ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം വിതറിയ t20 പൂരം, പൊടിപൂരമായി മാറാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളു. സൂപ്പര്‍ 12 പോരാട്ടം അവസാന ഘട്ടത്തിലാണ്. എന്നാൽ ആരൊക്കെ സെമി കളിക്കുമെന്ന കാര്യത്തിൽ വ്യക്തത വരാനുമുണ്ട്. ഗ്രൂപ്പ് 1ലും 2ലും അതിശക്തമായ ഗംഭീര പോരാട്ടം. ടീമുകള്‍ തമ്മിലുള്ള പോയിന്റുകളില്‍ വലിയ വ്യത്യാസമില്ല. അതിനാൽ ഏതൊക്കെ ടീമുകൾ സെമിയിലേക്കെത്തുമെന്നതും പ്രവചനാതീതം. ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് രണ്ടില്‍ നിന്ന് ആരൊക്കെയാകും സെമി ഉറപ്പിക്കുക?.
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാർ ഇന്ത്യ തന്നെയാണ്. നാല് മത്സരത്തില്‍ നിന്ന് 3 ജയവും 1 തോല്‍വിയുമടക്കം 6 പോയിന്റാണുള്ളത്. 4 മത്സരത്തില്‍ നിന്ന് 2 ജയവും 1 തോല്‍വിയുമടക്കം 5 പോയിന്റുമായി ദക്ഷിണാഫ്രിക്ക തൊട്ടടുത്തുണ്ട്. മൂന്നാം സ്ഥാനത്ത് 4 മത്സരത്തില്‍ നിന്ന് 2 വീതം ജയവും തോല്‍വിയുമായി പാകിസ്താന്‍ . അതുപോലെ ബംഗ്ലാദേശും 4 മത്സരത്തില്‍ നിന്ന് 2 വീതം ജയവും തോല്‍വിയുമായി നാലാം സ്ഥാനത്ത്. ഇവരിൽ സെമി കളിക്കാൻ പോകുന്ന 2 പേർ ആരൊക്കെയാകും?
ഇന്ത്യയുടെ സെമിയിലേക്കുള്ള വഴി
നിലവില്‍ സെമിക്ക് സമീപത്താണ് ഇന്ത്യയുള്ളത്. പാകിസ്താനെയും നെതര്‍ലന്‍ഡ്‌സിനെയും തകർത്ത ഇന്ത്യക്ക് പക്ഷേ മൂന്നാം മത്സരത്തിൽ പതറി. ദക്ഷിണാഫ്രിക്കയോട് തോല്‍ക്കേണ്ടി വന്നെങ്കിലും അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് തിരിച്ചെത്തിയത്.. ഇനി ആറാം തീയതി നടക്കുന്ന അവസാന മത്സരത്തിലെ എതിരാളികൾ സിംബാവെ . ഇതിൽ ജയിച്ച് സെമിയിലെത്താനാണ് ഇന്ത്യൻ ശ്രമം. അന്ന് മഴമൂലം മത്സരം റദ്ദാക്കി പോയിന്റ് പങ്കിട്ടാലും ഇന്ത്യക്ക് സെമിയിലെത്താം . അതേസമയം , ഇന്ത്യ , സിംബാബ് വെയോട് തോറ്റാല്‍ മറ്റ് മത്സരഫലങ്ങളെ ആശ്രയിക്കേണ്ടിവരും. പാകിസ്താന്റെയും ദക്ഷിണാഫ്രിക്കയുടെയും അവസാന മത്സര ഫലം ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് നിര്‍ണ്ണായകമാവും.
പാകിസ്താന്റെ സെമി മോഹം
സെമി സാധ്യതകള്‍ പൂര്‍ണ്ണമായും അവസാനിച്ചിട്ടില്ലാത്ത ടീമുകളിൽ ഒന്നാണ് പാകിസ്താൻ . ആദ്യമത്സരത്തിലെ ഇന്ത്യയോടുള്ള തോൽവി. അടുത്ത മത്സരത്തിലെ സിംബാവെയോടുള്ള തോൽവി. ഇതാണ് ടൂർണമെന്റിൽ പാകിസ്താന് തിരിച്ചടിയായത്. എന്നാൽ നെതര്‍ലന്‍ഡ്‌സിനെയും കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയേയും പരാജയപ്പെടുത്തിയത് പാകിസ്താന് പ്രതീക്ഷകൾ നൽകുന്നുണ്ട്. അവസാന മത്സരത്തില്‍ എതിരാളികള്‍ ബംഗ്ലാദേശാണ് . ഇതില്‍ പാകിസ്താന് ബംഗ്ലാദേശിനെതിരേ നല്ല മാർജിനിൽ വമ്പൻ ജയം നേടേണ്ടതായുണ്ട്. അത് മാത്രം പോര, ഇന്ത്യ അവസാന മത്സരം തോല്‍ക്കുകയും പാകിസ്താന്‍ ജയിക്കുകയും ചെയ്താലേ നെറ്റ് റണ്‍റേറ്റ് കണക്കാക്കി സെമി പ്രവേശനം തീരുമാനിക്കാൻ കഴിയൂ. അതിനാൽ ബംഗ്ലാദേശിനെതിരേ വലിയ ജയം നേടുകയാണ് പാക് ലക്ഷ്യം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും അവസാന മത്സരങ്ങൾ തോല്‍ക്കാതിരുന്നാല്‍ പാകിസ്താന്‍ സെമി കാണാതെ പുറത്താവും.
ദക്ഷിണാഫ്രിക്കയും സെമിക്ക് സമീപം
ഗ്രൂപ്പ് രണ്ടിൽ മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളിൽ മുൻപന്തിയിലാണ് ദക്ഷിണാഫ്രിക്ക. 4 മത്സരത്തില്‍ നിന്ന് 5 പോയിന്റുണ്ട് ദക്ഷിണാഫ്രിക്കക്ക്. അവസാന മത്സരത്തിൽ നെതര്‍ലന്‍ഡ്‌സിനെതിരെ അനായാസ ജയമാണ് ദക്ഷിണാഫ്രിക്ക കണക്കുകൂട്ടുന്നത്. വിജയം അനിവാര്യമായ മത്സരത്തിൽ മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ 5 മത്സരത്തില്‍ 6 പോയിന്റാവും ദക്ഷിണാഫ്രിക്കയ്ക്ക് ലഭിക്കുക. അങ്ങനെ സംഭവിച്ചാൽ, പാകിസ്താന്‍ അവസാന മത്സരം ജയിക്കുകയാണെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്കത് അത് കടുത്ത പ്രഹരമാകും. അതിനാൽ അവസാന മത്സരത്തില്‍ ജയിക്കേണ്ടത് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് നിര്‍ണ്ണായകം. പാകിസ്താനെ തകർത്ത് സെമി പ്രവേശനം ഉറപ്പിക്കാമെന്ന ദക്ഷിണാഫ്രിക്കൻ മോഹമാണ് കഴിഞ്ഞ ദിവസം സിഡ്നിയിൽ തകർന്നത്.
സെമി കാണാനാകാത്തവർ
ഗ്രൂപ്പ് 2ല്‍ ബംഗ്ലാദേശ്, സിംബാവെ, നെതര്‍ലന്‍ഡ്‌സ് ഇവരൊന്നും സെമി കാണില്ലെന്ന് ഉറപ്പാണെങ്കിലും സെമി സ്വപ്നം കാണുന്നവരുടെ ഉറക്കം കെടുത്താൻ ഇവർക്ക് സാധിക്കും.
ബംഗ്ലാദേശ് പാകിസ്താനെതിരേ ഗംഭീര പോരാട്ടം പുറത്തെടുത്താൽ പാകിസ്താന്റെ സെമി പ്രതീക്ഷ അസ്തമിക്കും. ഇന്ത്യയുടെ അവസാന മത്സരം സിംബാവെയുമായാണ് . പാകിസ്താനെ നാടകീയമായി അട്ടിമറിച്ച സിംബാവെയെ വിലകുറച്ച് കാണാൻ ഇന്ത്യക്ക് സാധിക്കില്ല. പട്ടികയിൽ ആറാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്‌സിന് ദക്ഷിണാഫ്രിക്കയുടെ സെമി പ്രവേശനം തടയാനാകുമോ എന്നതും ക്രിക്കറ്റ് ലോകം ഉറ്റുനോക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...