവാണെങ്കിൽ ആ തുക പിഴയായി അടച്ചാൽ മതി.

‘ഇന്ത്യൻ പ്രിമിയർ ലീഗ് 14–ാം സീസണിൽ രണ്ടാം തവണയാണ് രാജസ്ഥാൻ റോയൽസ് കുറഞ്ഞ ഓവർനിരക്കിന് പിടിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഐപിഎൽ നിയമപ്രകാരം ടീം നായകൻ സഞ്ജു സാംസണിൽനിന്ന് 24 ലക്ഷം രൂപ പിഴയായി ഈടാക്കും. ടീമിലെ മറ്റ് അംഗങ്ങളിൽനിന്ന് ആറു ലക്ഷം രൂപയോ, അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനമോ ഏതാണോ കുറവ് ആ തുകയും ഈടാക്കും’ – ഐപിഎൽ അധികൃതർ വ്യക്തമാക്കി.

Also Read: Delhi Capitals vs Rajasthan Royals: നിർണ്ണായക മുന്നേറ്റത്തിന് ഡൽഹിയും രാജസ്ഥാനും ഇന്ന് മത്സരത്തിനിറങ്ങും

സഞ്ജു സാംസൺ മാത്രം തിളങ്ങിയ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് രാജസ്ഥാൻ റോയൽസ് 33 റൺസിന് തോറ്റിരുന്നു. അനായാസ ജയം തേടിയിറങ്ങിയ രാജസ്ഥാൻ ഡൽഹി ബോളർമാർക്ക് മുന്നിൽ പതറി തോൽവിയിലേക്ക് വീഴുകയായിരുന്നു. സഞ്ജു സാംസൺ (53 പന്തുകളിൽ 70 റൺസ്) പുറത്താകാതെ നിന്നെങ്കിലും സഹതാരങ്ങളിൽനിന്ന് പിന്തുണ കിട്ടാത്തത് വലിയ തിരിച്ചടിയായി. വൻ തകർച്ചയിൽ നിന്ന് ഡൽഹിയെ കരകയറ്റിയ ശ്രേയസ് അയ്യരാണു (32 പന്തുകളിൽ 43) കളിയിലെ താരം. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് പവർപ്ലേയിൽ ശിഖർ ധവാനെയും (8) പൃഥ്വി ഷായെയും (10) നഷ്ടപ്പെട്ട് 2ന് 36 എന്ന നിലയിലായിരുന്നു. 3–ാം വിക്കറ്റിൽ ശ്രേയസ് (43) – ക്യാപ്റ്റൻ ഋഷഭ് പന്ത് (24) സഖ്യം 62 റൺസ് കൂട്ടിച്ചേർത്തു. 12–ാം ഓവറിൽ മുസ്തഫിസുർ റഹ്മാൻ പന്തിനെയും 14–ാം ഓവറിൽ രാഹുൽ തെവാത്തിയ ശ്രേയസിനെയും പുറത്താക്കിയെങ്കിലും 16 പന്തുകളിൽ 28 റൺസടിച്ച ഷിമ്രോൺ ഹെറ്റ്മയർ ഡൽഹിയെ മാന്യമായ സ്കോറിലേക്കു നയിച്ചു. സഞ്ജുവിന്റെ മനോഹര സ്റ്റംപിങ്ങിലാണു ശ്രേയസ് പുറത്തായത്. രാജസ്ഥാനായി മുസ്തഫിസുർ, ചേതൻ സക്കാരിയ എന്നിവർ 2 വിക്കറ്റ് വീതവും കാർത്തിക് ത്യാഗി, തെവാത്തിയ എന്നിവർ ഓരോ വിക്കറ്റ് വീതവുമെടുത്തു. 

മറുപടിക്കിറങ്ങിയ  രാജസ്ഥാന് ആൻറിക് നോർട്യയുടെ ആദ്യ ഓവറി‍ൽ (Over) ലിയാം ലിവിങ്സ്റ്റണിനെയും (1) ആവേശ് ഖാന്റെ അടുത്ത ഓവറിൽ യശസ്വി ജയ്‌സ്വാളിനെയും (5) നഷ്ടമായി. 5–ാം ഓവറിൽ ആർ.അശ്വിന്റെ പന്തിൽ ഡേവിഡ് മില്ലറും (7) പോയതോടെ പവർപ്ലേയിൽ (Powerplay) 3ന് 21 എന്ന ദയനീയ നിലയിലേക്ക് രാജസ്ഥാൻ വീണു. പിന്നീടായിരുന്നു സഞ്ജുവിന്റെ (Sanju Samson) വൺമാൻ ഷോ.‌ മഹിപാൽ ലോംറോർ (19) ഒഴികെ മറ്റാർക്കും സഞ്ജുവിന് പിന്തുണ നൽകാൻ കഴിഞ്ഞില്ല. ഡൽഹിക്ക് (Delhi Capitals) വേണ്ടി നോർട്യ രണ്ട് വിക്കറ്റും ആവേശ് ഖാൻ, കഗീസോ റബാദ, അക്ഷർ പട്ടേൽ, അശ്വി‍ൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News