തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായേക്കുമെന്ന് സൂചന.
ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ്ജാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.
പ്ലെയി൦ഗ് ഇലവനെ തിരഞ്ഞെടുക്കുന്നതില്‍ അവസാന വാക്ക് കോച്ച് രവി ശാസ്ത്രിയുടേയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടേതുമാണ്. മികച്ച പ്രകടനം പുറത്തെടുത്താണ് സഞ്ജു ടീമില്‍ എത്തിയിരിക്കുന്നത്. ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. ഓപ്പണര്‍ ശിഖര്‍ ധവന് പരിക്കേറ്റതിനാല്‍ ടീമിലെത്തിയ സഞ്ജുവിന് അതേ സ്ഥാനം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും ജയേഷ് ജോര്‍ജ്ജ് പറഞ്ഞു.
കേരളത്തിനു വേണ്ടിയും ഐ.പി.എല്ലില്‍ രാജസ്ഥാന്‍, ഡല്‍ഹി ടീമുകള്‍ക്കു വേണ്ടിയും സഞ്ജു ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും ഇത് അന്തിമ ഇലവന്‍ തിരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടുമെന്നാണു കരുതുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, വിക്കറ്റ് കീപ്പര്‍ എന്നുള്ള അധിക യോഗ്യതയും സഞ്ജുവിനുണ്ടെന്നും ജയേഷ് പറഞ്ഞു.
ഏതു പൊസിഷനിലും കളിക്കാന്‍ തയാറാണെന്നു സഞ്ജു നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
ബംഗ്ലദേശിനെതിരായ പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.
പരമ്പരയിലെ ആദ്യ മത്സരം നാളെ ഹൈദരാബാദില്‍ നടക്കും. രണ്ടാം മത്സരം 8നു തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തിലാണ്.
രണ്ടാം മത്സരത്തിന്‍റെ 85% ടിക്കറ്റുകളും വിറ്റഴിഞ്ഞതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.