തിരുവനന്തപുരം : രഞ്ജി ട്രോഫി ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിന് ആദ്യ ജയം. ബംഗാളിനെ 106 റൺസിനാണ് കേരളം തോൽപ്പിച്ചത്. ആദ്യ ഇന്നിങ്സിൽ ബംഗാളിനെതിരെ കൂറ്റൻ ലീഡ് നേടിയ കേരളം ഫോളോ ഓൺ ചെയ്യിപ്പിക്കാതെ രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് 449 റൺസ് എന്ന കുറ്റൻ വിജയലക്ഷ്യം കേരളം ബംഗാളിന് മുന്നിൽ നിരത്തി. രണ്ട് ഇന്നിങ്സിൽ നിന്നും 13 വിക്കറ്റുകൾ നേടിയ ജലജ് സക്സേനയാണ് കേരളത്തിന്റെ വിജയശിൽപി.
ടോസ് നേടിയ കേരളം ബംഗാളിനെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ പതറിയ കേരളം സച്ചിൻ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും സെഞ്ചുറികളുടെ മികവിലാണ് ബംഗാളിനെതിരെ ആദ്യ ഇന്നിങ്സ് 350ൽ അധികം റൺസെടുക്കാൻ സാധിച്ചത്. സച്ചിൻ ബേബി 124 റൺസും അക്ഷയ് 106 റൺസും നേടിയാണ് കേരളത്തെ ആദ്യ ഇന്നിങ്സിൽ രക്ഷപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ കേരളം 363 റൺസിന് പുറത്താകുകയായിരുന്നു. ബംഗാളിനായി ഷാഹ്ബാസ് അഹമ്മദ് നാലും അങ്കിത് മിശ്ര മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
അതേസമയം ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനറങ്ങിയ ബംഗാളിനെ ജലജ് സക്സേന കറക്കി വീഴുത്തുകയായിരുന്നു. ഒമ്പത് ബംഗാൾ ബാറ്റമാരെയാണ് സക്സേന ഡ്രെസ്സിങ് റൂമിലേക്ക് പറഞ്ഞയച്ചത്. ഓപ്പണർ അഭിമന്യു ഈശ്വരന്റെ അർധ സെഞ്ചുറി മികവിലാണ് ബംഗാൾ ആദ്യ ഇന്നിങ്സിൽ ഭേദപ്പെട്ട സ്കോർ നേടിയത്. 180 റൺസിനാണ് ബംഗാൾ ആദ്യ ഇന്നിങ്സിൽ പുറത്തായത്. എം ഡി നിതീഷാണ കേരളത്തിനായി മറ്റൊരു വിക്കറ്റ് നേടിയത്.
ആദ്യ ഇന്നിങ്സിൽ കൂറ്റൻ ലീഡ് കേരളം നേടിയെങ്കിലും സഞ്ജു ബംഗാളിനെ ഫോളോ ഓൺ ചെയ്യിപ്പിക്കാതെ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 265ന് ഡിക്ലെയർ ചെയ്ത കേരളം ബംഗളിനെതിരെ 449 റൺസ് വിജയലക്ഷ്യം ഉയർത്തുകയായിരുന്നു. കേരളത്തിനായി ഓപ്പണർ രോഹൻ കുന്നുമ്മെൽ, സച്ചിൻ ബേബി, ശ്രയസ് ഗോപാൽ എന്നിവർ രണ്ടാ ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയിരുന്നു.
449 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ബംഗാൾ സമനിലയ്ക്കായി പ്രതിരോധിച്ചെങ്കിലും അത് ഫലം കണ്ടില്ല. ആദ്യ ഇന്നിങ്സിലെ പോലെ അഭിമന്യു ഈശ്വരൻ അർധ സെഞ്ചുറി നേടിയെങ്കിലും മറ്റ് ബാറ്റർമാർക്ക് തുടക്കത്തിൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. പിന്നീട് ഷഹ്ബാസ് അഹമ്മദ് വാലറ്റത്ത് പൊരുതിയെങ്കിലും അത് കേരളത്തിന്റെ ജയത്തെ തടയാനായില്ല. 80 റൺസെടുത്ത അഹമ്മദിന് ബേസിൽ തമ്പി പുറത്താക്കിയതോടെ കേരളം സീസണിലെ ആദ്യ രഞ്ജി ജയം സ്വന്തമാക്കുകയായിരുന്നു.
രണ്ടാം ഇന്നിങ്സിലും വിക്കറ്റ് നേട്ടത്തിൽ സക്സേനയാണ് മുൻപന്തയിലുള്ളത്. നാല് വിക്കറ്റ് താരം നേടി. കൂടാതെ ശ്രെയസ് ഗോപാലും ബേസിൽ തമ്പിയും രണ്ട് വിക്കറ്റുകൾ വീതം നേടുകയും ചെയ്തു. ബേസിലാണ് മറ്റൊരു വിക്കറ്റ് നേടിയത്. ടൂർണമെന്റിൽ ഇനി ആന്ധ്ര പ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.