ഫുട്ബോൾ മാമാങ്കം തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഫ്രഞ്ച് ടീമിന്റെ കരുത്തൻ പോരാളി പോൾ പോഗ്ബ ഫിഫ ലോകകപ്പിൽ നിന്ന് പിന്മാറി. കാൽമുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ പോഗ്ബയ്ക്ക് ആരോഗ്യം വീണ്ടെടുക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് പോൾ പോഗ്ബ ഫിഫ ലോകകപ്പിൽ നിന്നും പിന്മാറുന്നത്. ഫ്രഞ്ച് താരം എൻ'ഗോലോ കാന്റെയും കാലിന് പരിക്കു പറ്റിയതിനു പിന്നാലെ ലോകകപ്പിൽ നിന്നും പിന്മാറിയിരുന്നു. 2018 ലെ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചവരാണ് ഇരുവരും. ഫ്രാൻസിനെ ച്യാമ്പ്യൻമാരാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്ന ഒരാളായിരുന്നു പോഗ്ബ. ക്രൊയേഷ്യക്കെതിരെ ഫൈനലിൽ ഗോളും നേടിയിരുന്നു. നിലവിൽ ഇറ്റാലിയൻ ലീഗ് ക്ലബ് യുവന്റസിന്റെ ഭാഗമായ പോഗ്ബ കളത്തിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നിർബന്ധമായും വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹം കളം വിടുന്നത്.
മാർച്ചിൽ ദക്ഷിണാഫ്രിക്കയുമായുള്ള സൗഹൃദ മത്സരത്തിലാണ് ഫ്രാൻസിന് വേണ്ടി അവസാനമായി അദ്ദേഹം കളിച്ചത്. മേയിലാണ് പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് യുവന്റസിൽ ചേരുന്നത്. കഴിഞ്ഞ ജൂലൈയിലായിരുന്നു അദ്ദഹത്തിന്റെ വലത് കാൽ മുട്ടിന് പരിക്കേറ്റത്. ശസ്ത്രക്രിയ വേണ്ടെന്നും വിശ്രമം കൊണ്ട് ഭേദമാകുമെന്നായിരുന്നുപ പ്രതീക്ഷ. എന്നാൽ കഴിഞ്ഞ മാസം ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവന്നു. രണ്ട് ആഴ്ച്ചയ്ക്ക് മുൻപ് വീണ്ടും പരിശീലനത്തിന് ഇറങ്ങിയെങ്കിലും കളിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പിന്മാറ്റം. ഈ സീസണിൽ അദ്ദേഹത്തിന് ഒരു മിനിറ്റ് പോലും കളത്തിലിറങ്ങാൻ സാധിച്ചിട്ടില്ല.
സീസണിന് മുന്നോടിയായി ഉള്ള സന്നാഹ മത്സരത്തിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്. പോഗ്ബയ്ക്ക് ലോകകപ്പിൽ കളിക്കാനാകില്ലെന്ന് യുവന്റസ് പരിശീലകനായ മാസിമില്ലാനോ അലഗ്രയും വ്യക്തമാക്കി. ലോകകപ്പിൽ നവംബർ 22 നാണ് ഫ്രാൻസിന്റെ ആദ്യ മത്സരം. ഓസ്ട്രേലിയ ആണ് എതിരാളികൾ. പോഗ്ബയും കാന്റെയും കളിക്കാത്ത സാഹചര്യത്തിൽ യുവതാരങ്ങളായ ഒറിലിയെൻ ചുവമേനിയും അഡ്രിയൻ റാബിയട്ടുമാണ് ഫ്രഞ്ച് മധ്യനിരയിൽ കളിക്കുക. അതിനിടെ ബെൽജിയത്തിന്റെ മുന്നേറ്റ താരമായ റൊമേലോ ലൂക്കാക്കുവും ലോകകപ്പിൽ ബൂട്ടണിയുന്ന കാര്യം സംശയത്തിലാണ്. ഇറ്റാലിയൻ ലീഗിൽ ഇന്റർമിലാനു വേണ്ടി കളിക്കുന്നതിനിടെയാണ് ലൂക്കാക്കുവിന് പരിക്കേറ്റത്.
പോഗ്ബ ഒരു അസാധ്യ കളിക്കാരനായിരുന്നു. സെൻട്രൽ മിഡ്ഫീൽഡറായും ലെഫ്റ്റ് വിംഗറായും അറ്റാക്കിങ് മിഡ്ഫീൽഡറായും ഡീപ്-ലൈയിംഗ് പ്ലേമേക്കറായും ഡിഫൻസീവ് മിഡ്ഫീൽഡറായും ഒരേസമയം മാറാൻ ശേഷിയുള്ള അസാധ്യ പ്രതിഭ! 2018 ലോകകപ്പ് വിജയത്തിൽ ഫ്രാൻസിന്റെ ഏറ്റവും നിർണായക കളിക്കാരിലൊരാളായിരുന്നു പോഗ്ബ. ലോകകപ്പ് ഫൈനലിൽ ഗ്രൂപ്പ് ഡിയിൽ ഓസ്‌ട്രേലിയ, ഡെന്മാർക്ക് , ടുണീഷ്യ എന്നിവരെയാണ് ഫ്രാൻസ് നേരിടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...