റഷ്യ ലോകകപ്പ്: ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികള്‍ തമ്മില്‍ ആദ്യ സെമിയില്‍ ഏറ്റുമുട്ടും. നാളത്തെ വിജയികള്‍ രണ്ടാം സെമിയിലും.

Last Updated : Jul 6, 2018, 12:19 PM IST
റഷ്യ ലോകകപ്പ്: ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

32 ടീമുകളുമായി തുടങ്ങിയ റഷ്യന്‍ ലോകകപ്പില്‍ ശേഷിക്കുന്നത് 8 ടീമുകള്‍ മാത്രം! ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്നും നാളെയുമായി നടക്കും. ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികള്‍ തമ്മില്‍ ആദ്യ സെമിയില്‍ ഏറ്റുമുട്ടും. നാളത്തെ വിജയികള്‍ രണ്ടാം സെമിയിലും.

ഫ്രാന്‍സ്- ഉറുഗ്വേ രാത്രി 7.30

ഈ ലോകകപ്പില്‍ പല പ്രബല ശക്തികളും പുറത്താകുന്ന കാഴ്ചകളാണ് കാണാന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെ നിലവില്‍ കിരീടമണിയാന്‍ സാദ്ധ്യത കല്‍പ്പിക്കുന്ന ടീമാണ് ഫ്രാന്‍സിന്റേത്. ഇന്നുരാത്രി 7.30ന് നിഴ്നി നോവ്ഗൊറോദ് സ്റ്റേഡിയത്തില്‍ ഫ്രഞ്ച് പടയും ഉറുഗ്വേന്‍ നിരയും ഏറ്റുമുട്ടും.

ഗ്രൂപ്പ് റൗണ്ടില്‍ പെറുവിനേയും ആസ്ട്രേലിയയേയും ഫ്രാന്‍സ് തോല്‍പ്പിച്ചിരുന്നെങ്കിലും ഡെന്മാര്‍ക്കിനോട് സമനില വഴങ്ങേണ്ടി വന്നു. പ്രീ-ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയെ 4-3ന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുന്നത്.

ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും ജയിച്ച ടീമാണ് ഉറുഗ്വേ. ആദ്യ റൗണ്ടില്‍ ഈജിപ്ത്, റഷ്യ, സൗദി എന്നിവര്‍ക്കെതിരേ ജയിച്ച ഉറുഗ്വേ, പ്രീ-ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ക്വാര്‍ട്ടറിലേക്ക് എത്തുന്നത്.

ബല്‍ജിയം- ബ്രസീല്‍ രാത്രി 11.30

ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലാണ് ഇന്നുരാത്രി 11.30 മുതല്‍ കസാനില്‍ അരങ്ങേറുന്നത്. കിരീട സാദ്ധ്യത കല്‍പ്പിക്കപ്പെട്ട രണ്ട് ടീമുകള്‍, ബ്രസീലും ബല്‍ജിയവും. ഇവരില്‍ ആരാകും സെമിയിലെത്തുകയെന്നറിയാന്‍ നമുക്ക് കാത്തിരിക്കാം.

റഷ്യന്‍ ഫുട്ബോളിലെ കറുത്ത കുതിരകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരാണ് ബല്‍ജിയം. ഫിഫ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരായ ഇവര്‍ ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും മിന്നും ജയമാണ് നേടിയത്. പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ ജപ്പാനെതിരെ രണ്ട് ഗോള്‍ ഒപ്പം നിന്നെങ്കിലും അവസാന നിമിഷം വിജയിച്ചു.

ലോകകപ്പില്‍ ആറാം കിരീടം തേടിയിറങ്ങുന്ന ബ്രസീലിന്‍റെ ഏറ്റവും കടുത്ത പരീക്ഷണമായിരിക്കും ഇന്നുനടക്കുന്ന മത്സരം. ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് സമനില വഴങ്ങിയെങ്കിലും പിന്നീടുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാണ് ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് എത്തുന്നത്.

Trending News